SignIn
Kerala Kaumudi Online
Tuesday, 19 October 2021 7.18 AM IST

കൂടത്തിൽ കേസ് : ജയമാധവന്റെ ചികിത്സാരേഖകളും വസ്ത്രങ്ങളും കത്തിച്ചവരും കുടുങ്ങും

koodam

തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പ് ആരോപണവും ദുരൂഹ മരണങ്ങളുമായും ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ,​ ജയമാധവൻ നായരുടെ മരണശേഷം ചികിത്സാ രേഖകളും വസ്ത്രങ്ങളും കത്തിച്ചുകളഞ്ഞതായി പൊലീസിന് നിർണായക വിവരം ലഭിച്ചു. തലയ്ക്കും മുഖത്തുമേറ്റ ക്ഷതത്തെ തുടർന്നുണ്ടായ ജയമാധവന്റെ മരണം സംശയാസ്പദമായി തുടരവേ കൂടത്തിൽ തറവാടുമായി അടുപ്പമുള്ള ചിലരുടെ മൊഴിയിൽ നിന്നാണ് അന്വേഷണ സംഘത്തിന് ഇതേപ്പറ്റി സൂചന ലഭിച്ചത്. കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മൊഴിയിലും ജയമാധവന്റെ ചികിത്സാ രേഖകൾ കത്തിച്ചുകളഞ്ഞതായി പറഞ്ഞിരുന്നു. ഇതുമാത്രമല്ല, ജയമാധവന്റെ മരണശേഷം വസ്ത്രങ്ങളും കിടക്കവിരികളുമുൾപ്പെടെയുള്ളവ കത്തിച്ചുകളഞ്ഞു എന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നത്.

ജയമാധവന്റെ മരണവിവരമറിഞ്ഞ് കൂടത്തിൽ വീട്ടിൽ അന്ന് വൈകുന്നേരമെത്തിയവരിൽ ചിലരാണ് അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. 2017 ഏപ്രിൽ 2നാണ് ജയമാധവനെ കൂടത്തിൽ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കാര്യസ്ഥനായ രവീന്ദ്രൻനായർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കും നെറ്റിയിലും പരിക്ക് പറ്റിയ നിലയിലായിരുന്നെങ്കിലും ഇതുസംബന്ധിച്ച് കരമന പൊലീസെടുത്ത മൊഴിയിലോ മഹസറിലോ ശരീരത്തിലെ മുറിവുകളിൽ നിന്ന് രക്തം വാർന്നിരുന്നതായോ മുറിയിൽ രക്തത്തിൽ കുളിച്ച് കിടന്നതായോ പരാമർശങ്ങളില്ല. കൂടത്തിൽ വീട്ടിലെ ഹാളിൽ വാതിലിന്റെ കട്ടിളപ്പടിയോട് ചേ‌ർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജയമാധവൻ നായരെ കാണപ്പെട്ടതെന്നാണ് കേസിൽ ആദ്യം മൊഴി നൽകിയ രവീന്ദ്രൻനായർ വെളിപ്പെടുത്തിയിട്ടുള്ളത്. ഏറെനാളായി അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്ന ജയമാധവൻനായർ നഗരത്തിലെ ഒരു മനോരോഗ വിദഗ്ദ്ധന്റെ ചികിത്സയിലായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.

ആശുപത്രിയിലെത്തും മുമ്പ് മരിച്ച ജയമാധവന്റെ പരിക്കുകളിൽ സംശയം തോന്നിയാണ് ഡോക്ടർ പോസ്റ്റുമോർട്ടത്തിന് നിർദ്ദേശിച്ചത്. പോസ്റ്റുമോ‌ർട്ടത്തിനുശേഷം മൃതദേഹം വിട്ടുകൊടുത്ത പൊലീസ് അന്ന് കൂടത്തിൽ വീട്ടിലെത്തി മുറികളോ പരിസരമോ പരിശോധിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്ന ആക്ഷേപം ഇപ്പോഴുയരുന്നുണ്ട്. മൃതദേഹത്തിൽ കാണപ്പെട്ട മുറിവുകളുടെ സ്വഭാവമോ മുറിവുകളുണ്ടാകാനുള്ള സാദ്ധ്യതകളോ പരിഗണിച്ചില്ല. ദുരൂഹ മരണങ്ങളിൽ സാധാരണ ചെയ്യാറുള്ളതുപോലെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറെ കണ്ട് ചോദിക്കാനോ പതോളജി ലാബിലും ഫോറൻസിക് ലാബിലും ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാനോ കൂട്ടാക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം വീഴ്ചകൾ ഇപ്പോൾ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.

സംഭവമുണ്ടായി നാലു വർഷം പിന്നിട്ടിരിക്കെ തെളിവുകളുടെ ചാരം പോലും അവശേഷിക്കാത്തിടത്ത് ലഭ്യമായ വിവരങ്ങളിൽ നിന്ന് അന്വേഷണത്തിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജയമാധവന്റെ മരണത്തോട് ഏറെക്കുറെ സമാനമായിരുന്നു 2013ലെ ജയപ്രകാശിന്റെ മരണവും. കട്ടിലിൽ നിന്ന് തറയിൽ വീണ് ജയപ്രകാശ് മരിച്ചതായാണ് പറയപ്പെടുന്നത്. പോസ്റ്റുമോർട്ടം പോലുമില്ലാതിരുന്ന ജയപ്രകാശിന്റെ മരണശേഷവും കിടക്കയും വിരികളും തുണികളും കത്തിച്ച് കളഞ്ഞിരുന്നു എന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഗൗരവമായി പരിഗണിക്കുന്ന അന്വേഷണ സംഘം ലഭ്യമാകുന്ന എന്ത് സൂചനകളിൽ നിന്നും സംശയ നിവൃത്തിക്കുള്ള തയാറെടുപ്പിലാണ്.

ഡോക്ടർമാരെ

കാണാൻ നീക്കം

കൂടത്തിൽ വീട്ടിലെ ജയപ്രകാശും ജയമാധവനും രോഗികളായിരുന്നുവെന്നും അവിവാഹിതരായ ഇരുവർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമുള്ള കാര്യസ്ഥന്റെയും സഹായികളുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഏറ്റവും ഒടുവിൽ മരണപ്പെട്ട ജയമാധവനെ ചികിത്സിച്ചിരുന്ന വഴുതയ്ക്കാട്ടുളള ഡോക്ടറെ നേരിൽ കണ്ട് രോഗവിവരങ്ങളും നൽകിയ മരുന്നുകളെ സംബന്ധിച്ച കാര്യങ്ങളും ശേഖരിക്കും. എന്നാൽ, രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയുമുള്ള ഡോക്ടറുടെ കുറിപ്പും നൽകിയ മരുന്നുകളെ സംബന്ധിച്ച വിവരങ്ങളുമൊന്നും അന്വേഷണ സംഘത്തിന് കൂടത്തിൽ വീട്ടിൽ നിന്ന് കണ്ടെത്താനായിട്ടില്ല.

ജയപ്രകാശും ഇതേ ഡോക്ടറുടെ ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കും. മാനസിക അസ്വാസ്ഥ്യത്തിന് പുറമേ അപസ്മാര രോഗത്തിനും ജയമാധവൻ ചികിത്സ തേടിയിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് ചികിത്സ നൽകിയ ഡോക്ടറെയും നേരിൽ കാണും. ഇതുകൂടാതെ ജയമാധവന്റെ രാസപരിശോധനാഫലത്തിൽ നിന്ന് ഇത്തരം മരുന്നുകളുടെ സാന്നിദ്ധ്യം രക്തത്തിലോ ആന്തരിക സ്രവങ്ങളിലോ ഉണ്ടായിരുന്നോയെന്നും പരിശോധിക്കും. ജയമാധവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും വിദഗ്ദ്ധ ഡോക്ടർമാരുടെയും പൊലീസ് സർജൻമാരുടെയും ഫോറൻസിക് വിദഗ്ദ്ധരുടെയും സഹായത്തോടെ പരിശോധിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ശ്രമിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOODATHIL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.