SignIn
Kerala Kaumudi Online
Tuesday, 07 December 2021 9.14 PM IST

തട്ടിപ്പിൽ തലവയ്ക്കാൻ മലയാളികൾ റെഡി... അഞ്ച് വർഷത്തിനിടെ തട്ടിയത് 100 കോടി !!

pu

തിരുവനന്തപുരം: പെട്ടെന്ന് പണമുണ്ടാക്കാൻ എന്ത് കൈവിട്ട കളിക്കും തയ്യാറാണ് മലയാളികൾ. കോടികൾ സമ്പാദിക്കാനായി എന്തും ചെയ്യും. സ്വർണച്ചേന,​ ഇറിഡിയംറൈസ് പുള്ളർ,​​ വെള്ളിമൂങ്ങ,​ നക്ഷത്ര ആമ​...തുടങ്ങി പല വിധ തട്ടിപ്പുകളിലാണ് മലയാളി തുടർച്ചയായി ചെന്നുവീഴുന്നത്. ഇത്തരം തട്ടിപ്പുകളുടെ പേരിൽ കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് കേസുകളുടെ എണ്ണം 818 ആണ്. നൂറ് കോടിയോളം രൂപ തട്ടിപ്പിനിരയായവർക്ക് നഷ്ടമായെന്നാണ് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തട്ടിപ്പുകാരെ കൈയോടെ പൊക്കിയതും അന്വേഷണം തുടരുന്നതുമായ കേസുകൾ മാദ്ധ്യമങ്ങളിൽ വൻ വാർത്തയായിട്ടും സമൂഹത്തിൽ ചർച്ചയായിട്ടും തട്ടിപ്പുകാരുടെ വാചക കസർത്തിന് മുമ്പിൽ മലയാളി വീണ്ടും വീണ്ടും തലകുത്തി വീഴുകയാണ്. പുരാവസ്തുവെന്ന പേരിൽ കരകൗശല വസ്തുക്കൾ കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെ കോടികളുടെ തട്ടിപ്പിൽപ്പെടുത്തിയ മോൻസൺ മാവുങ്കലാണ് തട്ടിപ്പുപരമ്പരകളിലെ ഇപ്പോഴത്തെ സൂപ്പർ ഹീറോ.

ഇറിഡിയം റൈസ് പുള്ളർ

അന്ധവിശ്വാസികളെ കബളിപ്പിച്ച് പണം തട്ടാൻ ഉപയോഗിക്കുന്ന, അത്ഭുത ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പുകുടമാണ് 'റൈസ് പുള്ളർ'. 'ഇറിഡിയം കോപ്പർ' എന്ന അദ്ഭുത ലോഹംകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതിന് ആകർഷണ ശക്തിയുണ്ടെന്നാണ് അവകാശവാദം.

ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാനും മറ്റും ഇത് ഉപയോഗിക്കുന്നുവെന്നും നാസയും ഐ.എസ്.ആർ.ഒ.യും മറ്റും ലോഹത്തിന്റെ ആവശ്യക്കാരെന്നുമാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുക.

അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലയുള്ള ലോഹമാണ് അരിമണികളെ ആകർഷിക്കുന്ന ഇറിഡിയം കോപ്പർ എന്നാണ് തട്ടിപ്പുകാരുടെ അവകാശവാദം.

വിചാരിക്കുന്നതിനും അപ്പുറമാണ് റൈസ് പുള്ളർ തട്ടിപ്പിന്റെ വ്യാപ്തി. വലിയ വിദ്യാഭ്യാസമില്ലാത്ത ധനികരെയും, പെട്ടെന്ന് പൈസയുണ്ടാക്കാൻ വ്യഗ്രതയുള്ളവരേയുമാണ് തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത്. റൈസ് പുള്ളർ ലോഹത്തിന്റെ ഉപയോഗങ്ങളും മൂല്യവും ഇറിഡിയം വിൽക്കുന്ന കമ്പനിയിലെ മേധാവി എന്ന തട്ടിപ്പുകാരൻ ഇരയെ പരിചയപ്പെടുത്തും. മറ്റൊരാൾ തന്റെ കൈവശം റൈസ് പുള്ളർ ഉണ്ടെന്ന് ഇരയെ വിശ്വസിപ്പിക്കും. മൂന്നാമത്, ശാസ്ത്രജ്ഞൻ ആണെന്ന വ്യാജേന ഇറിഡിയത്തിന്റെ ശക്തി പരിശോധിക്കാൻ ഒരാൾ വരും. വലയിൽ വീഴുന്ന ഇര മറിച്ചു വിറ്റാൽ കിട്ടുന്ന വലിയ ലാഭം സ്വപ്നം കണ്ട് ലക്ഷങ്ങൾ കൊടുത്ത് ലോഹം വാങ്ങിക്കും. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലയുള്ള ലോഹമാണ് ഇറിഡിയം. എന്നാൽ,​ ആയിരം രൂപ പോലും വിലയില്ലാത്ത ലോഹക്കൂട്ട് കാണിച്ച് ഇറിഡിയമെന്ന പേരിൽ കോടികളാണ് പലരും തട്ടിയത്. ഇറിഡിയത്തിന് ന്യൂക്ലിയർ പവർ ഉണ്ടെന്നും നാസയ്ക്ക് വിറ്റാൽ ഒരു ലക്ഷം കോടി കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് കഴിഞ്ഞ വർഷം ഒരു മാദ്ധ്യമപ്രവർത്തകനിൽ നിന്ന് 80 ലക്ഷമാണ് തട്ടിയെടുത്തത്.

സ്വർണച്ചേന


നിധിയായി കുഴിച്ചെടുക്കപ്പെട്ട കുഞ്ഞൻ സ്വർണച്ചേന. പണ്ടുകാലത്ത് പ്രമുഖ രാജാക്കന്മാർ ഉൾപ്പെടെയുള്ള പ്രമാണിമാർ സമുന്നതിക്കും സമൃദ്ധിക്കും വേണ്ടി രഹസ്യമായി കൈവശംവച്ചിരുന്ന വസ്തു. ഇത് വീട്ടിൽ സൂക്ഷിച്ചാൽ സമൃദ്ധി കുമിഞ്ഞുകൂടും. വിറ്റാലും തനി തങ്കമായതിനാൽ കോടികളാകും മൂല്യം.. ഇത്തരമൊരു പ്രചാരണം അഴിച്ചുവിട്ടത് സാധാരണക്കാർ ആയിരുന്നില്ല. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനും ഒരു സ്ത്രീയും നേതൃത്വം നൽകിയ ഒരു സംഘമായിരുന്നു. ഈ തട്ടിപ്പിൽ 20ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയിൽ കേസെടുത്തപ്പോൾ അറസ്റ്റിലായത്‌ ക്രൈംബ്രാഞ്ച് സി.ഐ. ഉൾപ്പെടെയുള്ളവർ. മാവേലിക്കരയിൽ രണ്ട് വർഷം മുമ്പാണ് സ്വർണ്ണച്ചേന കാട്ടി അമ്മയും മകനും കോടികൾ തട്ടിയത്. സ്വർണ്ണച്ചേനയോടൊപ്പം സ്വർണ്ണാഭരണങ്ങൾ വച്ചാൽ ഇരട്ടിക്കുമെന്നാണ് വാഗ്ദാനം.

പലയിടങ്ങളിലും വിശ്വാസം ആർജ്ജിക്കാൻ സ്വർണച്ചേനയുടേതെന്ന വ്യാ­ജേന ഒരു കഷണം മുറിച്ചുനൽകും. ഇതു പരിശോധിച്ച് സ്വർണം തന്നെയാണെന്ന് സ്ഥിരീകരിച്ചശേഷമാണ് നിധിയായി ലഭിച്ച സ്വർണച്ചേനയുടെ ഇടപാട് ഉറപ്പിക്കുന്നത്. പരിശോധനയ്ക്ക് നൽകാൻ മാത്രമായി യഥാർത്ഥ സ്വർണത്തിന്റെ ഒരു കഷണം പ്രത്യേകമായി സൂക്ഷിച്ചാണ് ഇവരുടെ തട്ടിപ്പ്.

ദോഷം തീരാൻ യന്ത്രം

ഇറിഡിയം റൈസ് പുള്ളർ,​സ്വർണച്ചേന തട്ടിപ്പുകൾക്ക് പുറമേ ജാതക ദോഷങ്ങളും പ്രശ്നപരിഹാരങ്ങളുമെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന സംഘങ്ങളും സജീവമാണ്. ദോഷ പരിഹാരത്തിന് തകിടുകളും യന്ത്രങ്ങളും വാഗ്ദാനം ചെയ്താണ് ഇവരുടെ തട്ടിപ്പ്. അത്ഭുത സിദ്ധി വിശേഷങ്ങളും ഫലപ്രാപ്തിയുമുള്ള യന്ത്രങ്ങളാണ് ഇവയെന്ന് പറഞ്ഞ് ഫലിപ്പിച്ചാണ് ആളുകളെ കെണിയിൽ വീഴ്ത്തുന്നത്.
ചില ദോഷങ്ങൾ തീരുന്നതോടെ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ അയവുവരും. ആ പ്രശ്നം തീരാൻ ഒരു പ്രത്യേക യന്ത്രം (തകിടിൽ പ്രത്യേക ചിഹ്നങ്ങൾ രേഖപ്പെടുത്തിയത്) ഉണ്ടാക്കി വീട്ടിലെ ചുമരിനുള്ളിൽ സ്ഥാപിച്ചാൽമതി.. ഇങ്ങനെ പ്രചാരണം നടത്തി യന്ത്രങ്ങൾ സ്ഥാപിച്ചുനൽകി ലക്ഷങ്ങൾ വാങ്ങുന്ന സംഘങ്ങളാണ് ഇവർ. ഈ കെണിയിൽപ്പെടുന്നവരിൽ ജാതി- മത വ്യത്യാസമില്ലെന്നതാണ് കൗതുകം. ഇരയായവരിൽ ഏറെപ്പേരും ബിസിനസുമായി ബന്ധപ്പെട്ടവരാണെന്നതാണ് പൊലീസിന് ലഭിച്ച വിവരം.

സമ്പത്തേറാൻ

സ്വർണപ്പാദുകം

സ്വർണപ്പാദുകം വീടിന്റെ കന്നിമൂലയിൽ തറനിരപ്പിൽനിന്ന് നിശ്ചിത ഉയരത്തിൽ സ്ഥാപിച്ചുനൽകിയാൽ സർവ്വ ഐശ്വര്യങ്ങളും വന്നുചേരുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് പുതിയ രീതി. പുരാണങ്ങളിൽ സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയുടെ പ്രീതിക്കായാണ് സ്വർണപാദുകം നിർമ്മിക്കാൻ ഉപദേശിക്കുന്നത്. സ്വർണ പാദുകത്തിനായി 18 ലക്ഷം വരെ ചെലവിട്ട കരുനാഗപള്ളി സ്വദേശി അടുത്തിടെ പൊലീസിൽ പരാതി നൽകിയതോടെയാണ് ഈ തട്ടിപ്പ് പുറത്തായത്. വാഗ്ദാനംചെയ്തത്ര ഭാഗ്യം തനിക്ക് ലഭിച്ചില്ലെന്നും അന്വേഷണത്തിലാണ് സംഭവം തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടതെന്നുമാണ് പരാതിക്കാരൻ പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

വെള്ളിമൂങ്ങ,​ നക്ഷത്ര ആമ...

മിണ്ടാപ്രാണികൾക്കും രക്ഷയില്ല

സാധുക്കളായ പല ജീവജാലങ്ങളേയും തട്ടിപ്പുകാർ മറയാക്കി. സാത്താനെ ആകർഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനും വെള്ളിമൂങ്ങ പറ്റിയതാണെന്നായിരുന്നു പ്രചാരണം. കൊച്ചിയിലെ ഒരു ഡോക്ടറുടെ പക്കൽ നിന്ന് രണ്ട് വർഷം മുമ്പ് തട്ടിപ്പുകാർ വെള്ളിമൂങ്ങയെ നൽകി പറ്റിച്ചത് പത്ത് ലക്ഷം രൂപ. മാരക രോഗങ്ങൾ ശമിപ്പിച്ച് ശരീരത്തിന് ഉത്തേജനം നൽകുമെന്ന് വിശ്വസിപ്പിച്ച് നക്ഷത്ര ആമയേയും വിറ്റ് കാശാക്കി. വിദേശികളാണ് കൂടുതലും തട്ടിപ്പിനിരയായത്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളും എയർപോർട്ടുകളും കേന്ദ്രീകരിച്ച് കഴി‍ഞ്ഞ രണ്ട് വർഷത്തിനിടെ പിടികൂടിയത് ആയിരക്കണക്കിന് നക്ഷത്ര ആമകളെയാണ്. ഇരുതലമൂരിയെ വീട്ടിൽ വളർത്തിയാൽ ലൈംഗിക ഉത്തേജനമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് പാമ്പിനെ വീട്ടിൽ വളർത്തിയവരും നിരവധി.

പഴമയോടുള്ള ഭ്രമം മാത്രമല്ല മലയാളിയെ ഇതിനോട് അടുപ്പിക്കുന്നത്.

നാഗമാണിക്യം, ഗജമുത്ത്, നിധികുംഭം, സ്വർണ്ണവെള്ളരി.. അങ്ങനെ എണ്ണിയാലൊടുങ്ങാത്തതാണ് തട്ടിപ്പുകൾ. പരാതിക്കാർ പലപ്പോഴും ഉറച്ച് നിൽക്കാത്തതും നാണക്കേട് കൊണ്ട് പുറത്ത് പറയാത്തതുമാണ് പല കേസുകളിലും അന്വേഷണം വഴി മുട്ടാൻ കാരണം. ഇതാണ് മോൻസൺ മാവുങ്കൽ പോലുള്ളവർക്ക് വീണ്ടും വീണ്ടും തട്ടിപ്പിന് തുണയാകുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SUPERSTITION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.