കാഴ്ചയുടെയും രുചിയുടെയും വ്യത്യസ്ത അനുഭവം പകരുന്ന
ലക്ഷദ്വീപിലെ വിഭവങ്ങളുടെ ചേരുവകൾ...
മീൻ ഇടിയട
ചേരുവകൾ
അരി അരച്ചെടുത്തത്........അഞ്ച് കപ്പ്
തേങ്ങ ചിരവിയത്..........2 കപ്പ്
മുളകുപൊടി........2 ടീ.സ്പൂൺ
മഞ്ഞൾപൊടി.........ഒരു ടീ.സ്പൂൺ
സവാള പൊടിയായി അരിഞ്ഞത്..........അരക്കപ്പ്
മീൻ പുഴുങ്ങിയത്............2 കപ്പ്
ഉപ്പ്...............പാകത്തിന്
എണ്ണ...............വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
അരച്ചെടുത്ത അരിയിലേക്ക് തേങ്ങ ചിരവിയതും മുളകുപൊടിയും മഞ്ഞൾപൊടിയും എണ്ണയിൽ വറുത്ത സവാളയും മീൻ തിരുമ്മിയതും പാകത്തിന് ഉപ്പും ചേർത്ത് കുറച്ച് മുറുകെ കുഴക്കുക. അതിനുശേഷം കുറച്ച് വലിയ ഉരുളകളാക്കി പരത്തി ഇലയിൽ കൈകൊണ്ട് വട്ടത്തിൽ പരത്തുക. പിന്നീട് ചപ്പാത്തിക്കല്ലിൽ ചുട്ടെടുക്കുക. മീൻ ഇടിയട റെഡി.
ഫൂക്കുത്ത്
ചേരുവകൾ
അരി.............അരക്കിലോ
തേങ്ങ ചിരകിയത്............ഒരുകപ്പ്
ശർക്കര.............ഒരുകപ്പ്
ഏലയ്ക്ക.................അഞ്ചെണ്ണം (പൊടിച്ചത്)
വാഴ ഇല..............ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
അരി വെള്ളത്തിൽ കുതിർത്ത് പത്തിരി പരുവത്തിൽ അരച്ചെടുക്കുക. അരച്ച് വച്ചിരിക്കുന്ന അരി ചെറിയ ഉരുളകളാക്കി വാഴയിലയിൽ വട്ടത്തിൽ കൈകൊണ്ട് പരത്തുക. ശേഷം അതിലേക്ക് ശർക്കര കുറുക്കിയതും ഏലയ്ക്ക പൊടിച്ചതും തേങ്ങ ചിരകിയതും കൂടി മിക്സ് ചെയ്യുക. ഇത് ഓരോ ടേ.സ്പൂൺ വീതം പരത്തി വച്ചിരിക്കുന്ന പത്തിരിയുടെ നടുക്ക് വച്ചതിനുശേഷം മടക്കിയെടുക്കുക. ഇതുപോലെ എല്ലാ ഉരുളകളും ചെയ്യുക. എന്നിട്ട് അപ്പച്ചെമ്പിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് ഓരോ പത്തിരിയും അതിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക.
മുരിങ്ങയിലക്കറി
ചേരുവകൾ
മുരിങ്ങയില.............ഒരുകപ്പ്
സവാള................ഒന്ന്
തക്കാളി ചെറുത്..........ഒന്ന്
പച്ചമുളക്.........അഞ്ച്
വെളുത്തുള്ളി..........അഞ്ച് അല്ലി
തേങ്ങ............അരക്കപ്പ്
മഞ്ഞൾപ്പൊടി...........കാൽ ടീസ്പൂൺ
എണ്ണ...........ഒരു ടീസ്പൂൺ
കടുക്........ഒരു ടീസ്പൂൺ
ഉപ്പ്...............പാകത്തിന്
തയ്യാറാക്കുന്നവിധം
തേങ്ങ, പച്ചമുളക്, മഞ്ഞൾപ്പൊടി എന്നിവ നന്നായി അരച്ച് വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് സവാള അരിഞ്ഞതിട്ട് വഴറ്റുക. മുരിങ്ങയില ഇടുക. അതിനുശേഷം തക്കാളി അരിഞ്ഞതും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. അരച്ച ചേരുവകളും ഉപ്പും ചേർത്ത് തിളച്ചുകഴിയുമ്പോൾ വാങ്ങി വയ്ക്കുക. ചപ്പാത്തി, പത്തിരി എന്നിവയുടെ കൂടെ കഴിക്കാം.
ശീമച്ചക്ക പാലിൽ
പുഴുങ്ങിയത്
ചേരുവകൾ
ശീമച്ചക്ക.............ഒന്ന്
തേങ്ങാപ്പാൽ............അഞ്ച് കപ്പ്
പഞ്ചസാര അല്ലെങ്കിൽ ശർക്കര..................
ആവശ്യത്തിന്
ചെറിയ ജീരകം...........ഒരു സ്പൂൺ
ഏലക്ക.............2 എണ്ണം
തയ്യാറാക്കുന്നവിധം
ശീമചക്ക രണ്ടിഞ്ച് നീളത്തിൽ കഷണങ്ങളാക്കി അരിഞ്ഞ് തേങ്ങാപ്പാലിലിട്ട് വേവിക്കുക. ഇതിൽ പഞ്ചസാരയും,ചെറിയ ജീരകവും ഏലക്കായും ചേർത്ത് ഇളക്കി അടച്ച് വേവിക്കുക. വറ്റി വരുമ്പോൾ വാങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |