മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലിയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിർമ്മിച്ച റോപ്വേ 15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ഓമന നോട്ടീസ് നൽകി. ഇല്ലെങ്കിൽ പഞ്ചായത്ത് തന്നെ പൊളിച്ചു മാറ്റി ചെലവുതുക ഈടാക്കും. രണ്ടുദിവസം മുമ്പ് ഓംബുഡ്സ്മാനിൽ നിന്ന് രേഖാമൂലമുള്ള ഉത്തരവ് ലഭിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് റോപ്വേ പൊളിക്കാൻ തീരുമാനിച്ചത്. പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ വിവാദമായ വാട്ടർതീം പാർക്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണ. ഇതിന് കുറുകെയാണ് മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റോപ്വേ. നിലമ്പൂർ സ്വദേശി എം.പി. വിനോദ് 2017ൽ നൽകിയ പരാതിയിലാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |