തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വിവാഹിതയാകാനൊരുങ്ങുന്നു. കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവയുമായി ഏറെക്കാലം മുൻപേ നയൻസിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. വിവാഹമെന്നാണെന്ന ആരാധകരുടെ ചോദ്യത്തിന് വൈകാതെ മറുപടി ലഭിക്കുമെന്നാണ് സൂചന. ഇരുവരും തങ്ങളുടെ വിവാഹത്തീയതി ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നയൻസ് പുതിയ ഓഫറുകളൊന്നും സ്വീകരിക്കാത്തത് ഈ റിപ്പോർട്ടുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നുണ്ട്.
മകൻ ആര്യൻഖാൻ ലഹരി മരുന്ന് കേസിൽ കുടുങ്ങിയതോടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തന്റെ പുതിയ ചിത്രങ്ങളെല്ലാം നീട്ടിവച്ചിരിക്കുകയാണ്. നയൻതാര നായികയാകുന്ന അറ്റ്ലിയുടെ ചിത്രവും ഇക്കൂട്ടത്തിൽപ്പെടും. വിവാഹത്തിന്റെ തിരക്കുകൾക്കിടയിൽ ഡേറ്റ് ക്ളാഷ് വന്നേക്കുമെന്നതിനാൽ ഷാരൂഖ് ചിത്രത്തിൽ നിന്ന്പിന്മാറാൻ നയൻസ് ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്. സാമന്തയെയാണ് പകരക്കാരിയായി പരിഗണിക്കുന്നത്.വിഘ്നേശ് ശിവയുമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻസ് ഏറെനാൾ മുൻപ് വെളിപ്പെടുത്തിയിരുന്നുവെങ്കിലും വിവാഹത്തീയതി പ്രഖ്യാപിച്ചിരുന്നില്ല.
നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് നയൻസ് സംവിധായകൻ വിഘ്നേശ് ശിവയുമായി പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും ചേർന്ന് റൗഡി പിക്ചേഴ്സ് എന്ന നിർമ്മാണ- വിതരണ കമ്പനിയും തുടങ്ങി. ഈ റൗഡി പിക്ചേഴ്സ് നിർമ്മിച്ച് വിഘ്നേശ് ശിവ സംവിധാനം ചെയ്യുന്ന കാറ്റ് വാക്കുല രണ്ട് കാതൽ എന്ന ചിത്രം ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. നയൻതാരയ്ക്കൊപ്പം വിജയ് സേതുപതിയും സാമന്തയുമാണ് ഈ ത്രികോണ പ്രണയ കഥയിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.രജനികാന്ത്ചിത്രമായ അണ്ണാത്തെയാണ് നയൻതാരയുടെ അടുത്ത റിലീസ്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് നായകനാകുന്ന അൽഫോൺസ് പുത്രന്റെ ഗോൾഡിലാണ് നയൻതാര ഇപ്പോഴഭിനയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |