SignIn
Kerala Kaumudi Online
Friday, 20 May 2022 1.09 AM IST

കാടിന്റെ മക്കളെ അടർത്തി അകറ്റരുത്

photo

പരിഷ്‌കൃതരെന്ന് മേനിനടക്കാൻ, ഉള്ളിലിരിക്കുന്ന ജാതിചിന്ത മറച്ചുപിടിക്കാറുള്ള പൊതുസമൂഹത്തിന് കാടിന്റെ മക്കളോടുള്ള അകലം പലപ്പോഴും പ്രകടമാണ്.

സാമൂഹ്യമായ അംഗീകാരം അഥവാ സാമൂഹ്യമായ മൂലധനമില്ല എന്നതിനാലാണ് പട്ടികജാതി - വർഗവിഭാഗങ്ങൾ ഇപ്പോഴും മുഖ്യധാരയിലെത്താത്തതെന്ന് പട്ടികജാതി, പട്ടികവർഗക്ഷേമ മന്ത്രി കെ.രാധാകൃഷ്ണൻ തന്നെ ചൂണ്ടിക്കാട്ടി. സംവരണം മാത്രം പോരാ, സാമൂഹ്യമായ ഇടപെടൽകൂടി ഉണ്ടെങ്കിലേ അവരെ ഉയർത്താനാകൂ എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഈ കൊവിഡ് വ്യാപനകാലത്ത്, കൂടുതൽ മെച്ചപ്പെട്ട ഡിജിറ്റൽ പഠനസൗകര്യം നൽകി ആദിവാസി വിദ്യാർത്ഥികളെ ഉന്നത നിലവാരത്തിലേക്കുയർത്തി കൊണ്ടുവരുമെന്ന്, മറ്റത്തൂർ കാരിക്കടവ് ശാസ്താംപൂവം മേഖലകളിലെ ഗോത്രവിഭാഗത്തിന് വേണ്ടി നിർമിച്ച ഇബ്രിഡ്ജ്, സൗജന്യ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി അടിവരയിട്ടു പറഞ്ഞു. ആദിവാസി മേഖലകളിലെ ഇന്റർനെറ്റ് കണക്‌ടിവിറ്റിയുടെ പോരായ്മകൾ നികത്തുന്നതിനുള്ള പരിശ്രമങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ടെന്നും വനമേഖലകളിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതിനായി സർക്കാർ ഭൂമിയിൽ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകുമെന്നും വനമേഖലകളിൽ ഇന്റർനെറ്റ് സൗകര്യം ഒരുങ്ങുന്നതോടെ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് തന്നെ പഠിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിക്കുന്നു. കിലോമീറ്ററുകൾ നീണ്ട വനത്തിലൂടെ ഒപ്ടിക്കൽ ഫൈബർ കേബിൾ വലിച്ചാണ് ആദിവാസി കോളനികളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നത്. ഇതൊരു മാതൃകയാണ്, സന്ദേശവുമാണ്. ലോകം മുഴുവൻ ഇന്റർനെറ്റ് സൗകര്യങ്ങളുടെ നടുവിൽ കഴിയുമ്പോൾ, ഗോത്രവർഗക്കാർ ഇപ്പോഴും പഴയകാലത്ത് തന്നെ കഴിയുന്നു എന്നത് കേരളത്തെപ്പോലുളള സംസ്ഥാനത്തിന് നാണക്കേടാണ്. അതിനുവേണ്ടിയുളള മന്ത്രിയുടെ പരിശ്രമങ്ങൾക്ക് സമൂഹത്തിന്റെ മൊത്തം പിന്തുണ വേണമെന്നാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നതും.

കേരളത്തെ ഭ്രാന്താലയമെന്ന് വിളിക്കേണ്ടിവന്ന സാഹചര്യം ഇപ്പോഴും രാജ്യത്ത് നിലനില്‌ക്കുന്നുണ്ടെന്നത് സത്യമാണ്. ഉത്തരേന്ത്യയിൽ ജാതിയുടെ പേരിലുളള വിവേചനങ്ങളും അനാചാരങ്ങളും കൊലപാതകങ്ങളും കൂടിവരുന്നതായും വാർത്തകളിൽ കാണാം. അത്തരം സംഭവങ്ങൾ കേരളത്തിൽ അധികം റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ആ മനസും മനോഭാവവും ഉള്ളവർ കേരളത്തിലുണ്ടെന്ന് ആർക്കാണ് അറിയാത്തത്?

പിന്നാക്കവകുപ്പ് പ്രാധാന്യമില്ലാത്ത വകുപ്പാണെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ടെന്നും അത് കുറെക്കാലങ്ങളായുള്ള ചിന്താഗതിയുടെ പ്രശ്നമാണെന്നുമാണ് ദേവസ്വംവകുപ്പ് മന്ത്രി കൂടിയായ കെ.രാധാകൃഷ്ണൻ പറഞ്ഞത്. ജാതിയുള്ളതു കൊണ്ടാണ് ജാതിവിവേചനം നിലനില്‌ക്കുന്നതെന്നും ജാതിയും മതവും മറ്റ് വിവേചനങ്ങളുമില്ലാത്ത എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന സമൂഹം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും അതത്ര എളുപ്പമല്ലാതായിരിക്കുന്നുവെന്ന വേദനയും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. പാർശ്വവത്‌ക്കരിക്കപ്പെട്ടവർക്കായി ഉപരിപ്ളവമായി എന്തെങ്കിലും ചെയ്താൽ പോരാ അവർക്കുവേണ്ടി എത്ര ഉയർന്നു ചിന്തിക്കുന്നു എന്നതും പ്രധാനമാണെന്ന് മന്ത്രിയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നു.

സിനിമയും കച്ചിത്തുരുമ്പ്

ഗോത്രവർഗക്കാർ മാത്രം അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്യുന്ന ലോകത്തിലെ ആദ്യസിനിമയ്ക്കുളള ഒരുക്കത്തിലാണ് ദേശീയചലച്ചിത്ര പുരസ്കാരജേതാവ് പ്രിയനന്ദനൻ. മാനസികോല്ലാസത്തിനു വേണ്ടി മാത്രമാണ് സിനിമയെന്ന ധാരണ സമൂഹത്തിനുണ്ട്. എന്നാൽ, സാമൂഹ്യപരിഷ്കരണത്തിനുളള ഉപാധിയാണ് കലയെന്ന ചിന്താഗതിയുടെ വേരുറപ്പിയ്ക്കുന്നതാണ് പ്രിയനന്ദനന്റെ ശ്രമം. അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്ന, ഇരുളഭാഷ മാത്രം സംസാരിക്കുന്ന സിനിമ 'ധബാരി ക്യുരുവി'യുടെ ചിത്രീകരണം അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. സിനിമ മനസിലാകാൻ ഭാഷ തടസമാകുമോ എന്നാണ് ചോദ്യമെങ്കിൽ, കഥയിലെ വൈകാരികത ഉത്തരം പറയുമെന്ന് സംവിധായകൻ വിശ്വസിക്കുന്നു. ഇരുളർ വിഭാഗക്കാരാണ് പ്രധാന കഥാപാത്രങ്ങൾ. മുദുക, കുറുമ്പ, വടുക വിഭാഗങ്ങളിൽപ്പെട്ടവരും അഭിനേതാക്കളാണ്. എല്ലാവരും അട്ടപ്പാടിക്കാർ. മൊത്തം അറുപതുപേരുണ്ടാകും. അട്ടപ്പാടി മാത്രമാണ് ലൊക്കേഷൻ. രണ്ടുമാസമായി അവിടെയായിരുന്നു സംവിധായകൻ. കഥയും തിരക്കഥയും നിർവഹിച്ചതും അദ്ദേഹം തന്നെ. മകൻ അശ്വഘോഷന്റേതാണ് ഛായാഗ്രഹണം. സ്‌കൂൾ ഒഫ് ഡ്രാമയിലെ പൂർവവിദ്യാർത്ഥിയും ഗോത്രവർഗക്കാരനുമായ കുപ്പുസ്വാമി മരുതനും സ്മിത സൈലേഷ്, കെ.ബി. ഹരി, ലിജോ പാണാടൻ എന്നിവരും തിരക്കഥയിൽ പങ്കാളികളായി. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിൽ നിർവഹിച്ചത്.

ദക്ഷിണേന്ത്യയിലെ ദ്രാവിഡ ഗിരിവർഗക്കാർ സംസാരിക്കുന്ന ഇരുളഭാഷ തമിഴിനോടും മലയാളത്തോടും ബന്ധമുള്ളതാണ്. നാശത്തിന്റെ വക്കിലായതിനാൽ ഭാഷയുടെ വീണ്ടെടുപ്പും സിനിമ ലക്ഷ്യമിടുന്നുണ്ട്. പാലക്കാട്ടും തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിലും കർണാടകയിലുമാണ് ഇരുളർ ഉള്ളത്.

അച്ഛനാരെന്ന് അറിയാത്ത പക്ഷി

'ധബാരി ക്യുരുവി' എന്നാൽ ആദിവാസികളുടെ ഭാഷയിൽ അച്ഛനാരെന്ന് അറിയാത്ത പക്ഷിയെന്നാണ് അർത്ഥം. ഗോത്രവർഗത്തിൽ പ്രചരിക്കുന്ന മിത്തിലെ പക്ഷിയാണിത്. അവിവാഹിതകളായ സ്ത്രീകളും അമ്മമാരുമുളള ഗോത്രവർഗവിഭാഗങ്ങളിൽ, അവരുടെ ആചാരങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് പെൺകുട്ടികളുടെ ജീവിതം കേന്ദ്രീകരിച്ച് കഥ പറയുന്നത്. അട്ടപ്പാടിയിലെ അനുപ്രശോഭിനി, മീനാക്ഷി, ശ്യാമിനി, ഗോക്രി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. 'അയ്യപ്പനും കോശിയും' സിനിമയിലെ ഗാനം പാടിയ നഞ്ചിയമ്മയും പഴനിസ്വാമിയും അഭിനയിക്കുന്നുണ്ട്.

ലോകസിനിമയിൽ ഇത്തരമൊരു ശ്രമം ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്. ഗോത്രവർഗക്കാരെക്കുറിച്ചുളള ധാരണകളെ മാറ്റാനുളള ശ്രമം കൂടിയാണിതെന്നും പുറംലോകം കാണുന്നതിനപ്പുറമുള്ള ഗോത്രവർഗ ജീവിതമാണ് ലോകത്തിന് മുന്നിലെത്തിക്കുന്നത്. സിനിമയ്ക്ക് ഭാഷ തടസമല്ലെന്നും പ്രിയനന്ദനൻ പറയുന്നു.
ഗോത്രവർഗ ഭാഷകളെല്ലാം നശിക്കുകയാണ്. ഇരുളഭാഷയ്ക്ക് ലിപിയില്ല. സിനിമയിലൂടെയും സാഹിത്യത്തിലൂടെയും കുറച്ചെങ്കിലും ഭാഷയെ തിരിച്ചുപിടിക്കാനാവുമെന്ന പ്രത്യാശ പങ്കിടുന്നുണ്ട്, ഇരുളഭാഷയിൽ ഇരുപതോളം കവിതകളെഴുതിയ എഴുത്തുകാരനും എം.ഫിൽ വിദ്യാർത്ഥിയുമായ പി.ശിവലിംഗൻ. ആശയവിനിമയത്തിനായി മലയാളവും തമിഴും പറയേണ്ടിവരുന്നതിനാൽ ഇരുളഭാഷയ്ക്ക് നാശം സംഭവിക്കുന്നുവെന്നും ഭാഷാഭേദമല്ല, സ്വതന്ത്രഭാഷ തന്നെയാണിതെന്നും കവി പി.രാമനും അടിവരയിടുന്നുണ്ട്. അതിഭാവുകത്വവും ക്രൈമുകളും ലൈംഗികതയും മാടമ്പിത്തരങ്ങളും പ്രമേയമാകുന്ന സിനിമകൾക്കിടയിലാണ് 'ധബാരി ക്യുരുവി ' ചിറകടിക്കുന്നത്. ഇതൊരു സാമൂഹ്യപരിഷ്കരണത്തിനുളള ചിറകടിയൊച്ച കൂടിയാണെന്ന് ഓർക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOMBUM THUMBEEM, TRIBAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.