SignIn
Kerala Kaumudi Online
Saturday, 28 May 2022 10.47 AM IST

ബിഷപ്പുമാരുടെ വീണ്ടുവിചാരങ്ങൾ

kk

യോഗനാദം 2021 ഒക്ടോബർ ഒന്ന് ലക്കം എഡി​റ്റോറി​യൽ

....................................................

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം ഉയർത്തിവിട്ട കോലാഹലങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

മതപുരോഹിതൻ എന്ന നിലയിൽ ബിഷപ്പിന്റെ ആകുലതകൾ നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ അത് പ്രകടിപ്പിക്കുമ്പോൾ പുലർത്തേണ്ട ഒൗചിത്യം ഉണ്ടായില്ലെന്നതാണ് പ്രശ്നം. ക്രൈസ്തവ പുരോഹിതരെ ആദരവോടെ കാണുന്നവരാണ് പൊതുവേ മലയാളികൾ. മറ്റു മതപുരോഹിതരെപ്പോലെയല്ല, സാമ്പ്രദായിക വിദ്യാഭ്യാസത്തിലും അദ്ധ്യാത്മജ്ഞാനത്തിലും ഉന്നതനിലവാരവും ലോകപരിചയവും നേടിയവരാണിവർ. ഇക്കൂട്ടരിൽത്തന്നെ പരിണിതപ്രജ്ഞരായവരാണ് ബിഷപ്പ് പോലുള്ള വലിയ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെടുക. സംഘർഷാത്മകമായ ചുറ്റുപാടുകൾ നിലനില്‌ക്കുന്ന സമൂഹത്തിൽ മതപരമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന വാക്കുകൾ പിതാവ് ഉപയോഗിച്ചത് ക്ഷണികവിചാരം കൊണ്ടല്ലെന്ന് വ്യക്തം. കത്തോലിക്കാ സഭയ്ക്ക് ഈ പ്രസംഗത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനുമാവില്ല.

പിന്നാലെ കത്തോലിക്കാ സഭയിലെ മറ്റൊരു ഉന്നത പുരോഹിതനും ദീപിക പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ഫാ. റോയി കണ്ണംചിറ
ഒരുപടി കൂടി കടന്ന് കത്തോലിക്കാ യുവതികളെ ഈഴവയുവാക്കൾ പ്രണയക്കുരുക്കിൽപ്പെടുത്തി കൊണ്ടുപോകുന്നു എന്നും പ്രസ്താവിച്ചു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴണ'മെന്ന് ഉപദേശിച്ച ഗുരുവിനെ ദൈവമായി ആരാധിക്കുകയും അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്ന ഈഴവ സമുദായത്തെ ഇത് രണ്ടാം തവണയാണ് തരംതാണ രീതിയിൽ സഭാനേതാക്കൾ അധിക്ഷേപിക്കുന്നത്. 2015ൽ ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലും ഇത്തരം പരാമർശം നടത്തിയതാണ്. പ്രതിഷേധങ്ങളെ തുടർന്ന് ഇരുവരും മാപ്പപേക്ഷയുമായി വന്നു. അതുകൊണ്ട് എന്ത് കാര്യം?​ സ്വന്തം പദവിയെയും യേശുദേവനെയുമാണ് ഇവർ പരിഹസിച്ചത്.

തൊട്ടാൽ പൊള്ളുന്ന വിഷയമാണ് മതംമാറ്റം. ക്രൈസ്തവ പുരോഹിതൻ മതംമാറ്റഭീഷണിയെക്കുറിച്ച് ആശങ്കപ്പെടുന്നതു കണ്ടാൽ ചിരിക്കാതെന്തു ചെയ്യും.

കേരളത്തിലെ പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളുടെ ദാരിദ്ര്യവും അറിവില്ലായ്മയും ചൂഷണം ചെയ്ത് കുടുംബങ്ങളെ ഒന്നാകെ മാർഗം കൂട്ടിയ ക്രൈസ്തവ മിഷനറിമാരുടെ വിളയാട്ടങ്ങൾ കണ്ടുശീലിച്ചവരാണ് നാം. മതംമാറിയ പട്ടികജാതിക്കാർക്ക് വേണ്ടി പുലയപള്ളികളും പുലയക്രിസ്ത്യാനികളെയും സൃഷ്ടിച്ചവരാണ് ഇവരുടെ പൂർവികർ.

വിദേശഫണ്ടിന്റെ ബലത്തിൽ ക്രൈസ്തവ വിഭാഗങ്ങൾ കേരളത്തെ വിഴുങ്ങുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂസ്വത്തിന് ഉടമകളാണ് വിവിധ ക്രൈസ്തവ സഭകൾ. മലയോര മേഖലയിലെ അവരുടെ ആധിപത്യത്തിൽ അവിടുത്തെ ഹൈന്ദവർ അനുഭവിച്ച വിഷമതകൾ ചെറുതല്ല. സർക്കാർ ചെലവിൽ നടക്കുന്ന ക്രൈസ്തവ എയ്ഡഡ് വിദ്യാലയങ്ങളിൽ വിവേചനം അനുഭവിക്കാത്ത ഭൂരിപക്ഷ സമുദായാംഗങ്ങളും കുറവായിരിക്കും. ഇതൊക്കെയായാലും വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗത്തെ ക്രൈസ്തവസഭകളുടെ സംഭാവനകൾ ചെറുതായി കാണുന്നുമില്ല. ഇപ്പോൾ അപൂർവം ചില ക്രൈസ്തവ സഭകൾ മാത്രമാണ് മതംമാറ്റം അജണ്ടയായി കൊണ്ടുനടക്കുന്നവർ. പ്രധാനസഭകൾക്കെല്ലാം സമുദായോന്നതി മാത്രമാണ് ലക്ഷ്യമെന്നും സമ്മതിക്കുന്നു.

മുസ്ളീം മതവിഭാഗത്തിൽപ്പെട്ട തീവ്രസ്വഭാവമുള്ള ചില ഗ്രൂപ്പുകൾ സമൂഹത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന കാര്യം അംഗീകരിച്ചാൽ തന്നെ പ്രണയവും മയക്കുമരുന്നും പോലുള്ള സംജ്ഞകൾ കൊണ്ട് ഒരു മതവിഭാഗത്തെ ഒന്നാകെ മുറിപ്പെടുത്തുന്നത് അപക്വമായ സമീപനമാണ്.

ലവ് ജിഹാദ് പോലുള്ളവ ഒറ്റപ്പെട്ടതായാൽ പോലും കേരളത്തിൽ സംഭവിച്ചതും സംഭവിക്കുന്നതുമായ കാര്യങ്ങളാണ്. ഇത്തരം ഗൂഢതന്ത്രങ്ങളിൽ പെട്ടുപോയവരുടെ അഹങ്കാര പ്രകടനങ്ങളാണ് ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്ന് പാലായിൽ പ്രതിഷേധത്തിന്റെ പേരിൽ നടന്ന വിക്രിയകൾ. ഇസ്ളാമിന്റെ അന്തസിന് നിരക്കുന്ന പണിയല്ല അവിടെയുണ്ടായത്. ആ പ്രതിഷേധവും അവിടെ ഉയർന്ന ചില മുദ്രാവാക്യങ്ങളും കേരളത്തിലെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണ്. മൂവാറ്റുപുഴയിൽ പ്രൊഫ.ടിജെ.ജോസഫിന്റെ കൈവെട്ടിയ കൂട്ടരിൽ പെട്ട ചിലരാണ് ഇത്തരം വേഷം കെട്ടുകളുമായി വരുന്നത്. യുവാക്കളെ വഴിതെറ്റിക്കുന്ന ഈ ഛിദ്രശക്തികളെ ഇല്ലാതാക്കേണ്ട ഉത്തരവാദിത്വം ആരെക്കാളുമുപരി മുസ്ളീം സമുദായത്തിന് തന്നെയാണ്. വിവേകവും വിശേഷബുദ്ധിയുമുള്ള നേതാക്കൾ ഒന്നിച്ചിരുന്ന് കൂടിയാലോചിച്ച് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

ഇന്ത്യയിലെപ്പോലെ ന്യൂനപക്ഷങ്ങൾക്ക് പരിഗണനയും സംരക്ഷണവും സ്നേഹവും ലഭിക്കുന്ന ഒരു രാജ്യവും ലോകത്തില്ല. ഇന്ത്യയിലേക്ക് വന്ന ക്രൈസ്തവരെയും മുസ്ളീങ്ങളെയും പാഴ്സികളെയും യഹൂദരെയും ഹൃദയത്തിൽ ചേർത്ത് സ്വാഗതം ചെയ്ത ചരിത്രമാണ് ഈ മഹത്തായ രാജ്യത്തിന്റെ പാരമ്പര്യം. അതിനെ ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോഴാണ് സംഘർഷങ്ങൾ ഉടലെടുക്കുന്നത്.

ഹിന്ദുക്കൾ ഇന്ത്യയിലും നേപ്പാളിലും മാത്രമേ വലിയ സമൂഹമായി നിലകൊള്ളുന്നുള്ളൂ. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം മുസ്ളീങ്ങളും ക്രൈസ്തവരും തമ്മിലുള്ള അവിശ്വാസവും സംഘർഷങ്ങളും നാൾക്ക് നാൾ ഏറി വരികയുമാണ്. അതിന്റെ അനുരണനങ്ങൾ ഇവിടെയും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അത്തരം ഭീഷണികളെ അകറ്റണമെങ്കിൽ വിദ്യാസമ്പന്നരായ കേരളീയർ ജാതി, മതഭേദമെന്യേ ഒന്നിച്ചു നിൽക്കണം. അന്തസോടെ സംസാരിക്കണം. പെരുമാറണം. ഗുരുദർശനം നെഞ്ചോടുചേർക്കണം. ദൈവത്തിന്റെ സ്വന്തം നാടാണിത്. ഈ നാടിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ വൈവിദ്ധ്യത്തിലാണ്. അത് കാത്തുസൂക്ഷിക്കാൻ നാമെല്ലാവരും ബാദ്ധ്യതപ്പെട്ടവരുമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOGANADAM, YOGANADAM EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.