അന്ധവിശ്വാസങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ കൂടിവരികയാണ്. കൂടുതൽ വിവരവും വിദ്യാഭ്യാസവും ഇല്ലാതിരുന്ന കാലത്തുപോലും കാണാതിരുന്ന പല അനാചാരങ്ങളും ഇന്ന് വ്യാപകമായി പ്രചരിക്കുകയും പ്രചരിപ്പിക്കുകയുമാണ്. എല്ലാ കാര്യങ്ങളിലും നമ്മൾ പുരോഗതിയുടെ പാതയിലാണ്. ആ കൂട്ടത്തിൽ ആചാരങ്ങളെന്നും വിശ്വാസങ്ങളെന്നും ഒക്കെപ്പറഞ്ഞു സാധരണക്കാരുടെ മാനസിക ദൗർബല്യങ്ങളെ മുതലെടുക്കുകയാണ് പലരും. വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ ഇത്തരം ധാരാളം ചൂഷണങ്ങൾ നടക്കുന്നുണ്ട്.
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുത്തരത്തിൽ എല്ലാവരും വിശ്വാസികളായിരിക്കും. ചിലർ ചരടുകളും ഏലസുകളും കെട്ടുന്നു വേറെ ചിലർ പൊട്ട്, കുറി തുടങ്ങിയവ ഇടുന്നു. മറ്റുചിലർ പല നിറത്തിലും രൂപത്തിലുമുള്ള കല്ലുകൾ പതിച്ച മോതിരങ്ങൾ വിരലുകളിൽ ധരിക്കുന്നു. 'വിശ്വാസം അതല്ലോ എല്ലാം!" മിക്കവരും ഭാഗ്യ ചിഹ്നങ്ങളായാണ് ഇതൊക്കെ അണിയുന്നത്. നേരത്തെ ജ്യോത്സ്യന്മാരുടെ ഉപദേശപ്രകാരമായിരുന്നു ഇവയെങ്കിൽ ഇന്ന് ഒരു പടികൂടിക്കടന്നു മന്ത്രതന്ത്രങ്ങൾ ഓൺലൈൻ വഴിയായി! ഭാഗ്യം തരുന്ന യന്ത്രങ്ങൾക്കും ദിവ്യമന്ത്രങ്ങൾക്കും ഒക്കെ ഇപ്പോൾ ഓൺലൈൻ മെസേജോ , മിസ് കോളോ ഒക്കെ മതിയാകും, സംഗതി വീട്ടിലെത്തിച്ചു തരും. കാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. അതായത് കൊറിയർകാരൻ വീട്ടു വാതുക്കൽ സാധനം എത്തിക്കുമ്പോൾ പണം കൊടുത്താൽ മതിയെന്നു സാരം. അത് കഴിഞ്ഞാൽ പണം വാങ്ങുന്ന ഓൺലൈൻ പോർട്ടലുകാർക്കാണോ ഇതുവാങ്ങി ഉപയോഗിക്കുന്ന വീട്ടുകാർക്കാണോ ഭാഗ്യമടിക്കുന്നതു എന്നു കണ്ടുതന്നെ അറിയണം!
അത്തരം മാന്ത്രിക കല്ലുകളുടെയോ കല്ലുവച്ച നുണകളുടയോ ഒന്നും കാര്യമല്ല ഇത്. വൈൽഡ് ലൈഫ് ഷൂട്ടിന് പോയസമയത്തു അതുപോലെ കിട്ടിയ ഒരു ഫോട്ടോയെക്കുറിച്ചാണ് പറയുന്നത്. കാട്ടിലൂടെ നടക്കുമ്പോൾ കുറ്റിച്ചെടികൾ നിറഞ്ഞ ഭാഗത്ത് ഒരു ചെടിയിൽ ചുവപ്പുനിറത്തിൽ കായ് പോലെ ഒന്ന് ശ്രദ്ധയിൽ പ്പെട്ടു. അടുത്തുചെന്നപ്പോൾ മേൽപ്പറഞ്ഞ കല്ലുകൾ പതിപ്പിച്ച മോതിരം പോലെ തോന്നി. ഏറെ വ്യത്യസ്തമായ അതിന്റെ ഫോട്ടോയെടുത്തു. ഒരു കാട്ടുചെടിയുടെ കായാണ് ഇത്. പൂവിന്റെ ദളങ്ങളെല്ലാം നാലുചുറ്റും കരിഞ്ഞുണങ്ങി താഴേക്കു മടങ്ങി ചുരുണ്ടിരിക്കുന്നു. മദ്ധ്യഭാഗത്തു കായ് രൂപപ്പെടുകയാണോ അതോ പഴമായതാണോ എന്നറിയില്ല, മുൻപറഞ്ഞ മോതിരം പോലെ അത് മുകളിലേക്ക് ഉയർന്നു നിൽക്കുന്നു. അല്പം നനവുള്ളതുപോലെ തോന്നിയിരുന്നു. അതിൽ വന്ന ആ നനവിന്റെ മിനുക്കവും കൂടി ഫോട്ടോയിൽകിട്ടി. കല്ലിന്റെയും മോതിരത്തി ന്റെയും ഭാഗ്യകഥകൾ സത്യമാണോ എന്നറിയില്ല ഏതായാലും ഈ വൈഡൂര്യമോതിരം എനിക്ക് ഭാഗ്യം കൊണ്ടുവന്നു എന്നത് നേരാണ്!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |