SignIn
Kerala Kaumudi Online
Saturday, 26 September 2026 8.23 AM IST

സീനിയേഴ്സ് വഴിമുടക്കി; കനയ്യ പാർട്ടിവിട്ടു

cpm

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നേതാവെന്ന നിലയിൽ നടത്തിയ ഇടപെടലുകൾ വഴി ദേശീയ തലത്തിൽ പ്രശസ്തനായ കനയ്യ കുമാർ എന്ന നേതാവിനെ പാർട്ടിയിൽ നിലനിറുത്താൻ കഴിയാതിരുന്നത് സി.പി.ഐ നേതൃത്വത്തിന്റെ വീഴ്ചയായി. സി.പി.ഐ ബിഹാർ ഘടകത്തിലെ മൂപ്പിളിമ തർക്കം തന്റെ ഭാവിക്ക് വിഘ്നമാകുമെന്ന് തിരിച്ചറിഞ്ഞ കനയ്യ കോൺഗ്രസിലേക്കുള്ള വഴി തിരഞ്ഞെടുക്കുകയായിരുന്നു.

ജെ.എൻ.യു സമരനായകനെ 2019ൽ പാർട്ടിയിലെടുക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകുകയും ദേശീയ എക്‌സിക്യൂട്ടീവിൽ ഏ​റ്റവും പ്രായം കുറഞ്ഞ അംഗമാക്കുകയും ചെയ്‌തെങ്കിലും പിന്നീട് കനയ്യയ്ക്ക് സംസ്ഥാന ഘടകത്തിൽ നിന്ന് നിരന്തരം തരംതാഴ്ത്തൽ അനുഭവപ്പെട്ടെന്നാണ് സൂചന. പാർട്ടിയിലുടെ തണലിൽ വളർന്ന് പെട്ടെന്ന് ദേശീയ അംഗീകാരം ലഭിച്ചതിൽ സംസ്ഥാന നേതാക്കൾക്ക് കണ്ണുകടി ഉണ്ടായിരുന്നുവെന്ന് കനയ്യയുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. ദേശീയ നേതാക്കളും ഇക്കാര്യം ഗൗരവമായി എടുത്തില്ല.

ഇന്നലെ ഉച്ചകഴിഞ്ഞാണ് പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കനയ്യ ജനറൽ

സെക്രട്ടറി ഡി.രാജയ്ക്ക് കത്തു നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ തന്നെ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്നും ക്രിയാത്മകമായും ശക്തമായും പ്രവർത്തിച്ച് മുന്നോട്ടു പോകാൻ സി പി ഐയ്ക്കു കഴിയുമെന്നും രാജിക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തപ്പോൾ ഇക്കാര്യങ്ങൾ സൂചിപ്പിച്ചില്ലെന്ന് രാജ കുറ്റപ്പെടുത്തി.

വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി കനയ്യ സ്വയം പാർട്ടിയിൽ നിന്നും പുറത്തു പോയതാണെന്നും ഡി.രാജ പറഞ്ഞു. കമ്മ്യൂണിസ്​റ്റ് ആശയങ്ങളുമായി ഒത്തുപോകാൻ കഴിയാത്തതാകാം. പാർട്ടി സംവിധാനത്തിനുള്ളിൽ നിന്നുകൊണ്ട് നിസ്വാർത്ഥ സേവനം നടത്താൻ നേതാക്കൾക്ക് ബാദ്ധ്യതയുണ്ട്. ആരും പാർട്ടിക്ക് അതീതരല്ല. ബി.ജെ. പിയും ആർ.എസ്.എസും ഉയർത്തിയ ഭീഷണികളിൽ നിന്ന് പാർട്ടിയാണ് കനയ്യയെ സംരക്ഷിച്ചത്. സി.പി.ഐ അദ്ദേഹത്തിനായി പാർലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയെന്നും രാജ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360