SignIn
Kerala Kaumudi Online
Saturday, 26 September 2026 2.29 AM IST

ആർ.എസ്.എസ്സിന്റെ മുസ്ലിം വിരുദ്ധ പോസ്റ്റുകൾക്കെതിരെ ഫേസ്ബുക്ക് നടപടിയെടുത്തില്ലെന്ന് ഹോഗൻ

frances-haugen

വാഷിംഗ്ടൺ: ആർ.എസ്.എസ് അനുകൂലികളും ഗ്രൂപ്പുകളും പേജുകളും മുസ്ലിം വിരുദ്ധ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിനേയും ഭീതി പരത്തുന്നതിനെക്കുറിച്ചും അറിവുണ്ടായിട്ടും ഇന്ത്യയിൽ ഫേസ്ബുക്കിന് നടപടികളൊന്നും സ്വീകരിക്കാൻ സാധിച്ചില്ലെന്ന വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗൻ. യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് കമ്മിഷന് രേഖാമൂലം നൽകിയ പരാതിയിലാണ് ഹോഗൻ ഇക്കാര്യം പ്രതിപാദിച്ചത്. ഇന്ത്യയിൽ ഫേസ്ബുക്കിനുണ്ടായിട്ടുള്ള പിഴവുകൾ വിശദമാക്കുന്ന അഡ്വേഴ്സറിയൽ ഹാംഫുൾ നെറ്റ്‌വർക്ക്‌സ്- ഇന്ത്യ കേസ് സ്റ്റഡി എന്ന തലക്കെട്ടിലുള്ള രേഖകൾ ഹോഗൻ യു.എസ് എസ്.ഇ.സിയ്ക്ക് നൽകി.

ഹിന്ദിയും ബംഗാളിയും തിരിച്ചറിയുന്നതിലും മനസ്സിലാക്കുന്നതിലും മതിയായ സാങ്കേതിക വിദ്യയില്ലാത്തതാണ് അതിന് കാരണമെന്നും ഹോഗൻ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്കിന്റെ ഭാഷാ പരിജ്ഞാനം അപര്യാപ്തമായതിനാൽ ആഗോള തലത്തിൽ വ്യാജ വാർത്താ പ്രചാരണത്തിനും പ്രാദേശിക കലാപങ്ങൾക്കും അത് വഴിവയ്ക്കുന്നു.

@ ക്ലാസിഫയറിന്റെ അഭാവം

മനുഷ്യത്വരഹിതമായ നിരവധി പോസ്റ്റുകളുണ്ടായിരുന്നു. ഹിന്ദി, ബംഗാളി ക്ലാസിഫയറുകളുടെ അഭാവം മൂലം ഈ ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും ഒരിക്കലും ഫ്ലാഗുചെയ്യുകയോ അതിന്മേൽ നടപടിയെടുക്കുകയോ ചെയ്തില്ല.

വിദ്വേഷ പ്രസംഗങ്ങള്‍ തിരിച്ചറിയുന്ന സംവിധാനമാണ് ക്ലാസിഫയറുകൾ. 2020 ലാണ് ഹിന്ദി, ബംഗാളി ഭാഷകളിലുള്ള ഹേറ്റ് സ്പീച്ച് ക്ലാസിഫയറുകൾ ഫേസ്ബുക്കിൽ ഉൾപ്പെടുത്തിയത്. അക്രമവും അതിനുള്ള പ്രോത്സാഹനവും തിരിച്ചറിയുന്നതിനുള്ള ക്ലാസിഫയറുകള്‍ ചേർക്കുന്നത് ഈ വർഷമാദ്യമാണ്.

@ ബഡ്ജറ്റിന്റെ സിംഹഭാഗം അമേരിക്കയ്ക്ക്

വ്യാജ വാർത്താ പ്രചാരണം തടയുന്നതിന് വേണ്ടിയുള്ള ബഡ്ജറ്റിൽ 87 ശതമാനവും അമേരിക്കയ്ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ബാക്കിയുള്ള 13 ശതമാനം മാത്രമാണ് ഇന്ത്യയുൾപ്പടെയുള്ള മറ്റു രാജ്യങ്ങളിൽ ചെലവാക്കുന്നത്. അമേരിക്കയിലും കാനഡയിലും ഫേസ്ബുക്കിന്റെ ആകെ പ്രതിദിന ഉപഭോക്താക്കളിൽ 10 ശതമാനം മാത്രമേ ഉള്ളൂ എന്നിരിക്കെ രാജ്യങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാവുന്ന വ്യാജവാർത്താ പ്രചാരണം തടയുന്നതിനുള്ള കാര്യമായ നീക്കങ്ങളൊന്നും ഫേസ്ബുക്ക് നടത്തിയിരുന്നില്ലെന്നുള്ളത് ഹോഗന്റെ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാണ്.

@ ഇന്ത്യ വലിയ വിപണി

ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ 41 കോടിയാളുകൾ ഫേസ്ബുക്കും 53 കോടി പേർ വാട്‌സാപ്പും 21 കോടിയാളുകൾ ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, FRANCES HAUGEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360