SignIn
Kerala Kaumudi Online
Friday, 26 April 2024 11.06 PM IST

എങ്ങനെ ആ​രോ​ഗ്യ​ത്തോ​ടെ സ്കൂളി​ൽ പോകാം?

school

വീണ്ടും സ്‌ക്കൂളുകൾ തുറക്കുകയാണ്. ഓൺലൈൻ പഠനത്തിൽ നിന്ന് ക്ലാസ് മുറികളിലേക്ക് കുട്ടികൾ . വീടുകളിൽ മാത്രം ചുരുങ്ങിയ പഠനകാലം സ്‌ക്കൂളിലേക്ക് കൂടുതൽ വിശാലമാകുമ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് ആരോഗ്യകരമായ സ്‌ക്കൂൾ കാലത്തിനായുള്ള തയ്യാറെടുപ്പുകളെയും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ:അരുൺ.ബി.നായർ സംസാരിക്കുന്നു.

₹കൊവിഡ് കാലത്ത് ക്ലാസ് റൂം പഠനത്തിന് കുട്ടികൾ എങ്ങനെ തയ്യാറെടുക്കണം?

കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചേ തീരു. ഇത് എത്രത്തോളം കുട്ടികൾക്ക് സാധിക്കുമെന്നത് അവർക്ക് വീടുകളിൽ നിന്ന് ലഭിച്ച പരിശീലനത്തെ ആശ്രയിച്ചിരിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും, മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം.

₹സ്‌കൂളിലേക്ക് പോകാൻ വിദ്യാർത്ഥികൾ ഭയപ്പെടേണ്ടതുണ്ടോ ?

വളരെ സ്വാതന്ത്ര്യത്തോടെ കൂട്ടുകൂടി നടക്കുന്ന സ്‌കൂൾ സാഹചര്യത്തിന് പകരം, മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് സ്വയം നിയന്ത്രിച്ച് മുന്നോട്ടു പോകേണ്ട അവസ്ഥയിലാണ് കുഞ്ഞുങ്ങൾ. ചില കുട്ടികളെങ്കിലും ആദ്യമായിട്ടായിരിക്കും സ്‌കൂൾ കാണുന്നത്. ചിലരെങ്കിലും സ്‌കൂളിൽ പോകാൻ മടിയും കഠിനമായ ഉൽക്കണ്ഠയും കാണിക്കും. ഇത്തരം കുട്ടികളെ പറഞ്ഞ് ഭയപ്പെടുത്തരുത് . സ്‌കൂൾ ശിക്ഷാകേന്ദ്രമാണെന്നമട്ടിലുള്ള വാചകങ്ങൾ മുതിർന്നവർ പറയരുത്. ധാരാളം കൂട്ടുകാരെ കിട്ടുന്ന വളരെ സന്തോഷകരമായ സ്ഥലമാണ് വിദ്യാലയമെന്നമട്ടിൽ വേണം കുട്ടികളോട് കാര്യങ്ങൾ പറയാൻ.

രക്ഷകർത്താക്കളുടെ ഇടപെടൽ ?

കുട്ടികളുടെ ദിനചര്യ ക്രമീകരിക്കുകയണ് മാതാപിതാക്കൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓൺലൈൻ ക്ലാസുകൾ സാധാരണമായതോടെ രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്ന ശീലത്തിലേക്ക് ഭൂരിപക്ഷംകുട്ടികളും എത്തിച്ചേർന്നു. രാത്രിയിൽ വളരെ വൈകി മൊബൈൽ ഉപയോഗിക്കുകയും , പകൽ ഉറക്കം തൂങ്ങുകയും ചെയ്യുന്ന അവസ്ഥ ഒട്ടേറെ കുട്ടികളെ ബാധിച്ചിട്ടുണ്ട്. ചിട്ടയായി കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ നേരത്തെ ഉണരുകയും ചെയ്യുന്ന ശീലം വികസിപ്പിച്ചെടുക്കണം. രാത്രിയിൽ ചുരുങ്ങിയത് ഏഴുമണിക്കൂറെങ്കിലും തുടർച്ചയായി ഉറക്കം കിട്ടുന്ന രീതിയിൽ സമയം ക്രമീകരിക്കണം. മാതാപിതാക്കളും ഈയൊരു ശീലത്തിലേക്ക് ചുവടു മാറ്റിയാലേ കുട്ടികൾ അതിനോട് സഹകരിക്കൂ.


ഓൺലൈനിൽ നിന്ന് ഓഫ്‌ലൈനിലേക്ക് എങ്ങനെ മാറ്റിയെടുക്കാം?

ഓൺലൈൻ വിദ്യാഭ്യാസം ശീലമായതോടെ മൊബൈൽ അടിമത്തത്തിലേക്ക് പോയ ചില കുട്ടികളുണ്ട്. ഇവരുടെ അടിമത്തം മാറ്റിയെടുക്കാനുള്ള സുവർണാവസരമാണിത്.
പ്രവൃത്തി ദിവസങ്ങളിൽ ദിവസേന ഒരു മണിക്കൂർ മാത്രമേ മൊബൈൽ ഉപയോഗിക്കാൻ പാടുള്ളൂ . രാത്രി 10 മണിക്ക് ശേഷം ഉപയോഗിക്കരുത്. കായിക വ്യായാമങ്ങൾക്കും, സംഗീതം തുടങ്ങിയ വിനോദങ്ങൾക്കും സമയം ചെലവിടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

കുട്ടികളുടെ ഭക്ഷണ ക്രമീകരണത്തിൽ മാറ്റം വേണമോ?

വീട്ടിൽ നിന്നപ്പോൾ ഇഷ്ടമുള്ള സമയത്ത് ഭക്ഷണം കഴിയിക്കുന്ന ശീലം ഇനി പാടില്ല. രാവിലെ താമസിച്ച് ഭക്ഷണം കഴിച്ച് പലരും ശീലിച്ചു. അതിനാൽ സ്‌ക്കൂളിൽ പോകാൻ തുടങ്ങുമ്പോൾ രാവിലെ നേരത്തെ ഭക്ഷണം കഴിക്കാൻ പലർക്കും കഴിയാതെ വരും, വിശപ്പില്ലെന്ന കാരണത്താൽ പ്രഭാതഭക്ഷണം കഴിക്കാതെ സ്‌കൂളിൽ പോകുന്നത് അനാരോഗ്യകരമാണ്. പകൽ സമയത്ത് ചെയ്യേണ്ട പഠനപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജം കുട്ടിക്ക് ലഭിക്കുന്നത് പ്രഭാതഭക്ഷണം വഴിയാണ്. രാവിലെ നേരത്തെ ഉണർന്നു പ്രാതൽ കഴിക്കുന്ന ശീലം കുട്ടികളിൽ വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പ്രഭാത ഭക്ഷണം കഴിക്കാതെ ദീർഘനേരം വിശന്നിരിക്കുന്ന ശീലം അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കും

പഠനവൈകല്യമുള്ള കുട്ടികളെ എങ്ങനെ പ്രോത്സാഹിപ്പിക്കണം?

അത്തരം കുട്ടികളെ ഒറ്റപ്പെടുത്താതെ അവർക്കാവശ്യമായ പ്രശ്‌ന പരിഹാര വിദ്യാഭ്യാസം നൽകി മുഖ്യധാരയിലെത്തിക്കാൻ ശ്രമിക്കണം.. ആധുനിക കാലത്തിന്റെ ഉൽപ്പന്നങ്ങളായ വൈകാരിക പ്രശ്‌നങ്ങളും ഉൽക്കണ്ഠ രോഗങ്ങളും കൗമാരപ്രായക്കാരിൽ സാധാരണമായി കണ്ടുവരാറുണ്ട്. തുടർച്ചയായ വിഷാദം, മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താല്പര്യമില്ലായ്മ, അകാരണമായക്ഷീണം,ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളുടെയുംപ്രവൃത്തികളുടെയും വേഗതയിൽകുറവ്, നിരാശയും പ്രതീക്ഷയില്ലായ്മയും, ആത്മഹത്യാപ്രവണത എന്നീ ലക്ഷണങ്ങളിൽ ഏതെങ്കിലും രണ്ടാഴ്ചയിലേറെ തുടർച്ചയായി നീണ്ടുനിൽക്കുകയാണെങ്കിൽ വിഷാദ രോഗമുണ്ടോ എന്ന്‌സംശയിക്കണം. ഇത്തരം കുട്ടികൾക്ക് മാനസികാരോഗ്യവിദഗ്ധന്റെ സഹായം ലഭ്യമാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.