ബോഡിഷെയ്മിങ്ങിനെതിരെ ശക്തമായി ശബ്ദം ഉയർത്തുന്ന അഭിനേത്രിയാണ് സമീറ റെഡ്ഡി. സമീറ തന്റെ നരച്ച മുടിയും തടിച്ച ശരീര പ്രകൃതിയുമെല്ലാം ഒരു മേക്കപ്പും കൂടാതെ വെളിപ്പെടുത്തിയത് ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന താരം സ്ത്രീകൾ നേരിടുന്ന ബോഡി ഷെയമിങ്ങിനെ കുറിച്ചും തന്റെ പോസ്റ്റുകളിലൂടെ പറയാറുണ്ട്. ഇപ്പോഴിതാ തന്റെ വെളുത്തതലമുടിയെ കുറിച്ചും അവ കറുപ്പിക്കാൻ അച്ഛൻ പറഞ്ഞപ്പോൾ താൻ നൽകിയ മറുപടിയെ കുറിച്ചുമൊക്കെ പറയുകയാണ് സമീറ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്.
എന്തുകൊണ്ടാണ് വെളുത്ത തലമുടി താൻ കറുപ്പിക്കാത്തത് എന്നായിരുന്നു അച്ഛന്റെ ചോദ്യമെന്ന് സമീറ പറയുന്നു.ആളുകൾ തന്നെ വിലയിരുത്തില്ലേ എന്നായിരുന്നു അച്ഛന്റെ ഭയം. അവർ അങ്ങനെ വിലയിരുത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും ഇനിയും താൻ മുമ്പത്തെപ്പോലെ രൂപത്തിനെക്കുറിച്ചോർത്ത് ആധിയാവാനില്ലെന്നുമാണ് സമീറ മറുപടി നൽകിയത്. മുമ്പ് താൻ രണ്ടാഴ്ച കൂടുമ്പോഴൊക്കെ മുടി കളർ ചെയ്യുമായിരുന്നു. തനിക്ക് എപ്പോൾ കളർ ചെയ്യണമെന്ന് തോന്നുന്നോ അപ്പോൾ മാത്രമേ ചെയ്യാറുള്ളെന്നും താരം പറയുന്നു.ബോളിവുഡിനൊപ്പം ഒട്ടേറെ തെന്നിന്ത്യൻ സിനിമകളിലും നായികയായിട്ടുള്ള സമീറ റെഡ്ഡി മലയാളത്തിൽ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ഒരു നാൾ വരും എന്ന മോഹൻലാൽ ചിത്രത്തിലെയും നായികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |