കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി. കേസിൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രാവിലെ പതിനൊന്നിന് കാസർകോട് ഗസ്റ്റ് ഹൗസിൽ എത്തിയാണ് സുരേന്ദ്രൻ ഹാജരായത്.
നാമനിർദേശ പത്രിക പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നൽകുകയും ചെയ്തെന്നാണ് കേസ്. മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
തനിക്ക് രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽ ഫോണും ലഭിച്ചെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സുന്ദരയിൽ നിന്ന് രണ്ട് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. സുന്ദരയ്ക്ക് ലഭിച്ച മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
നിലവിൽ സുരേന്ദ്രൻ മാത്രമാണ് കേസിലെ ഏക പ്രതി. ഐ പി സി 171 B, E വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |