തലശ്ശേരി: കൈയിൽ നിന്ന് പടക്കം പൊട്ടി യുവാവിന്റെ ഇടത് കൈപ്പത്തിയും വലത് കൈവിരലുകളും അറ്റു. കതിരൂർ വേറ്റുമ്മൽ സ്വദേശി അഫ്നാസിൽ ഉനൈസിനാണ് (23) ഗുരുതരമായി പരിക്കേറ്റത്. ഈയാളെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്തക്രിയയ്ക്ക് വിധേയനാക്കി.
ദീപാവലി നാളിൽ വൈകിട്ട് നാലരയോടെ കതിരൂർ ആറാം മൈൽ കുന്നിന് മീത്തലിലുള്ള സുഹൃത്തിന്റെ ലഘുഭക്ഷണശാലയിലാണ് സംഭവം. രണ്ടാഴ്ച മുൻപ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഉനൈസ് ഇന്നലെ സുഹൃത്ത് സിനാനുമൊത്ത് തലശ്ശേരിയിൽ വന്ന് വീട്ടിലേക്ക് തിരിച്ചു പോവുന്നതിനിടയിൽ കതിരൂരിലെ പടക്കക്കടയിൽ നിന്നും വാങ്ങിയ ഗുണ്ട് ഉൾപ്പെടെയുള്ള പടക്കങ്ങളാണ് അപകടം വരുത്തിയത്. പടക്കങ്ങളുമായി ഇരുവരും ആറാം മൈലിലെ സുഹൃത്തിന്റെ കടയിലെത്തി. ചായയും ബർഗറും ഓർഡർ ചെയ്ത് പുറത്തിറങ്ങിയ ഉനൈസ് വരാന്തയിൽ നിന്ന് സഞ്ചിയിലെ പടക്കങ്ങളിൽ ഒന്നെടുത്ത് കൈയിൽ വെച്ച് തീകൊളുത്തുകയായിരുന്നു. തീ പിടിച്ച ഗുണ്ട് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ പൊട്ടുകയായിരുന്നു. അവധി കഴിഞ്ഞ് ഈ ആഴ്ച ഗൾഫിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |