ലോസാഞ്ചലസ് : കാലിഫോർണിയയിൽ വീടിന് മുകളിലേക്ക് ചെറുവിമാനം തകർന്ന് വീണ് ഇന്ത്യൻ വംശജനായ ഡോക്ടർ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന കാർഡിയോളജിസ്റ്റ് ഡോ. സുഗദ ദാസാണ് മരിച്ചവരിലൊരാൾ എന്നാണ് വിവരം. അരിസോണയിലെ യുമയിൽ നിന്നും പുറപ്പെട്ട വിമാനമാണ് ലോസാഞ്ചലസിൽ നിന്നും 220 കിലോ മീറ്റർ മാറി സാൻഡിയിൽ തകർന്ന് വീണത്. മെഡിക്കൽ ആവശ്യങ്ങൾക്കായി പോകുകയായിരുന്ന സെസ്ന 340 എ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിമാനം വന്ന് പതിച്ച രണ്ടു വീടുകളും പൂർണമായും തകർന്നു. വീടിനുള്ളിലുണ്ടായിരുന്നവരെ രക്ഷാദൗത്യ സംഘം രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വിമാനത്തിന്റെ ചിറകുകൾ ട്രക്കിൽ ഇടിച്ചതിനെ തുടർന്ന് ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടതായാണ് വിവരം .സംഭവത്തിൽ കാലിഫോർണിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.