സ്‌പേസ്എക്‌സിന് കീഴിലുള്ള സ്‌റ്റാർലിങ്ക് ഇന്ത്യൻ ടെലികോം കമ്പനികളുമായി സഹകരിക്കും
ന്യൂഡൽഹി: ലോകത്തെ ഏറ്റവും സമ്പന്നനായ എലോൺ മസ്‌ക് ഇന്ത്യയിൽ ബ്രോഡ്ബാൻഡ് വിപ്ളവത്തിനൊരുങ്ങുന്നു. മസ്‌ക് നയിക്കുന്ന ബഹിരാകാശ പര്യവേക്ഷണ ടെക്‌നോളജി കമ്പനിയായ സ്‌പേസ്എക്‌സിന്റെ ബ്രോഡ്ബാൻഡ് വിഭാഗമായ സ്‌റ്റാർലിങ്ക്, ഇന്ത്യൻ ടെലികോം കമ്പനികളുമായി സഹകരിച്ച് ഇന്ത്യയിൽ ബ്രോഡ്ബാൻഡ് സേവനം നൽകുമെന്ന് പ്രഖ്യാപിച്ചു.
ജിയോ, എയർടെൽ, വീ, ഭാരത്‌നെറ്റ് എന്നിവയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മുഖ്യമായും ഗ്രാമീണ മേഖലകളെയാണ് ലക്ഷ്യമിടുന്നതെന്ന് സ്‌റ്റാർലിങ്ക് ഇന്ത്യ കൺട്രി ഹെഡ് സഞ്ജയ് ഭാർഗവ വ്യക്തമാക്കി. പ്രാരംഭഘട്ടത്തിനായി പത്ത് ഗ്രാമീണ ലോക്‌സഭാ മണ്ഡലങ്ങളെ കണ്ടെത്തി. തുടക്കത്തിൽ (ബീറ്റ ഘട്ടം) സെക്കൻഡിൽ 50 മുതൽ 150 വരെ മെഗാബിറ്റ് ഇന്റർനെറ്റ് വേഗമാണ് സ്‌റ്റാർലിങ്ക് ലഭ്യമാക്കുക. പിന്നീടിത് ഒരു ജിബിയാക്കും. ഇതിനകം 5,000 പ്രീ-ഓർഡറുകൾ സ്‌റ്റാർലിങ്കിന് ലഭിച്ചു. ഉപഭോക്താവിൽ നിന്ന് 99 ഡോളർ (7,300 രൂപ) നിക്ഷേപം ഈടാക്കിയാണ് സേവനം ലഭ്യമാക്കുക. മസ്‌ക് സി.ഇ.ഒയായ ഇ-വാഹന കമ്പനി ടെസ്‌ലയുടെ ഇന്ത്യാ പ്രവേശനവും വൈകാതെ ഉണ്ടായേക്കും.
സ്‌റ്റാർലിങ്കിന്റെ ബ്രോഡ്ബാൻഡ്
സ്‌റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌തത് ഈമാസം ഒന്നിന്.
തുടർന്ന് ഇതുവരെ നേടിയത് 5,000 പ്രീ-ബുക്കിംഗുകൾ
പരീക്ഷണത്തിനുള്ള ലൈസൻസിനും പിന്നീട് നിയന്ത്രിത വാണിജ്യാധിഷ്‌ഠിത സേവനത്തിനുള്ള ലൈസൻസിനുമായി കമ്പനി ഉടൻ അപേക്ഷിക്കും
പരീക്ഷണകാലത്ത് 100 കണക്ഷനുകൾ നൽകും. ഇതിൽ 20 എണ്ണം ഡൽഹിയിലെ സ്കൂളുകളിലും ബാക്കി തിരഞ്ഞെടുക്കപ്പെട്ട പിന്നാക്ക ജില്ലകളിലും
10 ലോക്‌സഭാ മണ്ഡലങ്ങളിലായി 12 പിന്നാക്ക ജില്ലകളെയാണ് പ്രാരംഭ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തുക
ഡിസംബറോടെ രണ്ടുലക്ഷം ബ്രോഡ്ബാൻഡ് ടെർമിനലുകൾ സ്ഥാപിക്കും; ഇതിൽ 80 ശതമാനവും പിന്നാക്ക ജില്ലകളിൽ