കൊച്ചി: കൊച്ചിയെ പ്രളയത്തിൽ മുക്കാൻ ശേഷിയുണ്ടെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകിയ വടുതലയിലെ ബണ്ടിൽ അടിഞ്ഞ ചെളിത്തിട്ട് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ പൊളിഞ്ഞത് സർക്കാരിന്റെയും നിർമ്മാണ കമ്പനിയായ അഫ്കോൺസിന്റെയും റെയിൽവേയുടെയുമെല്ലാം പൊള്ളയായ വാദങ്ങൾ. ബണ്ട് 11 വർഷം മുന്നേ പൊളിച്ചെന്നായിരുന്നു അഫ്കോൺസിന്റെ വാദം. റെയിൽവേയും റെയിൽ വികാസ് നിഗം ലിമിറ്റഡുമെല്ലാം ശ്രമിച്ചതും പ്രശ്നത്തിൽ നിന്ന് എങ്ങനെ തടിയൂരാം എന്നായിരുന്നു. ഇതു സംബന്ധിച്ച് കേരളകൗമുദി നിരന്തര വാർത്തകൾ നൽകുകയും ചെയ്തിരുന്നു.
അനാസ്ഥയും വിചിത്ര വാദവും
ബണ്ട് വീണ്ടും വിവാദമായപ്പോൾ മുതൽ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥയും വ്യക്തമായിരുന്നു. ദുരന്തനിവാരണ വിഭാഗത്തിൽ നിന്ന് കണ്ടെത്തേണ്ട ഫയലുകൾ നമ്പറിടാതെ സൂക്ഷിച്ചതു മുതൽ ഫയലുകളും റിപ്പോർട്ടുകളും മറ്റ് സെക്ഷനിൽ നിന്ന് കണ്ടെത്തിയതു വരെ നീളുന്ന അനാസ്ഥ. ഒടുവിൽ കളക്ടറേറ്റ് സന്ദർശിച്ച റവന്യൂ മന്ത്രി കെ. രാജൻ ഫയൽ നീക്കം സുഗമമാക്കാൻ നിർദേശം നൽകുന്നതു വരെ കാര്യങ്ങളെത്തി.
ജലാശയങ്ങളിലെ ഒഴുക്ക് തടസപ്പെടുന്ന തരത്തിൽ ചെളിയുണ്ടെങ്കിൽ അത് നീക്കാൻ സർക്കാരിന് സ്വമേധയാ തീരുമാനമെടുക്കാമെന്നിരിക്കെ കോടതി വിധി വരട്ടെയെന്ന വാദമുയർത്തി പ്രശ്നം നീട്ടിക്കൊണ്ടുപോയതും വിചിത്രം. മന്ത്രിമാർ ഉൾപ്പെട്ട യോഗം പോലും വെറും ചടങ്ങു തീർക്കൽ മാത്രമായി.
വേണ്ടത് അടിയന്തര നടപടി
ചെളി നീക്കൽ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് അഫ്കോൺസ് പറഞ്ഞത് പെർഫോമൻസ് സർട്ടിഫിക്കറ്റും ഹാൻഡിംഗ് ഓവർ സർട്ടിക്കറ്റുമെല്ലാം ഉയർത്തി. ചെളി നീക്കേണ്ടത് അഫ്കോൺസും റെയിൽവയും ആർ.വി.എൻ.എല്ലും ആണെന്ന സർക്കാർ വാദം ചെളി നീക്കാൻ 24.50കോടി വേണ്ടി വരുമെന്നതിനാൽ. ഈ രണ്ട് വാദങ്ങളും അവഗണിച്ച കോടതി സർക്കാരും ജില്ലാ ദുരന്ത നിവാരണ വിഭാഗവും ചേർന്ന് അടിയന്തിരമായി ചെളി നീക്കണമെന്നാണ് ഉത്തരവിട്ടത്.
മുന്നിലുള്ളത് വലിയ വെല്ലുവിളി
കോടതി ഉത്തരവ് വന്നതോടെ ചെളി നീക്കൽ നീട്ടിക്കൊണ്ടുപോകാൻ സർക്കാരിനാകില്ല. 2.15 ലക്ഷം ഘനമീറ്റർ ചെളിയാണ് നീക്കാനുള്ളത്. എവിടേയ്ക്ക് മാറ്റും, ചെളി എന്ന് നീക്കും, 25 കോടി രൂപയോളം എവിടെ നിന്ന്, എന്നിവയാണ് സർക്കാരിനു മുന്നിലുള്ള വെല്ലുവിളി.
ചെളി മാറ്റാനിടമുണ്ട്
ഇവിടെ നിന്ന് നീക്കുന്ന ചെളി നിക്ഷേപിക്കാൻ പോർട്ട് ട്രസ്റ്റിന്റ സ്ഥലം ഉപയോഗിക്കാമെന്ന് അവർ നേരത്തെ അറിയിച്ചിരുന്നു. ഇടക്കൊച്ചിയിൽ സ്റ്റേഡിയം നിർമ്മിക്കാനൊരുങ്ങുന്ന സ്ഥലത്തേക്ക് ചെളി മാറ്റാമെന്ന നിർദേശവുമുണ്ട്.
വടുതലയിലെ ദ്വീപുകളെ (താന്തോണി തുരുത്ത്, പിഴല, കുറുങ്കോട്ട) ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന് നിർദേശവും ഉയർന്നിട്ടുണ്ട്.
എന്ന് നീക്കും
ചെളിയും എക്കലും നീക്കുന്നതിന്റെ കാലാവധിയും ഉടൻ നിശ്ചയിക്കേണ്ടതുണ്ട്. അടുത്ത മൺസൂൺ കാലത്തിനു മുൻപ് ഇത് നീക്കം ചെയ്തില്ലെങ്കിൽ വലിയ വെള്ളപ്പൊക്കം നരിടേണ്ടി വരുമെന്നുറപ്പാണെന്ന് ജലസേചന വകുപ്പ് വ്യക്തമാക്കുന്നു.
കോടതി ഉത്തരവ് പാലിക്കും. ചെളിയും മണ്ണും നീക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കും. ജില്ലയിലെ മന്ത്രിയായ പി.രാജീവ് ഉൽപ്പെടെയുള്ളവരുമായി ഇക്കാര്യം ആലോചിക്കും.
റോഷി അഗസ്റ്റിൻ,
ജലവിഭവ വകുപ്പ് മന്ത്രി
വിശദമായി പഠനം നടത്തി ഒരു റിപ്പോർട്ട് കൂടി കോടതിയിൽ സമർപ്പിക്കും. നീരൊഴുക്ക് സുഗമമാക്കാൻ അടിയന്തരമായി എത്രത്തോളം മണ്ണും ചെളിയും നീക്കണം എന്നത് സംബന്ധിച്ചാകും ഈ റിപ്പോർട്ട്.
സന്ധ്യ,
എക്‌സിക്യുട്ടീവ് എൻജിനിയർ,
മേജർ ഇറിഗേഷൻ വകുപ്പ്