SignIn
Kerala Kaumudi Online
Thursday, 10 September 2026 12.46 AM IST

വിവരാവകാശ നിയമത്തിന് 16 വയസ്, റഷീദിന്റെ പോരാട്ടത്തിനും

local
റഷീദ് ആനപ്പാറ

പത്തനംതിട്ട : വിവരാവകാശ നിയമത്തിന് ഇന്ന് 16വയസ് പൂർത്തിയാക്കുമ്പോൾ റഷീദ് ആനപ്പാറയുടെ പോരാട്ടത്തിനുമുണ്ട് അത്രത്തോളം പ്രായം. നിയമം ആയുധമാക്കി സർക്കാർ ഒാഫീസുകളിൽ ഏറെ മാറ്റങ്ങൾക്ക് കാരണക്കാരനായിട്ടുണ്ട് അദ്ദേഹം. ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും നിയമത്തിന്റെ വാൾമുനയിൽ നിറുത്തിയിട്ടുമുണ്ട്. ഉദ്യോഗസ്ഥരുടെ കണ്ണിൽ അദ്ദേഹം ഇന്നും ശല്യക്കാരനാണ്.

വിവരാവകാശ നിയമം നിലവിൽ വന്ന 2005ൽ തന്നെ സർക്കർ ഒാഫീസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇതുവരെ എത്ര അപേക്ഷകൾ നൽകി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് ചോദിച്ചാൽ റഷീദിന് വ്യക്തമായ കണക്കില്ല. ആയിരത്തിലധികം എന്നത് ഉറപ്പാണ്. സംസ്ഥാനത്ത് വിവരാവകാശ നിയമം ഏറ്റവും കൂടുതൽ ഉപയോഗിച്ചവരിൽ ഒരാളാണ്. വിവരങ്ങൾ യഥാസമയം നൽകിയില്ലെങ്കിൽ പിഴ ഉറപ്പെന്ന് അറിയാവുന്ന ഉദ്യോഗസ്ഥർ റഷീദിന്റെ ചോദ്യങ്ങൾക്ക് മറുപടി വൈകിപ്പിക്കാറില്ല.

പത്തനംതിട്ടയിൽ നിന്ന് കുമ്പഴയ്ക്കുള്ള റോഡിന് ഇരുവശവും നടന്ന കയ്യേറ്റങ്ങളെക്കുറിച്ച് വിവരാവകാശ നിയമ പ്രകാരം ചോദ്യമുന്നയിച്ചായിരുന്നു തുടക്കം. വിവരങ്ങൾ 30 ദിവസത്തിനകം നൽകണമെന്ന നിയമം പാലിക്കാതിരുന്ന പൊതുമരാമത്ത് വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥൻ 6750രൂപ പിഴയടക്കേണ്ടി വന്നു.

നഗരസഭ ശ്മശാനത്തിനരികിൽ കൊല്ലപ്പെട്ട ഏലിക്കുട്ടിയുടെ 47 ആടുകളെ കാണാതായത് സംബന്ധിച്ച് വിവരാവകാശ നിയമം ഉപയോഗിച്ച് റഷീദ് നടത്തിയ പോരാട്ടങ്ങൾ വലിയ വിവാദങ്ങളുണ്ടാക്കി. കൗൺസിൽ തീരുമാനമില്ലാത ആടുകളെ ജീവനക്കാർ വീതംവച്ച് എടുത്തുവെന്ന വിവരം പുറത്തുവന്നു. ആടുകളെ ഉദ്യോഗസ്ഥർ കൈപ്പറ്റിയതിന്റെ രസീത് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ലഭിച്ചില്ല. വിവരാവകാശ കമ്മിഷണർക്ക് റഷീദ് നൽകിയ പരാതിയെ തുടർന്ന് വിവരം നൽകാതിരുന്ന നഗരസഭ ഉദ്യോഗസ്ഥൻ 25000രൂപ സർക്കാരിന് പിഴയടച്ചു.

നിശ്ചിത സമയപരിധിക്കുളളിൽ ഗ്രാമസഭ കൂടാതിരുന്നതിനാലും സ്വത്ത് വിവരം സമർപ്പിക്കാതിരുന്നതിനാലും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അയോഗ്യതയുടെ വക്കിലായത് വിവരാവകാശ നിയമം ഉപയോഗിച്ച് റഷീദ് രേഖകൾ പുറത്തുകൊണ്ടുവന്നപ്പോഴാണ്. അയോഗ്യതാ ഭീഷണി മറികടക്കാൻ മുൻ യു.ഡി.എഫ് സർക്കാർ ഒാർഡിനൻസ് ഇറക്കി.

സർക്കർ ഒാഫീസുകളിൽ ഭിന്നശേഷിക്കാർക്ക് റാമ്പുകൾ നിർമിച്ചത് 90 ശതമാനം ഭിന്നശേഷിക്കാരാനായ റഷീദ് വിവരാവകാശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ്.

പത്തനംതിട്ട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വ്യാജ സീൽ പതിച്ച് 54ലക്ഷം തട്ടിയെടുത്ത വിവരം പുറത്തുകൊണ്ടുവന്നത് റഷീദാണ്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലാവുകയും അന്വേഷണം അട്ടിമറിച്ചെന്ന പരാതിയിൽ മൂന്ന് പൊലീസുകാർ വകുപ്പുതല അന്വേഷണം നേരിടുകയുമാണ്.

നിയമത്തിന്റെ കരുത്ത് ചോർന്നു

നിയമം നടപ്പാക്കി 16 വർഷം പിന്നിടുമ്പോൾ അതിന്റെ കരുത്ത് ചോർന്നു. വിവരാവകാശ കമ്മിഷന്റെ തലപ്പത്തേക്ക് വരാൻ യോഗ്യതയില്ലാത്തവർ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തി. വിവരങ്ങൾ ഉപയോഗിച്ചുളള പോരാട്ടം തുടരും.

റഷീദ് ആനപ്പാറ,

വിവരാവകാശ പ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL