SignIn
Kerala Kaumudi Online
Tuesday, 15 September 2026 7.29 PM IST

ലഖിംപൂർ കൂട്ടക്കൊലയിൽ സുപ്രീംകോടതി , ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്?

supreme-court

ന്യൂഡൽഹി: കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും കൂട്ടാളികളും ചേർന്ന് ലഖിംപൂരിൽ കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ യു.പി പൊലീസ് ഒരു പ്രത്യേക പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

അന്വേഷണം കോടതി പ്രതീക്ഷിച്ച ദിശയിലല്ല നീങ്ങുന്നതെന്ന് നിരീക്ഷിച്ച മൂന്നംഗ ബെഞ്ച് കേസ് അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്നും വാക്കാൽ പറഞ്ഞു.

'വിശ്വാസയോഗ്യവും നിഷ്‌പക്ഷവുമായ അന്വേഷണത്തിന് ഇത് അനിവാര്യമാണ്. ജഡ്ജി ആരാണെന്ന് ബെഞ്ച് തീരുമാനിക്കും. ജഡ്ജി ഉത്തർപ്രദേശിന് പുറത്തുള്ള വ്യക്തിയായിരിക്കുമെന്നും' സുപ്രീംകോടതി വ്യക്തമാക്കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജഡ്ജിമാരായ രാകേഷ് കുമാർ ജയിൻ, രഞ്ജീത് സിംഗ് എന്നിവരുടെ പേരുകളും ജസ്റ്റിസ് സൂര്യകാന്ത് നിർദ്ദേശിച്ചു.

യു.പി. സർക്കാർ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിന്മേലുള്ള വാദത്തിൽ മൂന്നാം ദിവസവും അതൃപ്തി രേഖപ്പെടുത്തിയ ബെഞ്ച് പത്ത് ദിവസത്തെ സമയം നൽകിയിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് രൂക്ഷമായി വിമർശിച്ചു.

'ലാബ് റിപ്പോർട്ടുകൾ പോലുമില്ല. കർഷകർക്കെതിരെ നടന്ന അക്രമവും ആൾക്കൂട്ട ആക്രമണം നടന്നു എന്ന എതിർഭാഗത്തിന്റെ പരാതിയിലും വെവ്വേറെ അന്വേഷണം നടത്തണം. സാക്ഷിമൊഴികൾ വ്യത്യസ്തമായും സ്വതന്ത്രമായും രേഖപ്പെടുത്തണം. രണ്ട് കേസുകളിലെയും എഫ്.ഐ.ആറുകൾ കൂട്ടിക്കലർത്തിയതിലൂടെ ഏതെങ്കിലും ഒരു പ്രത്യേക പ്രതിക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമമുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഒരു കേസിന് വേണ്ടി ശേഖരിച്ച തെളിവുകൾ അടുത്ത കേസിന് വേണ്ടിയും ഉപയോഗിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് അധികരേഖകൾ ഉടൻ സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

16 പേരിൽ ഒരാളെ ഫോൺ ഉപയോഗിക്കുന്നുള്ളോ?

പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ മാത്രമാണ് യു.പി. പൊലീസ് ഇതുവരെ പിടിച്ചെടുത്തത്. കേസിലെ ഒരേയൊരു പ്രതി മാത്രമേ മൊബൈൽ ഉപയോഗിച്ചിരുന്നുള്ളോ എന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്‌ലിയുടെ ചോദ്യം. അങ്ങനെയാണ് പൊലീസിന് ലഭിച്ച മൊഴിയെന്നും പ്രതികൾ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും യു.പി. പൊലീസിനായി ഹരീഷ് സാൽവെ വ്യക്തമാക്കി. ആശ്ചര്യമെന്ന് ബെഞ്ച് പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360