മലയാള സിനിമയിലെ യുവതാരങ്ങളിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കുറുപ്പ് കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം വീണ്ടും തുറന്ന തിയേറ്ററുകളിൽ ഉത്സവ ലഹരി പടർത്തി തേരോട്ടം തുടങ്ങി.
ലോകവ്യാപകമായി 2000-ൽപ്പരം സ്ക്രീനുകളിൽ അഞ്ച് ഭാഷകളിലായി റിലീസ്ചെയ്ത കുറുപ്പ് കേരളത്തിൽ മാത്രം 550-ൽപ്പരം സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്.തിരുവനന്തപുരത്തെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്ത ആദ്യ ചിത്രമെന്ന ഖ്യാതി നേടിയ കുറുപ്പ് ആദ്യ ദിന കളക്ഷനിലും റെക്കാർഡിട്ട് കഴിഞ്ഞു.നടനെന്ന നിലയിലും താരമെന്ന നിലയിലും ദുൽഖറിന്റെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായി ഇനി കുറുപ്പും വിലയിരുത്തപ്പെടുമെന്നുറപ്പ്.
ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പിന്റെയും സംവിധായകൻ.
മുപ്പത്തിയേഴ് വർഷങ്ങൾക്കിപ്പുറവും കേരള പൊലീസിന് തീരാകളങ്കമായി നിൽക്കുന്ന സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളിയുടെ ജീവിതം ഭാവനയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുന്ന കുറുപ്പ് മലയാളത്തിലെ ലക്ഷണമൊത്ത ക്രൈം ഡ്രാമകളിലൊന്നാണെന്ന അഭിപ്രായമാണ് പ്രേക്ഷകർക്ക്. കൊടും കുറ്റവാളിയെ ഗ്ളോറിഫൈ ചെയ്യാതെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചുവെന്നത് തന്നെയാണ് കുറുപ്പിന്റെ മാർക്ക്. എല്ലാവർക്കും അറിയാവുന്ന വ്യക്തിയെയും കഥയെയും എൻഗേജ്ഡ് ആയി അവതരിപ്പിച്ച സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റെ ക്രാഫ്റ്റ് കൈയടി അർഹിക്കുന്നുണ്ട്.ഫിലിം റെപ്രസെന്റേറ്റീവായ ചാർളിയുടെ തിരോധാനത്തിന് ശേഷം അപ്രത്യക്ഷനാകുന്ന കുറുപ്പും ആ തിരോധനത്തിന് പിന്നാലെ സഞ്ചരിക്കുന്ന ഡിവൈ.എസ്.പി കൃഷ്ണദാസുമാണ് കുറുപ്പിനെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങൾ.തിരക്കഥയിലെയും അവതരണത്തിലെയും കൈയടക്കം സിനിമയിൽ അടിമുടി ദുരൂഹതയും ഉദ്വേഗവും നിലനിറുത്തുന്നതിൽ വിജയിച്ചിട്ടുണ്ട്.
വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളിൽ കുറുപ്പായി ചിത്രത്തിൽ നിറഞ്ഞാടുകയാണ് ദുൽഖർ.ഡിവൈ.എസ്.പി കൃഷ്ണദാസിനെ അവതരിപ്പിച്ച ഇന്ദ്രജിത്തും, കുറുപ്പിന്റെ ഭാര്യ ശാരദയെ അവതരിപ്പിച്ച ശോഭിത ധൂലി പാലയും ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.കാലഘട്ടങ്ങളെ യാഥാർത്ഥ്യബോധത്തോടെ പുനരാവിഷ്കരിച്ചതിൽ കാമറാമാൻ നിമിഷ് രവിയുടെയും കലാസംവിധായകൻ ബംഗ്ളാന്റെയും പങ്ക് എടുത്ത് പറയണം. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതമാണ് കുറുപ്പിന്റെ മറ്റൊരു ഹൈലൈറ്റ്.അപ്രതീക്ഷിതമായ 'ടെയ്ൽ എൻഡ് പഞ്ച്" ആരാധകരെ കോരിത്തരിപ്പിക്കുന്നുണ്ട്.
ടൊവിനോ തോമസ്, അനുപമ പരമേശ്വരൻ എന്നിവർ അതിഥി താരങ്ങളായി കുറുപ്പിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |