ലോകം മുഴുവൻ ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുകയാണ്. 1985 ൽ അമേരിക്കയിലാണ് സ്തനാർബുദ ബോധവത്കരണ മാസാചരണം തുടങ്ങിയത്. ഒക്ടോബർ 21 പ്രത്യേക ദിനമായി ആചരിക്കുന്നുണ്ടെങ്കിലും, ഒരുമാസം തന്നെ പൂർണമായി ഇതിനായി മാറ്റിവച്ചിരിക്കുകയാണ്.
സ്തനാർബുദ ബോധവത്കരണത്തിനും, സ്തനാർബുദ ഗവേഷണങ്ങൾക്കും (കാരണങ്ങളിലേക്കും പ്രതിരോധത്തിനും) പ്രാമുഖ്യം നൽകുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
എന്താണ് പ്രാധാന്യം?
അമേരിക്കയിൽ എട്ടിൽ ഒരാൾക്ക് സ്തനാർബുദം ബാധിക്കുന്നു. ഉദ്ദേശ്യം 13 ശതമാനത്തോളം പേർക്ക്. അവിടെ 2000 ത്തിന് ശേഷം സ്തനാർബുദം കുറഞ്ഞു വരികയാണ്. കേരളത്തിലെ സാഹചര്യം അത്ര നല്ലതല്ല. സ്ത്രീകളിൽ കാണുന്ന അർബുദങ്ങളിൽ ഒന്നാം സ്ഥാനത്താണ് സ്തനാർബുദം.
ബോധവത്കരണത്തിനായി ഓപ്പൺ ഫോറം (സംവാദം) രോഗനിർണയ ക്യാമ്പ് എന്നിവ കൊവിഡ് പ്രതിസന്ധിയിൽ പ്രായോഗികമല്ലെങ്കിലും, മറ്റു മാർഗങ്ങളിലൂടെ ബോധവത്കരണം നടത്തേണ്ടതുണ്ട്. അതിനാൽ ഈ സാഹചര്യത്തിൽ
സമൂഹമാദ്ധ്യമങ്ങൾ വഴി വളരെ ഫലപ്രദമായി ബോധവത്ക്കരണം നടത്താവുന്നതാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മറ്റു വെബ്സൈറ്റുകൾ എന്നിവ മികച്ച ബോധവത്കരണ മാർഗങ്ങളാണ്. ഈ രംഗത്തുള്ള വിദഗ്ദ്ധരുടെ അനുഭവങ്ങൾ, പൂർണമായും രോഗശമനം കിട്ടിയവരുടെ സാക്ഷ്യം പങ്കിടൽ എന്നിവ വളരെയധികം ഫലപ്രദവും ആത്മവിശ്വാസം പകരുന്നതുമാണ്.
പിങ്ക് നിറം ഈ സംഘടനയുടെ അടയാള ചിഹ്നമായി അംഗീകരിച്ചിട്ടുണ്ട്. ഈ നിറത്തിലുള്ള വേഷങ്ങൾ, ഹെയർ ബാൻഡ്, സ്കാർഫ്, വളകൾ, സൗന്ദര്യവർദ്ധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ, കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങുകയും, ഉപയോഗിക്കുകയും ചെയ്യുന്നത്, ധാർമ്മിക പിന്തുണ പ്രകടമാക്കുന്ന സംഗതികളാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ഇതുവഴി ധനസഹായവും ലഭിക്കും. പിങ്ക് നിറം പൊതുവേ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട നിറമായും സ്നേഹത്തിന്റെയും, സഹകരണത്തിന്റെയും ചിഹ്നമായും കരുതുന്നുണ്ട്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഈ പിങ്ക് മാസത്തിന് വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്.
( ലേഖകൻ കൺസൽട്ടന്റ് ഓങ്കോളജിസ്റ്റാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |