SignIn
Kerala Kaumudi Online
Saturday, 27 July 2024 7.59 AM IST

'പുറത്തു പറയാമോ എന്നറിയില്ല, അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം

suresh-gopi-

ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ തൊഴുതാണ് തൃശൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി ചേർപ്പ് നിയാേജക മണ്ഡലത്തിലെ ഗ്രാമാന്തരങ്ങളിലൂടെ പര്യടനം തുടങ്ങിയത്. വെട്ടുകാടും ചെന്നായ്പ്പാറയിലും മുല്ലക്കരയിലുമെല്ലാം കാത്തുനിന്നത് കുട്ടികളും വൃദ്ധരും സ്ത്രീകളും അടക്കം ആയിരങ്ങൾ.

തുറന്ന വാഹനത്തിൽ തോളത്തൊരു ഷാളുമിട്ട് അദ്ദേഹം എല്ലാവരോടും കെെവീശിക്കാട്ടി, ജനം തിരിച്ചും. പര്യടനത്തിന്റെ ഇടവേളയിൽ തൃശൂർ നഗരത്തിലെത്തിയപ്പോൾ, പ്രചാരണത്തിന്റെ അവസാനഘട്ടത്തെക്കുറിച്ച് കേരളകൗമുദിയുമായി അനുഭവങ്ങൾ പങ്കുവെച്ചു.

 ജനങ്ങളുടെ പ്രതികരണം?

ഉൾനാടൻ ഗ്രാമങ്ങളിലൂടെ തുറന്ന വാഹനത്തിൽ പ്രചാരണം തുടങ്ങിയപ്പോൾ വലിയൊരു അനുഭവമായിരുന്നു. എല്ലാ വീടുകളിൽ നിന്നും ജനങ്ങൾ കെെവീശിക്കാണിക്കുന്നു. അതൊരു 'തംസപ്പ്" ആയാണ് ഞാൻ കാണുന്നത്.


കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടായിരുന്നു തൃശൂരിൽ പ്രചാരണ പ്രവർത്തനം നടത്തിയത്. പക്ഷേ, ഇപ്പോൾ അതിലേറെ ദിവസങ്ങളായി. ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും ജനങ്ങൾ നൽകുന്ന ഊർജം പറഞ്ഞറിയിക്കാനാവില്ല. കഴിഞ്ഞ തവണ ഞാൻ തോറ്റതല്ല; തോൽപ്പിച്ചതാണ്. ജനാധിപത്യ ധ്വംസനം ചെയ്തതാണ്. അതിന് ഇപ്പോഴും അവർ ശ്രമിക്കുന്നുണ്ട്.

 പ്രധാനമന്ത്രി ഒടുവിൽ കുന്നംകുളത്തെത്തിയപ്പോൾ നടത്തിയ പ്രസംഗം വലിയ ചർച്ചയായല്ലോ...

പ്രധാനമന്ത്രി നൽകിയ മാനസിക ഊർജം എനിക്കു മാത്രമല്ല, കേരളത്തിനാകെയുള്ളതാണ്. കേരളം മുഴുവൻ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി കേരളത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾക്കെല്ലാം എനർജി നൽകി. പ്രധാനപ്പെട്ട കാര്യം കരുവന്നൂരിലെ തട്ടിപ്പുകാരെ വെറുതെ വിടില്ല എന്ന പ്രഖ്യാപനമാണ്. അദ്ദേഹം നൽകിയത് വലിയൊരു താക്കീതാണ്. സാമ്പത്തിക കൊലപാതകമാണ് കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്നത്. 2016-ൽ തന്നെ ഈ തട്ടിപ്പുകാർ കുടുങ്ങേണ്ടതായിരുന്നു. പിന്നെ, വന്ദേഭാരത്, മെട്രോ വിപുലീകരണം... അങ്ങനെ പലതും അദ്ദേഹം പറഞ്ഞു.

ഇവിടെ കുടിവെള്ളം വിതരണം ചെയ്യാൻ പെെപ്പ് ഇടാൻ പോലും തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതികളെല്ലാം പൊക്കിക്കൊണ്ടുവരുമെന്ന് പറഞ്ഞതിനൊപ്പം എല്ലാ വീട്ടിലും വെള്ളം എത്തിക്കുമെന്ന ഉറപ്പും നൽകിയാണ് അദ്ദേഹം മടങ്ങിയത്. ഇതാണ് ജനതയ്ക്കു വേണ്ടത്. പിണറായിയുടെ നെഞ്ചത്തു കയറിയാണ് പ്രധാനമന്ത്രി ഇതെല്ലാം പറഞ്ഞതെന്ന് ഓർക്കണം. വോട്ടർമാരിൽ മറ്റൊരു 'മെെൻഡ് സെറ്റ്" അദ്ദേഹം സൃഷ്ടിച്ചു.

ആ വോട്ടർമാരിൽ ബഹുഭൂരിപക്ഷം വരുന്ന കമ്മ്യൂണിസ്റ്റുകാരുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്നവർ നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി നൽകണമെന്ന് ചിന്തിക്കാൻ തുടങ്ങി.

ഒട്ടും പൊളിവചനമില്ലാതെ, ദുരാരോപണങ്ങളില്ലാതെ സത്യസന്ധതയ്ക്ക് ഊന്നൽ കൊടുത്തുള്ള പ്രചാരണമാണ് എൻ.ഡി.എ നടത്തുന്നത്. വെറുതെ വോട്ട് ചോദിച്ചുപോകുകയല്ല. അതുകൊണ്ട് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരോടും ഗുരുവായൂരപ്പനോടും മൂകാംബികാ ദേവിയോടുമെല്ലാം ഞാൻ പ്രാർത്ഥിക്കുന്നത്,​ ഒരു വലിയ വിജയം സംഭവിക്കാനാണ്.

 തൃശൂരിലെ വിജയത്തെക്കുറിച്ച് പ്രവർത്തകരോട് മോദി ചോദിച്ചറിഞ്ഞതായി വാർത്തയുണ്ടായിരുന്നു...
ഇതെല്ലാം പുറത്തു പറയാമോ എന്നറിയില്ല. അദ്ദേഹം എന്റെ തോളത്തു കൈവച്ച് സംസാരിച്ചു. അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം അത്തരം പ്രതികരണം നടത്തിയത്. വേദിയിൽ വച്ച് അദ്ദേഹം സംസാരിച്ചതും ലിപ് റീഡിംഗിലൂടെ നിങ്ങൾ മനസിലാക്കികൊള്ളൂ. അല്ലെങ്കിൽ ഹാർട്ട് റീഡിംഗിലൂടെയുമാകാം (ചിരിക്കുന്നു).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESH GOPI, THRISSUR, LOKSABHA POLL 2024
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.