ന്യൂഡൽഹി: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നീട്ടിവച്ചിരുന്ന പ്ളസ് വൺ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നീട്ടിവയ്‌ക്കണമെന്ന കുട്ടികളുടെ ഹർജിയിലാണ് സർക്കാരിന് അനുകൂലമായി കോടതി വിധി വന്നത്. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്‌തികരമാണ്. ഓഫ് ലൈൻ പരീക്ഷ നടത്താം.എന്നാൽ എല്ലാവിധ മുൻകരുതലും സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പരീക്ഷയ്‌ക്കായി പുതിയ ടൈംടേബിൾ തയ്യാറാക്കുമെന്നും എല്ലാ സ്കൂളുകളും അണുനശീകരണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പരീക്ഷയ്‌ക്കുളള ചോദ്യപേപ്പറുകൾ നേരത്തെതന്നെ സ്‌കൂളുകളിൽ എത്തിച്ചതായും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിനെതിരെ ചിലർ കുപ്രചരണം നടത്തിയതായും മന്ത്രി പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തണമെന്നാണ് ജസ്‌റ്റിസ് എ.എം ഖാൻവീൽക്കർ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്. ഒക്ടോബറിൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകും മുൻപ് പരീക്ഷ പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയിൽ ഉറപ്പ് നൽകി. ഇത് മുഖവിലയ്‌ക്കെടുത്താണ് ഓഫ് ലൈൻ പരീക്ഷയ്‌ക്കെതിരായ ഹർജകൾ കോടതി തളളിയത്.
പ്ളസ് വൺ പരീക്ഷയുടെ മാർക്ക് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ പ്ളസ്‌ടു പരീക്ഷാ മാർക്കിനൊപ്പം പരിഗണിക്കുന്നുണ്ട്. ഫലംവന്ന പ്ളസ് ടു പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് വിജയിക്കാൻ പ്ളസ് ടു, പ്ളസ് വൺ പരീക്ഷ വിജയിക്കേണ്ടതുണ്ട്. ഓഫ് ലൈൻ ആയി ഈ പരീക്ഷ നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാർത്ഥികൾക്ക് വലിയ നഷ്‌ടമുണ്ടാകുമെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു.
ഏപ്രിലിൽ എസ്‌എസ്‌എൽസി, പ്ളസ് ടു പരീക്ഷ കൊവിഡ് ചട്ടം പാലിച്ച് സർക്കാർ നടത്തി, ജൂലായിൽ സാങ്കേതിക സർവകലാശാലയിലെ ബിടെക് പരീക്ഷ ഇത്തരത്തിൽ നടത്തി. അന്ന് ഒരു ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഈ മാസംനടത്തിയ ജെഇഇ മെയിൻ പരീക്ഷയ്‌ക്ക് ഏഴ് ലക്ഷത്തോളം കുട്ടികളാണ് ഓഫ് ലെയിനായി പരീക്ഷയെഴുതിയത്. ഇതുപോലെ പ്ളസ് വൺ പരീക്ഷയും കൊവിഡ് ചട്ടങ്ങൾ പൂർണമായും പാലിച്ച് നടത്താമെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |