SignIn
Kerala Kaumudi Online
Wednesday, 09 July 2025 10.06 AM IST

പൊലീസിലെ 'മർദ്ദകവീരന്മാർ' നന്നാവുന്ന ലക്ഷണമില്ല

Increase Font Size Decrease Font Size Print Page
police

തിരുവനന്തപുരം: സർക്കാരും പൊലീസ് മേധാവിയും പതിനെട്ട് അടവും പയറ്റിയിട്ടും പൊലീസിലെ 'മർദ്ദകവീരന്മാരെ" ഒതുക്കാനാവുന്നില്ല. പൊതുജനത്തെ അസഭ്യം പറഞ്ഞും കൈയേറ്റം ചെയ്തും പരിശോധനയുടെ പേരിൽ വഴിപോക്കരെ പിടിച്ചുപറിച്ചും വിലസിയ ഒരു ഡസനിലേറെ പൊലീസുകാർ സസ്‌പെൻഷനിലാണ്. എന്നിട്ടും പൊലീസിന്റെ കൈയൂക്ക് കാട്ടലിന് ഒരു കുറവുമില്ല. പൂവാറിൽ ഭാര്യയെ റോഡിൽ കയറ്രിവിട്ട ശേഷം റോഡരികിൽ നിന്ന ഓട്ടോറിക്ഷാ തൊഴിലാളി സുധീർഖാനെ റോഡിലും സ്റ്റേഷനിലും വച്ച് ക്രൂരമായി തല്ലിച്ചതച്ച എസ്.ഐ ജെ.എസ്. സനൽ സസ്‌പെൻഷനിലായതാണ് ഒടുവിലത്തെ സംഭവം.

ജനങ്ങളോട് കൈക്കരുത്ത് കാട്ടരുതെന്നും സഭ്യേതര പദപ്രയോഗം പാടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും കാര്യങ്ങൾക്ക് മാറ്റമില്ല. എന്തുതെറ്റ് കാട്ടിയാലും ആറുമാസത്തെ സസ്പെൻഷനാണ് പരമാവധി ശിക്ഷ. കഴക്കൂട്ടത്ത് വീടിനടുത്തുനിന്ന യുവാവിനെ തല്ലിച്ചതച്ച എസ്.ഐയെ സസ്‌പെൻഡ് ചെയ്തെങ്കിലും ഒരാഴ്ചയ്ക്കകം തിരിച്ചെടുത്ത് ക്രമസമാധാന ചുമതല നൽകുകയായിരുന്നു. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെ എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞ എസ്.ഐക്കുള്ള ശിക്ഷ കഠിന പരിശീലനത്തിൽ ഒതുക്കി. സസ്‌പെൻഷനിലാവുന്നവർക്ക് മുൻപ് ക്രമസമാധാന ചുമതല നൽകില്ലായിരുന്നു. ഇപ്പോൾ അങ്ങനെയുമില്ല. ഇത് ജനങ്ങളോട് അതിക്രമം കാട്ടാൻ പ്രേരണയാവുകയാണെന്നാണ് ആക്ഷേപം.

പൊലീസുകാരുടെ ചെറിയ പിഴവിനും വിശദീകരണം തേടണമെന്നും ഡിവൈ.എസ്.പിമാരും ജില്ലാ പൊലീസ് മേധാവികളും സ്റ്റേഷനുകളിൽ മിന്നൽപ്പരിശോധന നടത്തണമെന്നുമുള്ള സർക്കാർ നിർദ്ദേശങ്ങളെല്ലാം അട്ടിമറിച്ചു. പൊലീസിന്റെ സഭ്യതയില്ലാത്തതും അതിരുവിട്ടതുമായ പെരുമാറ്റം ജനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചാലോ മാദ്ധ്യമങ്ങളിൽ വാർത്ത വന്നാലോ ഉടൻ നടപടി കൈക്കൊള്ളുമെന്ന ഡി.ജി.പി അനിൽകാന്തിന്റെ മുന്നറിയിപ്പും വകവയ്ക്കാതെയാണ് ഇത്തരം കാര്യങ്ങൾ അരങ്ങേറുന്നത്. പൊലീസ് ആക്ടിലെ 86-സി പ്രകാരം ധാർഷ്ഠ്യം കാട്ടുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിടാനാവും.

 ഹൈക്കോടതി പറഞ്ഞാലും വകവയ്ക്കില്ല

 മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ ലോറിഡ്രൈവർ ഫൈസലിനെ മർദ്ദിച്ചു. രേഖകളെല്ലാമുണ്ടായിട്ടും 500 രൂപ പിഴയടയ്ക്കാനാവശ്യപ്പെട്ടപ്പോൾ പണമില്ലെന്നും 250 രൂപ അടയ്ക്കാമെന്നും പറഞ്ഞതായിരുന്നു പ്രകോപനം.

ഹൈക്കോടതി ഉത്തരവ് മറികടന്ന് കൊല്ലം എഴുകോണിൽ വിമുക്തഭടനെ രാത്രിയിൽ വീട്ടിൽക്കയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിന് സി.ഐ ശിവപ്രകാശിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

കൊല്ലം ചിന്നക്കടയിൽ ഓട്ടോഡ്രൈവർ നിതീഷിനെ പൊലീസ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിതീഷാണ് ആക്രമിച്ചതെന്നാണ് പൊലീസിന്റെ വാദം.

കോട്ടയത്ത് മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ യുവാവിനെ കൈയേറ്റം ചെയ്ത കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ രാജു സസ്‌പെൻഷനിലായി.

അട്ടപ്പാടിയിലെ ഊരുമൂപ്പനെ പിടികൂടാനെത്തിയ പൊലീസ് അദ്ദേഹത്തിന്റെ 17കാരനായ മകനെ മർദ്ദിക്കുകയും സ്ത്രീകളെയടക്കം ഉപദ്രവിക്കുകയും ചെയ്തതായി പരാതി.

TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.