SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.59 AM IST

സിൽവർ ലൈൻ പദ്ധതിക്കെതിരെ എം.പി.യുടെ നേതൃത്വത്തിൽ രാപ്പകൽ സമരം

k

ചെങ്ങന്നൂർ : കെറെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ 48 മണിക്കൂർ രാപ്പകൽ സമരം ഇന്ന് നൂറനാട് ജംഗ്ഷനിൽ നടക്കും. സംസ്ഥാന സർക്കാർ കൊച്ചുവേളിയിൽ നിന്ന് കാസർകോട്ടേക്ക് വിഭാവനം ചെയ്തിരിക്കുന്ന കെറെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തെ രണ്ടായി വെട്ടിമുറിക്കുകയും വൻ പാരിസ്ഥിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് എം.പി. പത്രസമ്മേളനത്തിൽ ആരോപിച്ചു. പദ്ധതി നടത്തിപ്പിനായി 25,000ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. 64,000 കോടി രൂപ മുടക്കി നടപ്പിലാക്കുന്ന പദ്ധതിക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭമാണ് കേരളത്തിലുടനീളം ഉയർന്നുവന്നിരിക്കുന്നത്.
നിലവിലുള്ള റെയിൽവേ സംവിധാനത്തെ മെച്ചപ്പെടുത്തി യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പകരം ഒരു സംഘടിത കൊള്ള ലക്ഷ്യമാക്കി സർക്കാർ കൊണ്ടുവരുന്ന കെറെയിൽ പദ്ധതിയെ എന്തു വില കൊടുത്തും ചെറുക്കും. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലൂടെ കടന്നുപോകുന്ന സിൽവർ ലൈൻ പദ്ധതി മൂലം നൂറുകണക്കിന് കുടുംബങ്ങളാണ് വഴിയാധാരമാകുന്നത്. അമ്പലങ്ങൾ, പള്ളികൾ, മസ്ജിദുകൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പൊളിച്ചുമാറ്റണം.
മാവേലിക്കര ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് പദ്ധതി മൂലം ഏറെ ബുദ്ധിമുട്ടിലാകാൻ പോകുന്നത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പഠിക്കാതെ ചില എൻ.ആർ.ഐ.ക്കാരുടെ മാത്രം ആവശ്യമായ സിൽവർ ലൈൻ പദ്ധതിക്ക് പിറകിൽ സർക്കാരിന് ചില ലക്ഷ്യങ്ങളുണ്ടെന്നും എം.പി. പറഞ്ഞു. ഇന്ന് രാവിലെ 10ന് നൂറനാട് ജംഗ്ഷനിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടത്തുന്ന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ.പി.സി.സി. പ്രചരണ വിഭാഗം തലവൻ കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL