തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള കൈറ്റ് വിക്ടേഴ്സിൻെറ പരിപാടികൾ 24 ന് വൈകിട്ട് 6.30ന് മന്ത്രി വി.ശിവൻകുട്ടിയുമായുള്ള അഭിമുഖത്തോടെ ആരംഭിക്കും. കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്ന അപർണ പ്രഭാകറാണ് മന്ത്രിയുമായി അഭിമുഖം നടത്തുന്നത്.
സ്കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് 'ഫസ്റ്റ്ബെൽ' ക്ലാസുകൾക്കൊപ്പം ബോധവത്കരണ ചിത്രങ്ങളും സംപ്രേഷണം ചെയ്യും.
സ്കൂൾ തുറക്കുന്നതിന്റെ ആഹ്ലാദം കുട്ടികളും രക്ഷിതാക്കളും പങ്കുവയ്ക്കുന്ന 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടിയും എല്ലാ ദിവസവും വൈകിട്ട് 6.30 ന് കാണാം. ഇതിൽ അടച്ചിരിപ്പുകാലത്തെ കുഞ്ഞുങ്ങളുടെ അനുഭവങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരുടെ അനുഭവങ്ങൾ കൈറ്റ് വിക്ടേഴ്സുമായി പങ്കുവയ്ക്കാം. മലയാളത്തിന്റെ പ്രിയ കലാകാരന്മാരും താരങ്ങളും വിദഗ്ദ്ധരുമെല്ലാം വരുന്ന ആഴ്ച കുട്ടികളോട് സംവദിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |