SignIn
Kerala Kaumudi Online
Tuesday, 17 May 2022 6.12 AM IST

100 കോടി വാക്സിനേഷൻ നേട്ടത്തിന് പിന്നിൽ

photo

100 കോടി വാക്സിനേഷൻ പൂർത്തിയാക്കാനായി എന്നത് രാജ്യത്തെ സംബന്ധിച്ച് അഭിനന്ദനാർഹമായ നേട്ടമാണെന്നതിൽ സംശയമില്ല. രണ്ട് പ്രധാന തദ്ദേശീയ വാക്സിൻ നിർമ്മാതാക്കൾ ഉൾപ്പെടെ നിരവധി പങ്കാളികളുടെ സഹകരണം ഈ നേട്ടത്തിനു പിന്നിലുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, നമ്മുടെ ശാസ്ത്രജ്ഞർ, എണ്ണമറ്റ ആരോഗ്യപ്രവർത്തകർ, നഴ്സുമാർ, സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചു കൊടുക്കുന്നവർ, വിതരണ, കോൾഡ് സ്റ്റോറേജ് നെറ്റ്‌വർക്കുകൾ ഉൾപ്പെടെയുള്ള സംഭരണ ശൃംഖലകൾ എന്നിവയ്‌ക്കൊപ്പം കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും ഏകോപിപ്പിച്ചാണ് ഇത് സാദ്ധ്യമാക്കിയത്.

ഈ നേട്ടം ആഘോഷിക്കുമ്പോൾത്തന്നെ ലക്ഷ്യത്തിൽ നിന്ന് ഇപ്പോഴും വളരെ അകലെയാണെന്ന കാര്യം മറക്കരുത്. കൊവിഡ് 19 വാക്സിനേഷൻ പ്രോഗ്രാം നടപ്പാക്കാനായി അടിത്തറയൊരുക്കിയ മുൻ സർക്കാരുകളുടെ നടപടികളെയും പ്രവർത്തനങ്ങളെയും ഈ സാഹചര്യത്തിൽ ഓർക്കുന്നതും ഉചിതമായിരിക്കും.

1948 ൽ രാജ്യം ക്ഷയരോഗത്തെ നേരിട്ട കാലത്തുതന്നെ ഇന്ത്യയിൽ ആദ്യത്തെ വാക്സിനേഷൻ പദ്ധതി ആരംഭിക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് സാധിച്ചിരുന്നു. ടിബിക്കെതിരെ ഉപയോഗിക്കുന്ന ബിസിജി വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാനായി അതേവർഷം തന്നെ മദ്രാസിലെ കിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ബിസിജി വാക്സിൻ ലബോറട്ടറി സ്ഥാപിക്കാനും അദ്ദേഹം തയ്യാറായി. നെഹ്റു സർക്കാർ 1962 ൽ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയും (എൻ.ടി.സി.പി) ദേശീയ വസൂരി നിർമാർജന പദ്ധതിയും (എൻ.എസ്.ഇ.പി) ആരംഭിച്ചു. ഇതു രണ്ടും നമ്മുടെ വലിയ വിജയങ്ങളാണ്. മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ ജനങ്ങൾക്കും വസൂരിക്കെതിരെ വാക്സിനേഷൻ നൽകുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിൽ വസൂരി അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1970കളിലാണ്. അക്കാലത്തെ ഉത്പാദനത്തിലും സംഭരണ ശേഷിയിലുമുള്ള പോരായ്മയാണ് ഈ കാലതാമസത്തിനുണ്ടായ കാരണം.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1970 ൽ പേറ്റന്റ് നിയമം കൊണ്ടുവന്നു. പൊതുജനാരോഗ്യത്തെ സംബന്ധിച്ച അടിയന്തര സാഹചര്യങ്ങളിൽ പേറ്റന്റ് നേടിയ മരുന്നുകളുടെ നിർമ്മാണത്തിന് സർക്കാരിന് നിർബന്ധിത ലൈസൻസ് നൽകുന്നതായിരുന്നു ഇത്. വികസ്വര, മൂന്നാംലോക രാജ്യങ്ങളെ ചൂഷണം ചെയ്യാൻ വിവിധ ആഗോള ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനുകൾ ഇന്നും ഉപയോഗിക്കുന്ന ബൗദ്ധിക സ്വത്തവകാശ നിയമങ്ങളെ മറികടക്കാൻ ഈ നിയമനിർമ്മാണം സഹായിച്ചു. 1973 ഫോറിൻ എക്സ്‌ചേഞ്ച് റെഗുലേറ്ററി ആക്ട് (ഫെറ) ഇന്ത്യയിലെ ആഭ്യന്തര ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളെ വികസിപ്പിക്കുന്നതിൽ നിർണായകമായിരുന്നു.

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ ബയോടെക്‌നോളജി വകുപ്പ് സ്ഥാപിച്ചത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. ഹരിയാനയിലെ ഗുഡ്ഗാവിൽ ഇന്ത്യൻ വാക്സിൻ കോർപ്പറേഷൻ ലിമിറ്റഡ്, ഉത്തർപ്രദേശിലെ ബുലന്ദേശ്വറിൽ ബയോളജിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ സ്ഥാപിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പുതുതായി രൂപകല്‌പന ചെയ്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി സ്ഥാപിക്കാനും മുൻകൈയെടുത്തത് അദ്ദേഹമാണ് .

കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ ഉത്‌പാദനത്തിന് ആവശ്യമായ ചില ഘടകങ്ങൾ നിർമ്മിക്കുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ ടെക്‌നോളജി ആണ്. 1995 ൽ പൾസ് പോളിയോ പ്രതിരോധ പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി നരസിംഹറാവു പ്രതിരോധ കുത്തിവയ്പുകളുടെ ഉത്പാദന, വിതരണ പ്രക്രിയ കാര്യക്ഷമമാക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. ലോകമെമ്പാടുമുള്ള ഏറ്റവും വിജയകരമായ വാക്സിനേഷൻ യജ്ഞങ്ങളിൽ ഒന്നായി ഇന്നും ഇത് തുടരുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പോളിയോ കേസുകൾ 1994 ൽ 35,000 ആയിരുന്നത് 2012 ൽ പൂജ്യത്തിലേക്കെത്തി.

ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ആശ (അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകർ) പ്രോഗ്രാം തുടങ്ങിയത്. ഇപ്പോൾ രാജ്യത്ത് എട്ട് ലക്ഷത്തിലേറെ ആശ പ്രവർത്തകരുണ്ട്. കൊവിഡ് വാക്സിനേഷൻ യജ്ഞത്തിൽ ആശാ പ്രവർത്തകർ വലിയ പങ്കാണ് വഹിച്ചത്. വാക്‌സിൻ ഉത്പാദനത്തിനും വിതരണത്തിനുമുള്ള ശക്തമായ പൊതുജനാരോഗ്യ സംവിധാനമില്ലാതെ മോദി സർക്കാർ 100 കോടി വാക്സിനേഷൻ എന്ന നാഴികക്കല്ലിൽ എത്തുമായിരുന്നില്ല. ആരോഗ്യരംഗത്തെ ഈ മികവ് പതിറ്റാണ്ടുകളായുള്ള പരിശ്രമഫലമായി രാജ്യം ആർജ്ജിച്ചെടുത്തതാണ്. എന്നാൽ മുൻഗാമികളുടെ സംഭാവനകൾ അംഗീകരിക്കാൻ ഒരിക്കലും ഈ സർക്കാർ തയ്യാറായിട്ടില്ല. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പ് 2014 ൽ മാത്രമാണ് ആരംഭിച്ചതെന്ന ആഖ്യാനം സൃഷ്ടിക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഒരു ഭരണകൂടം കൂടിയാണിത്.

കൊവിഡ് വാക്സിനേഷനിലെ 100 കോടി നേട്ടം മഹാമാരിയെ നേരിടുന്നതിൽ സർക്കാരിനുണ്ടായ ഗുരുതരമായ വീഴ്ചകളിൽ നിന്ന് മോചിപ്പിക്കുന്നുമില്ല. കൊവിഡ്കാലത്ത് വലിയ ബുദ്ധിമുട്ടുകളാണ് ജനം അനുഭവിച്ചത്. നിരവധിപേർ രോഗത്തോടു കഠിനമായി മല്ലിട്ടു, നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരണപ്പെട്ടവരുടെ കണക്കുകൾ ഇപ്പോഴും വ്യക്തമായി തിട്ടപ്പെടുത്താനായിട്ടില്ല. അശാസ്ത്രീയമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ കാരണം പലായനം ചെയ്യേണ്ടിവരികയും പലയിടത്തായി കുടുങ്ങിപ്പോകുകയും ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ ദുരന്ത ചിത്രങ്ങളും രാജ്യതലസ്ഥാനത്ത് ഓക്സിജൻ സിലിണ്ടറുകളുടെ ദൗർലഭ്യം കാരണം തെരുവുകളിലും ആശുപത്രികൾക്കു മുന്നിലും ആളുകൾ മരിക്കുന്നതിന്റെയും ദൃശ്യങ്ങൾ എക്കാലവും നമ്മെ വേട്ടയാടും.

100 കോടി എന്ന നാഴികക്കല്ലിൽ എത്തുമ്പോഴും മൊത്തം ജനസംഖ്യയുടെ 21ശതമാനം മാത്രമേ രണ്ട് ഡോസ് വാക്സിനേഷൻ എടുത്തിട്ടുള്ളൂ. കൊറോണ വൈറസ് ഇപ്പോഴും പരിണാമത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. അതിനാൽ അകാല ആഘോഷങ്ങളിൽ ഏർപ്പെടാതെ വളരെ വേഗത്തിൽ എല്ലാവർക്കും രണ്ടു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി മൂന്നാം തരംഗം ഒഴിവാക്കുക എന്നതായിരിക്കണം ഇനി പ്രധാനപ്പെട്ട ലക്ഷ്യം.


(സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ബിരുദധാരിയായ ലേഖകൻ പി.ഐ ഇന്ത്യ നാഷണൽ കൊവിഡ് 19 ആക്ഷൻ ഗ്രൂപ്പിന്റെ സഹസ്ഥാപകനും കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറുമാണ്)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: 100 CRORE VACCINATION
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.