മകൻ റയാൻ രാജ് സർജയുടെ ഒന്നാം ജന്മദിനമായിരുന്നു ഇന്നലെ.കാമറയ്ക്ക് മുന്നിൽ താൻ വീണ്ടും എത്തിയതിന്റെ ആഹ്ളാദത്തിലും മേഘ്നരാജ്
അകാലത്തിൽ വിടപറഞ്ഞ കന്നടതാരവും ഭർത്താവുമായ ചിരഞ്ജീവി സർജയുടെ ജന്മദിനത്തിൽ മേഘ്നരാജ് വീണ്ടും കാമറയ്ക്ക് മുന്നിൽ എത്തി.ഒന്നരവർഷത്തിനുശേഷമാണ് അഭിനയരംഗത്തേക്കുള്ള മടങ്ങിവരവ്. നവാഗതനായ വിശാൽ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് മേഘ്ന അവതരിപ്പിക്കുന്നത്. താൻ കാമറയ്ക്ക് മുന്നിൽ എത്തുന്ന വിവരം സമൂഹമാദ്ധ്യമത്തിലൂടെയാണ് മേഘ് ന ആരാധകരെ അറിയിച്ചത്.സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും മേഘ്ന പറഞ്ഞു.
മേഘ്ന അഭിനയരംഗത്തേക്ക് മടങ്ങി എത്തുമ്പോൾ മറ്റൊരു ആഹ്ളാദമായി മകൻ റയാൻ രാജ് സർജയുടെ ഒന്നാം ജന്മദിനമായിരുന്നു ഇന്നലെ. 'ചിരു... നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി .എന്റെ കുഞ്ഞേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ, എത്രവേഗത്തിലാണ് വളരുന്നത്. നമ്മൾ എന്നും ഇങ്ങനെ പരസ്പരം ചേർന്നിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജന്മദിനാശംസകൾ... അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു".മകന്റെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന രാജ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. നിരവധി പേരാണ് മേഘ്നയുടെ കുഞ്ഞുരാജകുമാരന് ആശംസയുമായി എത്തിയത്.
''സിനിമയിൽ അഭിനയിക്കുന്ന എന്നെയാണ് ചിരുവിന് ഇഷ്ടം. ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്ന് ചിരു ആഗ്രഹിച്ചു. ലോക് ഡൗണിനു മുൻപാണ് കന്നട ചിത്രം 'ബുന്ദിവന്ത"യിൽ അഭിനയിക്കുന്നത്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്.രണ്ടു വർഷമായി മലയാളത്തിൽ അഭിനയിച്ചിട്ട്.""മേഘ് ന പറഞ്ഞു. ചിരഞ്ജീവി സർജ മേഘ്നയ്ക്കും പ്രിയപ്പെട്ടവർക്കും ചിരു ആണ്. ചിരുവിന്റെ സ് നേഹം നിറഞ്ഞ ഒാർമകൾ ഒരു വർഷം പിന്നിടുന്നു.
''ചിരുവിന്റെ മുഖത്ത് എപ്പോഴും കൂട്ടിന് ചിരിയുണ്ട്. ചിരിയുള്ള മുഖത്തോടെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ചിരുവിന്റെ ചിത്രങ്ങളിലെല്ലാം നിറഞ്ഞ ചിരിയുണ്ട്. തമാശ കേട്ടാൽ എറെ നേരം ആസ്വദിച്ച് ചിരിക്കും.മറ്റൊരാൾ വിഷമിക്കുന്നത് ഇഷ്ടമല്ല. അതു വേഗം പരിഹരിക്കും. എല്ലാവരും എപ്പോഴും സന്തോഷത്തിൽ കഴിയണം എന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. പ്രിയപ്പെട്ടവർക്കൊപ്പം ജീവിതം നന്നായി ചിരു ആഘോഷിച്ചത് തനിക്ക് വേഗം പോവാൻ വേണ്ടിയാണെന്ന് തോന്നുന്നു. എല്ലാവർക്കും സന്തോഷം മാത്രമാണ് കൊടുത്തത്. ഞങ്ങളുടെ രണ്ടുപേരുടെ കുടുംബത്തിനും എറെ പ്രിയപ്പെട്ടവൻ. കഴിഞ്ഞ വർഷം ജൂൺ 7 നാണ് ചിരു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ലോക് ഡൗണിലാണ് ഞാനുമായി കൂടുതൽ പ്രണയത്തിലായതെന്ന് ചിരു പറയുമായിരുന്നു.ആസമയത്ത് ചിരു എന്റെ അരികിൽ തന്നെ ഉണ്ടായിരുന്നു.ഞാൻ ചിരുവിനെയും കൂടുതൽ പ്രണയിച്ചു.""മേഘ്നയുടെ വാക്കുകൾ.കന്നട സിനിമ 'അട്ടഗരെ"യിലാണ് ചിരുവും മേഘ്നയും ആദ്യമായും അവസാനമായും ഒന്നിച്ചഭിനയിച്ചത്. വലിയ സാമ്പത്തിക വിജയം അട്ടഗരെ നേടി.
ചിരുവിനൊപ്പം വീണ്ടും അഭിനയിക്കണമെന്ന് വിവാഹശേഷം മേഘ്ന ആഗ്രഹിച്ചിരുന്നു. ''ഏറ്റവും അടുത്ത സുഹൃത്ത്, മകൻ,വഴികാട്ടി അതിലുപരി എന്റെ ആത്മാവിന്റെ ഭാഗം തന്നെയാണ് ചിരു. ഞാൻ ചിരുവിനോട് സംസാരിക്കണമെന്നില്ല. എന്റെ നോട്ടം മനസ്, ഇഷ്ടം, എനിക്ക് എന്തുവേണം എല്ലാം ചിരുവിന് അറിയാം. എന്റെ ജീവിതം തിരിച്ചറിഞ്ഞത്, എന്നെ പൂർണമായി മനസിലാക്കിയത് ചിരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും ഞങ്ങൾ കാണുന്നുണ്ട്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമെന്ന് കരുതാനാണ് താൽപര്യം. നസ്രിയയുടെയും അനന്യയുടെയും നല്ല സുഹൃത്തായിരുന്നു ചിരു. ഞാൻ വളരെ ശക്തയായ പെൺകുട്ടിയാണെന്ന് അമ്മ പറയാറുണ്ട്.ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല.നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു. സാഹചര്യമാണ് ഏതൊരു സ്ത്രീയെയും ശക്തയാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാൻ ശക്തയായ സ്ത്രീ ആയിരിക്കും.ചിരുവിന്റെ മരണശേഷമാണ് എനിക്ക് നഷ്ടങ്ങളുടെ വില മനസിലായത്. മൂന്നു വർഷം മുൻപ് ഒക്ടോബർ 22 നാണ് ചിരുവിന്റെയും എന്റെയും വിവാഹം ഉറപ്പിച്ചത്. ഇതേ ദിവസമാണ് കുഞ്ഞ് ജനിച്ചത്. ചിരുവിന്റെ പുനർ ജന്മമെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒക്ടോബർ എന്നും എനിക്ക് പ്രിയപ്പെട്ടത്.""മേഘ് ന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |