ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ആഡംബര വാഹന വിപണി നേട്ടത്തിന്റെ ക്ളച്ച് പിടിച്ചു. നടപ്പുവർഷം ജൂലായ്- സെപ്തംബർ പാദത്തിൽ മുൻനിര ലക്ഷ്വറി താരങ്ങളും പ്രമുഖ ജർമ്മൻ ബ്രാൻഡുകളുമായ മെഴ്സിഡെസ്- ബെൻസ്, ഔഡി, ബി.എം.ഡബ്ല്യു എന്നിവ ചേർന്ന് സ്വന്തമാക്കിയത് 8,500 ഓളം പുതിയ ഉപഭോക്താക്കളെ. മൂന്നുവർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വില്പനയാണിത്. 4,010 വാഹനങ്ങൾ പുതുതായി നിരത്തിലിറക്കിയ മെഴ്സിഡെസ്-ബെൻസ് കുറിച്ചത് ഇന്ത്യയിൽ കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വില്പന. 2,636 യൂണിറ്റുകളാണ് ബി.എം.ഡബ്ള്യു വിറ്റഴിച്ചത്, മുൻവർഷത്തെ സമാനകാലത്തേക്കാൾ 90 ശതമാനം മുന്നേറ്റം.
ജൂലായ്-സെപ്തംബറിൽ ഇന്ത്യയിലെ ലക്ഷ്വറി വാഹന വില്പന 10,000 യൂണിറ്റുകൾ കവിയേണ്ടതായിരുന്നു. ആഗോളതലത്തിൽ ചിപ്പ് (സെമികണ്ടക്ടർ) ക്ഷാമം നേരിട്ടതോടെ ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായത് ഡിമാൻഡിനൊത്ത വില്പനയ്ക്ക് തടസമായി.
കഴിഞ്ഞവർഷത്തെ മൊത്തം വില്പനയെ ഈ വർഷത്തെ ആദ്യ ഒമ്പതുമാസത്തിൽ തന്നെ ഇന്ത്യയിലെ ആഡംബര വാഹന ബ്രാൻഡുകൾ മറികടന്നിട്ടുണ്ട്. ഈ ട്രെൻഡ് തുടർന്നാൽ ഡിസംബറോടെ മൊത്തം വില്പന 28,000 മുതൽ 30,000 യൂണിറ്റുകൾ വരെ കടന്നേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |