SignIn
Kerala Kaumudi Online
Thursday, 19 September 2024 5.23 AM IST

നീറ്റും മെരിറ്റെന്ന മിത്തും

Increase Font Size Decrease Font Size Print Page

photo

ദേശീയതലത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയ പ്രവേശന പരീക്ഷയായ നീറ്റ് വേണ്ടെന്നു വയ്‌ക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ എടുക്കുകയും നിയമസഭയിൽ വലിയ ഭൂരിപക്ഷത്തിന് ബിൽ പാസാക്കുകയും ചെയ്തു. തമിഴ്നാട് സർക്കാരിന്റെ ഇൗ തീരുമാനം നിർണായകമായ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. പ്രവേശന പരീക്ഷാസംവിധാനത്തെ സംബന്ധിച്ച് മൊത്തത്തിലുള്ള ഒരു പുനർചിന്തയ്‌ക്ക് സമയമായി എന്നതിന്റെ നാന്ദി കൂടിയാണ് ഈ തീരുമാനം.
ആദ്യമേ പറയട്ടെ, മെരിറ്റ് എന്നത് ജാതി-വർഗ-ലിംഗ വിവേചനങ്ങൾക്കും മറ്റു സാമൂഹ്യ അസമത്വങ്ങൾക്കും അതീതമാണെന്ന മൂഢവിശ്വാസത്തെയാണ് ഈ തീരുമാനം ചോദ്യം ചെയ്യുന്നത്. അങ്ങേയറ്റം ചെലവേറിയ കോച്ചിംഗ് സ്ഥാപനങ്ങളിലെ പരിശീലനം പ്രവേശനത്തിനുള്ള നിർണായക ഘടകമായി മാറുമ്പോൾ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‌ക്കുന്ന കുട്ടികൾക്ക് മുന്നിൽ നീറ്റ് ഒരു വലിയ ബാലികേറാമലയായി മാറുന്നു. മാത്രമല്ല അമിതമായ മത്സരാന്തരീക്ഷവും സമ്മർദ്ദവും വിദ്യാർത്ഥികളുടെ മാനസികനില തകർക്കുന്നതിലേക്കും ആത്മഹത്യകളിലേക്കും നയിക്കുന്ന സാഹചര്യങ്ങളും വിരളമല്ല.

മെരിറ്റിന്റെ സാമൂഹിക അടിത്തറ
നീറ്റ് പരീക്ഷയെഴുതി പാസാകുന്നവരെല്ലാം കഴിവുള്ളവരാണെന്ന് പറയുമ്പോൾ അതിനോടൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടിയുണ്ട്. കഴിവില്ലാത്തത് കൊണ്ടും അദ്ധ്വാനിക്കാത്തത് കൊണ്ടും മാത്രമാണോ മറ്റുള്ളവരെല്ലാം പരാജയപ്പെടുന്നത്. കഴിവിനപ്പുറത്ത് സാഹചര്യങ്ങളാൽ തോല്‌‌പിക്കപ്പെടുന്നവർ അവരിൽ ധാരാളമായുണ്ടെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. ആധുനിക സമൂഹത്തിൽ ഒരു വ്യക്തിയുടെ കഴിവും കഠിനാദ്ധ്വാനവുമാണ് വിജയത്തിന്റെ രഹസ്യമെന്ന ധാരണ നിലനില്‌ക്കുന്നുണ്ട്. പലപ്പോഴും യാഥാർത്ഥ്യം വളരെ അകലെയാണ്. കഠിനാദ്ധ്വാനം മാത്രമാണ് വിജയത്തിന്റെ ആധാരമെങ്കിൽ നമ്മുടെ നാട്ടിൽ ഏറ്റവും നന്നായി ജീവിക്കേണ്ടവർ കർഷകരും കൂലിപ്പണിക്കാരും തോട്ടിപ്പണി ചെയ്യുന്നവരുമൊക്കെയാണ്. .
കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ, ജാതിവർഗ ശ്രേണിയിലെ സ്ഥാനം, നഗര ഗ്രാമപരിധികൾ തുടങ്ങി പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലാണോ മലയാളം മീഡിയത്തിലാണോ എന്ന് വരെയുള്ള കാര്യങ്ങൾ ഒരു വിദ്യാർത്ഥിയുടെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാണ്. ഈ പറഞ്ഞ ഘടകങ്ങളെല്ലാം അനുകൂലമായ രീതിയിൽ ഒത്തുചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ അദ്ധ്വാനത്തിന്റെ ഫലം ശരിയായ രീതിയിൽ പുറത്തുവരുന്നത്.

നമ്മുടെ സമൂഹത്തിലെ നല്ലൊരു പങ്ക് വിദ്യാർത്ഥികളും മേൽപ്പറഞ്ഞ ഘടകങ്ങളിൽ ഒന്നോ അതിലധികമോ അല്ലെങ്കിൽ എല്ലാ ഘടകങ്ങളും, വിപരീത ദിശയിൽ നേരിടുന്നവരാണ്. ഉദാഹരണത്തിന് ഗ്രാമപ്രദേശത്ത് നിന്നുള്ള ഒരു വിദ്യാർത്ഥിക്ക്
എൻട്രൻസ് കോച്ചിംഗിന് നഗരത്തിലേക്ക് തന്നെ വരണം. അവിടെ താമസിച്ച് പഠിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾ എൻട്രൻസ് പരീക്ഷ പാസാവുന്നത് വിരളമായി മാത്രമാണ് .


നീറ്റും സാമൂഹ്യ നീതിയും
നീറ്റ് പോലുള്ള മത്സരപരീക്ഷകൾ സാമൂഹ്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെപ്പോലും കാറ്റിൽ പറത്തുന്നത് നമുക്കിന്നു കാണാം. അമിത മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതിനു പുറമേ ഇത് എൻട്രൻസ് പരീക്ഷകളെ കച്ചവട
മേഖലകളായി മാറ്റുകയും ചെയ്തിരിക്കുന്നു. ഇത്തരം കോഴ്സുകൾ (എൻജിനീയറിംഗും മെഡിസിനും ഉൾപ്പെടെ) ധനികരുടെ മക്കൾക്ക് മാത്രം പ്രാപ്യമായ ഇടങ്ങളാവുന്നതു ഇവിടെയാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‌ക്കുന്നവർ, ഇത്തരം കഴിവിന്റെ തെളിവെടുപ്പ് ഇടങ്ങളിൽ നിന്നും പുറത്തു പോകുന്നതിന്റെ രഹസ്യം ഇതുതന്നെയാണ്.

2019 ലെ നീറ്റ് പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ ആദ്യത്തെ 50 റാങ്കുകാരിൽ ഒരു വിദ്യാർത്ഥി പോലും എസ്.സി. - എസ്. ടി. വിഭാഗത്തിൽ നിന്നുണ്ടായില്ല. കണക്കുകൾ കാണിക്കുന്നത് ഗ്രാമീണ മേഖലകളിൽ നിന്നും പിന്നാക്ക വിഭാഗങ്ങളിൽ നിന്നും നീറ്റ് പരീക്ഷ പാസാവുന്ന വിദ്യാർത്ഥികളുടെ ശതമാനം പ്രതിവർഷം കുറഞ്ഞു വരുന്നതായാണ്. ഇതിന് പുറമെ നീറ്റ് പ്രാബല്യത്തിൽ വന്നതിന് ശേഷം എൻട്രൻസ് പരീക്ഷ പാസാവുന്നവരിൽ അധികംപേരും പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി കോഴ്സുകൾക്ക് ചേരുന്നവരാണ്. പ്ലസ്ടു കഴിഞ്ഞയുടൻ എൻട്രൻസ് പാസായി കോഴ്സുകൾക്ക് ചേരുന്നവർ ഏതാണ്ട് മുപ്പത് ശതമാനത്തിൽ താഴെ മാത്രമാണ്. ശേഷിച്ച 70 ശതമാനം വിജയികളിൽ ഭൂരിഭാഗം പേരും ഡിഗ്രി ചെയ്യുന്നതിനോടൊപ്പം തന്നെ എൻട്രൻസ് കോച്ചിംഗും തുടരുന്നവരാണ്. അതായത് രണ്ടോ അതിൽ കൂടുതലോ വർഷങ്ങൾ ഈ ചെലവേറിയ കോഴ്സുകൾ ചെയ്യാൻ പ്രാപ്തിയുള്ളവർ. നീറ്റ് പരീക്ഷയെക്കുറിച്ച് കൂടുതൽ പഠിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.കെ.രാജൻ കമ്മിറ്റിയുടെ നിരീക്ഷണങ്ങൾ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും വലിയ തോതിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്ലസ്ടു മാർക്കിനെ തഴയുന്ന നീറ്റ് പരീക്ഷ, വളരെ കൃത്യമായി എങ്ങനെയാണ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌‌കൂളുകളിലെ കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിൽ കിട്ടാവുന്ന പരീക്ഷയായി മാറിയിരിക്കുന്നതെന്ന് കമ്മിറ്റി കണക്കുകൾ സഹിതം കാണിക്കുന്നുണ്ട്. സംസ്ഥാന ബോർഡിൽ നിന്നും പാസാവുന്ന വിദ്യാർത്ഥികളുടെ എണ്ണം ആശങ്കജനകമാം വിധം താഴ്ന്നുകൊണ്ടിരിക്കുന്നു.

നീറ്റ് പരീക്ഷ എഴുതുന്നവരിൽ പാസാവുന്ന തമിഴ് മീഡിയം കുട്ടികളുടെ ആകെ ശതമാനം ഒന്നിൽ താഴെ മാത്രമാണ്. ഈ വർഷം മുതൽ മലയാളത്തിൽ നീറ്റ് എഴുതാമെന്നിരിക്കെ അതിന്റെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ. അത് പോലെ തന്നെ മലയാളം മീഡിയം സ്‌ക്കൂളുകളിലും സർക്കാർ സ്‌ക്കൂളുകളിലും പഠിക്കുന്ന എത്ര വിദ്യാർത്ഥികൾ ഈ പരീക്ഷ പാസാവുന്നുണ്ട് എന്നത് കേരള സർക്കാരും പരിശോധിക്കേണ്ടതാണ്.
എല്ലാ കുട്ടികളും എഴുതുന്ന പ്ലസ്ടു പരീക്ഷകളെ നൂതനവും കർശനവുമാക്കി അവിടെനിന്ന് തന്നെ കുട്ടികളെ നേരിട്ട് തിരഞ്ഞെടുക്കാൻ എന്താണ് തടസം? സാമൂഹ്യനീതിയും കുട്ടികളുടെ താത്‌പര്യങ്ങളും നൈപുണ്യവും ഒന്നുചേർന്ന് കൊണ്ട് 'മെരിറ്റ് ' തീരുമാനിക്കപ്പെടുന്ന ഒരു വിദ്യാഭ്യാസ വ്യവസ്ഥ രൂപപ്പെടുത്തിയേ മതിയാകൂ. സാമൂഹിക പുരോഗതിയിൽ വളരെ മുന്നാക്കം നില്‌ക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനം ഈ കാര്യത്തിൽ പുരോഗമനാത്മകമായ ചർച്ചകൾ തുടങ്ങിവയ്ക്കാനും നീറ്റ് പോലുള്ള കടുത്ത മത്സരപരീക്ഷകൾക്ക് ബദൽ സംവിധാനം കണ്ടെത്താനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.


(ലേഖകൻ ബാംഗ്ലൂർ ക്രൈസ്റ്റ് സർവകലാശാലയിൽ സോഷ്യോളജി അദ്ധ്യാപകനാണ്, ഫോൺ - 7259621579 )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEET EXAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.