SignIn
Kerala Kaumudi Online
Saturday, 27 April 2024 10.30 AM IST

ടൂറിസത്തിന് കുതിപ്പേകാൻ കാരവൻ പാർക്കുകൾ

caravan

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരവൻ ടൂറിസത്തിന്റെ ഭാഗമായി കാരവൻ പാർക്കുകളും ഒരുങ്ങുന്നു. കായൽപ്പരപ്പിലെ ഹൗസ്ബോട്ട് മാതൃകയിൽ റോഡ്മാർഗം സഞ്ചരിച്ചും സുരക്ഷിതമായി താമസിച്ചും കേരളത്തിന്റെ ടൂറിസം കാഴ്‌ചകളിലേക്കിറങ്ങി ചെല്ലാൻ സഞ്ചാരികൾക്ക് അനുയോജ്യമായ വാഹനങ്ങളാണ് കാരവനുകൾ.

സംസ്ഥാനത്തെ ടൂറിസം, ഹോസ്‌പിറ്റാലിറ്റി രംഗത്തെ സംരംഭകരാണ് പ്രകൃതിക്ക് കോട്ടംവരാതെ കാരവൻ പാർക്കുകൾ സ‌‌ജ്ജമാക്കുന്നത്. സംസ്ഥാനത്ത് ആദ്യ കാരവൻ ടൂറിസം പദ്ധതിക്ക് തുടക്കമിട്ട ബോബി ടൂർസ് ആൻഡ് ട്രാവൽസ് ഉൾപ്പെടെ അഞ്ചോളം സംരംഭകർ ഇതിനകം പാർക്ക് നിർമ്മാണത്തിന് സന്നദ്ധരായിട്ടുണ്ട്. മറയൂരിന് സമീപം വയൽകടവ് എസ്‌റ്റേറ്റിലെ അഞ്ചേക്കറിൽ സി.ജി.എച്ച് ഗ്രൂപ്പ് പാർക്ക് സജ്ജീകരിക്കും.

ബോബി ചെമ്മണൂർ ഗ്രൂപ്പ്, ഹാരിസൺ മലയാളം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവയും കാരവൻ പാർക്കുകൾ ഒരുക്കും. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലായി അഞ്ചു പാർക്കുകളാണ് നിലവിൽ പരിഗണിക്കുന്നത്.

യാത്ര പോകാം,

കേരളത്തിന്റെ

ഹൃദയത്തിലേക്ക്

കേരളത്തിന്റെ ഉൾനാടുകളെയും ഇതുവരെ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാത്ത അതിമനോഹര പ്രദേശങ്ങളെയും മുഖ്യധാരയിലെത്തിക്കുക കൂടിയാണ് കാരവൻ ടൂറിസത്തിന്റെ ലക്ഷ്യം. നെൽവയൽ ആസ്വാദനം, മത്സ്യബന്ധന സമൂഹത്തെ അടുത്തറിയൽ, പരമ്പരാഗത വ്യവസായങ്ങളും കരകൗശലവിദ്യകളും മനസിലാക്കൽ തുടങ്ങിയ സാദ്ധ്യതകളുണ്ട്.

പ്രാദേശിക സമൂഹം,​ തദ്ദേശ സ്ഥാപനങ്ങൾ,​ ചെറുകിട - സൂക്ഷ്മ സംരംഭകർ,​ ആർട്ടിസ്റ്റുകൾ,​ കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവർക്ക് വാണിജ്യ അവസരങ്ങളും തൊഴിൽ സാദ്ധ്യതയും ഉറപ്പാക്കുന്ന കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം ദൗത്യങ്ങളുമായും ബന്ധപ്പെടുത്തും.

കാരവൻ ചട്ടങ്ങൾ

ടൂറിസം സീസണിൽ മാത്രമല്ല, മുഴുവൻ സമയവും കാരവൻ പാർക്കുകൾ പ്രവർത്തനക്ഷമമായിരിക്കണം. എല്ലാ ലൈസൻസുകളും നിർബന്ധം. അഗ്നിശമനം, മാലിന്യ നിർമാർജന സംവിധാനം, വൈദ്യുതി, ജലം, മലിനീകരണ നിയന്ത്രണ സംവിധാനം എന്നിവ വേണം. പബ്ലിക് ലയബിലിറ്റി ഇൻഷ്വറൻസും ആവശ്യമാണ്.

കാരവൻ പാ‌ർക്കിന് വേണ്ടത്

 കുറഞ്ഞത് 50 സെന്റ് ഭൂമി

 അഞ്ച് വാഹനങ്ങൾ പാർക്ക് ചെയ്യാനാകണം

 ചുറ്റുമതിലും നിരീക്ഷണ കാമറകളും

 ജലസംഭരണികൾ, വിനോദത്തിനുള്ള ഇടങ്ങൾ

 ഡ്രൈവ് ഇൻ ഏരിയ, വാഹനങ്ങൾ തിരിക്കുന്ന ഇടങ്ങൾ

ആദ്യ പാർക്ക് മറയൂരിൽ

മറയൂരിലെ വയൽക്കടവിൽ തേയിലത്തോട്ട പശ്ചാത്തലത്തിൽ അഞ്ചേക്കറിലാണ് ആദ്യ പാർക്ക് സജ്ജമാകുന്നത്. അഞ്ച് കാരവനുകൾ ഒരേസമയം പാർക്ക് ചെയ്യാം. ആക്ടിവിറ്റി ഏരിയ, താമസസ്ഥലം, ഡ്രൈവർമാർക്കുള്ള വിശ്രമമുറികൾ, ഭക്ഷണശാല തുടങ്ങിയവയും ഉണ്ടാകും.

ഓൺലൈൻ പോർട്ടൽ

കാരവൻ പാർക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് https://www.keralatourism.org/keravan-kerala/register-park/caravan-parkൽ രജിസ്‌റ്റർ ചെയ്യാം.

കാരവൻ സൗകര്യം

നാലുപേർക്ക് താമസിക്കാനുള്ള കിടപ്പറയും ഇരിപ്പിടവും ഡൈനിംഗ് ടേബിളും പാചകമുറിയും ടോയ്ലറ്റുമുൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കാരവനിൽ ഉണ്ടാകും. മറ്റ് പ്രധാന സൗകര്യങ്ങൾ:

 സോഫ-കം-ബെഡ്

 ഡൈനിംഗ് ടേബിൾ

 ടോയ്‌ലറ്റ് ക്യുബിക്കിൾ

 ഫ്രിഡ്ജ്, മൈക്രോവേവ് ഒവൻ

 എ.സി., ഇന്റർനെറ്റ്

 ഓഡിയോ, വീഡിയോ, ജി.പി.എസ്., ചാർജിംഗ് സംവിധാനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CARAVAN, KERALA TOURISM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.