ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് 2019ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 40നും ഇടയിൽ പ്രായമുള്ളവർക്കും സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ ക്ലബുകൾക്കും അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാദ്ധ്യമ പ്രവർത്തനം (അച്ചടി മാദ്ധ്യമം, ദൃശ്യമാദ്ധ്യമം), കല, സാഹിത്യം, ഫൈൻ ആർട്സ്, കായികം (വനിതാ, പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളിൽ ഓരോ വ്യക്തിക്ക് വീതമാണ് പുരസ്‌കാരം. സ്വയം അപേക്ഷ സമർപ്പിക്കുകയോ നാമനിർദ്ദേശം നടത്തുകയോ ചെയ്യാം. 50,000 രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. അപേക്ഷകൾ നവംബർ 15നകം ജില്ലാ യുവജന കേന്ദ്രത്തിൽ ലഭിക്കണം. അപേക്ഷാ ഫാറം ജില്ലാ യുവജന കേന്ദ്രത്തിലും യുവജനക്ഷേമ ബോർഡിന്റെ വെബ്സൈറ്റിലും (www.ksywb.kerala.gov.in) ലഭിക്കും. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജനകേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ, തത്തംപള്ളി പി.ഒ, ആലപ്പുഴ. ഫോൺ: 0477 2239736.