യേശുദാസിന്റെ മകൻ എന്ന വിലാസം നൽകുന്ന ഗുണം, ദോഷം?
ഏറ്റവും കൂടുതൽ ഗുണം തന്നെയാണ്. ദോഷമായി കണ്ടാൽ മാത്രമേ അങ്ങനെ മാറുന്നുള്ളൂ. ചിന്താഗതിപോലെയായിരിക്കും ഗുണവും ദോഷവും. തുടക്കകാലത്ത് നിരാശ അനുഭവപ്പെട്ടു. എന്നാൽ പിന്നെ അതിനെ പോസിറ്റീവായി മാറ്റാൻ സാധിച്ചു. ഗുണ ദോഷങ്ങൾ കണ്ട് മുൻപോട്ട് പോവാൻ വഴി കണ്ടുപിടിച്ചു.
വിജയ് കൂടുതൽ വഴക്ക് കേട്ടത് എന്തിനായിരിക്കും?
ശബ്ദത്തെ ചിട്ടകളോടെ കാത്തുസൂക്ഷിക്കാൻ അപ്പ ശ്രദ്ധിക്കുന്ന കാര്യങ്ങളെ പിന്തുടരാതെ വരുമ്പോൾ, എപ്പോഴെങ്കിലും ഐസ് ക്രീമോ ചോക്ളേറ്റോ കഴിക്കുന്നത് കണ്ടാൽ, അമിതമായി വ്യായാമം ചെയ്താൽ, സാധകം മുടങ്ങിയാൽ അപ്പ വഴക്ക് പറയാതെ വിമർശിക്കാറുണ്ട്.
അച്ഛനും ഗുരുവും ഒരാൾ തന്നെയാകുന്നതിന്റെ പ്രത്യേകത?
രണ്ടു രീതിയിലും അതിന്റേതായ കാർക്കശ്യമുണ്ട്. അത് നല്ലതാണ്.ആധികാരികമായും സാവധാനത്തിലും ചിട്ടയോടെ പാടിയാൽ മാത്രമേ അപ്പ എന്ന ഗുരു തൃപ്തനാകൂ. അതുകാരണം ഞാനും കുറെ കാര്യത്തിൽ മികവ് പുലർത്താൻ ആത്മാർത്ഥ ശ്രമം നടത്തുന്നു.
അപ്പയ്ക്ക് ലഭിച്ച ബഹുമതികളിൽ വിജയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്?
ഏഴ് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചത് അഭിമാന നേട്ടമായി കരുതുന്നു.
മകൻ എന്ന നിലയിലുള്ള സ്നേഹം എപ്പോഴെങ്കിലും ആരാധനയായി മാറിയിട്ടുണ്ടോ?
ആളുകൾ വന്നു അപ്പയുടെ കാര്യം അന്വേഷിക്കുമ്പോഴും സ്നേഹം അറിയിക്കണമെന്ന് പറയുമ്പോഴും അപ്പ എന്റെ മാത്രം സ്വന്തമല്ലെന്ന തോന്നൽ അനുഭവപ്പെടാറുണ്ട്. ഞങ്ങൾക്കുകൂടി സ്വന്തം എന്ന ചിന്തയിലാണ് അവർ സംസാരിക്കുന്നത്. അത് നല്ല ഒരു അനുഭവമാണ്.അപ്പോൾ ആരാധനയായി മാറും.
എൺപതിന്റെ പടി കടക്കുന്ന അച്ഛന്റെയും നാല്പത് പിന്നിടുന്ന മകന്റെയും സ്വരത്തിന് ഇരുപതിന്റെ യുവത്വം?
ശബ്ദം നന്നായി കൊണ്ടുപോകുന്നത് എങ്ങനെ എന്ന് അപ്പയോടുതന്നെ ചോദിക്കണം. പാട്ടിൽ മുഴുകി ആസ്വദിച്ച് പാടാനാണ് ഞാൻ ശ്രമിക്കുക. ശബ്ദം നന്നാവണമെന്ന് ചിന്തിക്കാറുണ്ട്. എന്നാൽ അപ്പ വലിയ ശ്രദ്ധയും കണിശതയും സമർപ്പണവും നടത്തുന്നു. അതേപോലെ പുതിയ കാലത്ത് ഒരു ഗായകന് സാധിക്കില്ല. ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.ശബ്ദത്തിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാതെ കൊണ്ടുപോകുന്നു.
അപ്പയുടെ ജീവിതത്തിൽനിന്ന് പകർത്തിയത് എന്തായിരിക്കും?
ലാളിത്യം പിന്തുടരുന്നു.എത്ര ഉന്നത നിലയിൽ എത്തിയാലും ഒന്നും നമ്മുടെ കൈ യിലല്ല. അപ്പ അതിനെ ദൈവികമായ രീതിയിൽ സമീപിക്കുമ്പോൾ ഞാൻ ഒരു സാധാരണ മനുഷ്യനെപോലെ കാണുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |