SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.45 PM IST

ജയിലിലെ ഫോൺ വിളി : അന്വേഷണത്തിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ പകപോക്കലുകളെന്ന്

viyoor-jail
വിയ്യൂർ ജയിൽ

തൃശൂർ : ജയിലിലെ പരിഷ്കാരങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥനെ ബലിയാടാക്കി വിയ്യൂർ ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടിച്ച സംഭവം വഴിതിരിച്ചുവിടാൻ നീക്കമെന്ന് ആക്ഷേപം. ഉന്നത ഉദ്യോഗസ്ഥൻ അടുത്തിടെ രാത്രിയിലെ പാറാവ് ഉൾപ്പെടെ ശക്തമാക്കിയിരുന്നു. ചില ജീവനക്കാരും തടവുപുള്ളികളുമായുള്ള രഹസ്യ ഇടപാടും ചോദ്യം ചെയ്തു. ഇതും സർക്കാരിന്റെ ഉൾപ്പെടെ അപ്രീതിക്ക് ഇടയാക്കി. ഈ പരിഷ്‌കാരങ്ങളിൽ ചില ജീവനക്കാരും അസംതൃപ്തരാണ്.

ഇതിന്റെ പ്രതിഫലനമാണ് സൂപ്രണ്ടിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന അന്വേഷണ റിപ്പോർട്ടിന്റെ പിന്നിലെന്നാണ് ആരോപണം. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഉത്തരമേഖല ജയിൽ ഡി.ഐ.ജി വിനോദ് കുമാർ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായിരിക്കെയും ഇരുവരിൽ നിന്നും ഫോൺ പിടിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണമുണ്ടായില്ല. എന്നാൽ ഇപ്പോൾ നടക്കുന്ന ഫോൺ വിളി അന്വേഷണം റഷീദിൽ നിന്ന് 2019ൽ പിടിച്ച ഫോണിനെ കേന്ദ്രീകരിച്ചാണ്. എന്നാൽ അന്ന് നിലവിലെ സൂപ്രണ്ട് ചുമതലയിലുണ്ടായിരുന്നില്ല. എന്നിട്ടും സൂപ്രണ്ട് ഗുരുതരമായ വീഴ്ച വരുത്തിയെന്ന റിപ്പോർട്ടാണ് നൽകിയത്. 2020ൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റ ശേഷം നിരവധി തവണ തടവുകാരിൽ നിന്നും ഫോൺ പിടിച്ചെടുത്തിരുന്നു. എന്നാൽ റഷീദിൽ നിന്നും സുനിലിൽ നിന്നും ഫോൺ കണ്ടെടുത്തിരുന്നില്ല. ഇത് സംബന്ധിച്ച് വിയ്യൂർ പൊലീസ് സ്‌റ്റേഷനിൽ കേസ് നിലവിലുണ്ട്. കൊടി സുനിക്കും റഷീദിനും സൂപ്രണ്ട് ഓഫീസിലായിരുന്നു ഡ്യൂട്ടിയെങ്കിലും കാബിനിലേക്ക് കയറാൻ അനുവാദമുണ്ടായിരുന്നില്ല. ദക്ഷിണേന്ത്യയിലെ മികച്ച ജയിൽ സൂപ്രണ്ടുമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സൂപ്രണ്ടാണ് എ.ജി സുരേഷ്. കേരളത്തിൽ നിന്നുള്ള രണ്ട് പേരിൽ ഒരാൾ.

ജീവനക്കാരുടെ ഫോണിന് വിലക്ക്

ജയിലിനുള്ളിലേക്ക് വാർഡൻമാർ, പ്രിസൺ ഓഫീസർമാർ എന്നിവരുടെ ഫോണുകൾ അകത്തേക്ക് കടത്തുന്നതിന് വിലക്കേർപ്പെടുത്തി. എല്ലാ ജയിൽ ജീവനക്കാരെയും കർശന പരിശോധനകൾക്ക് ശേഷമേ കടത്തി വിടൂ. ജീവനക്കാരുടെ എല്ലാ ഫോണും ഗേറ്റിലെ സുരക്ഷാ ജീവനക്കാരനെ ഏൽപ്പിച്ച ശേഷമേ അകത്തേക്ക് കടത്തി വിടുന്നുള്ളൂ. രാത്രി ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ പുതപ്പ് ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അകത്തേക്ക് കടന്നാൽ ജീവനക്കാർക്ക് ഭക്ഷണം കഴിക്കാൻ ക്യാന്റിനിലേക്ക് പോകാനുള്ള അനുവാദം മാത്രമേയുള്ളൂ. സൂപ്രണ്ട്, ജോയിന്റ് സൂപ്രണ്ട്, ഡോക്ടർമാർ എന്നിവർക്ക് മാത്രമാണ് അകത്തേക്ക് ഫോൺ കൊണ്ടു പോകാൻ അനുവാദമുള്ളൂ.

വാഹനങ്ങൾക്കും നിയന്ത്രണം

ജയിലിനകത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നതിലും കർശന നിയന്ത്രണം. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ കൊണ്ടു വരുന്ന വാഹനങ്ങളും മറ്റ് അത്യാവശ്യമുള്ള വാഹനങ്ങളും മാത്രമാണ് കടത്തി വിടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL