ആലപ്പുഴ: സംസ്ഥാനത്തെ ഏഴ് ജലവൈദ്യുതി പദ്ധതികളിലായി 14 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാത്തതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡാമുകൾ പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതാണ് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് കാരണം. കേന്ദ്ര പൂളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നും 2500 മെഗാവാട്ടിന് മുകളിൽ വൈദ്യുതി വിലയ്ക്ക് വാങ്ങുമ്പോഴാണ് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഡാമുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാത്തത്. തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസ് സി.പി.എമ്മിന്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ തെളിവാണെന്നും സന്ദീപ് പറഞ്ഞു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി ഗോപകുമാർ, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജി വിനോദ്കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.