പാലക്കാട്: ഇരുപത് വർഷങ്ങൾക്ക് ശേഷം ശ്രീദേവിയെ കാണാൻ സുരേഷ് ഗോപിയെത്തി. വർഷങ്ങൾക്കു മുൻപ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട ശ്രീദേവിയെ കുറിച്ച് സുരേഷ് ഗോപി അറിയുന്നത്.
പ്രസവിച്ചയുടൻ ശ്രീദേവിയെ അമ്മ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനിൽ എത്തിച്ചേർന്ന ഏഴുവയസുകാരിയ്ക്ക് സുരേഷ് ഗോപി അന്ന് താങ്ങും തണലുമായി. ഇന്നവൾ ഫാൻസി സ്റ്റോർ നടത്തുന്ന സതീഷിന്റെ ഭാര്യയാണ്, നാല് വയസുകാരി ശിവാനിയുടെ അമ്മയും.
പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി പാലക്കാടെത്തിയത്. അന്ന് താൻ രക്ഷപ്പെടുത്തിയ കുട്ടി കാവശ്ശേരിയിൽ ഉണ്ടെന്നറിഞ്ഞപ്പോൾ പലഹാരങ്ങളുടെ ഒരു പൊതിയുമായി അവളുടെയടുത്തേക്ക് എത്തുകയായിരുന്നു. ഫാൻസി സ്റ്റോറിന് പിറകിലെ കുടുസുമുറിയിലാണ് ശ്രീദേവിയും കുടുംബവും താമസിക്കുന്നത്. എല്ലാവിധ സഹായങ്ങളും നൽകുമെന്ന വാഗ്ദ്ധാനം നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.