ആലപ്പുഴ: എലിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ഡോക്‌സിസൈക്ലിൻ കാമ്പയിനിന്റെ ഭാഗമായി ഇന്ന് ഡോക്സി ദിനം ആചരിക്കും. രാവിലെ 10ന് കളക്ട്രേറ്റിൽ കളക്ടർ എ.അലക്സാണ്ടർ, ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ ഡോക്സി സൈക്ലിൻ ഗുളിക കഴിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ദിനാചരണം നടത്തും.
ജില്ലയിൽ കഴിഞ്ഞമാസം 25 പേർക്ക് എലിപ്പനി ബാധിച്ചു. ഈവർഷം ഇതുവരെ രോഗം ബാധിച്ച് ആറു പേരുടെ ജീവൻ പൊലിഞ്ഞു. യഥാസമയം ശരിയായ ചികിത്സ ലഭിച്ചാൽ എലിപ്പനിമൂലമുള്ള മരണം ഒഴിവാക്കാം.തുടർച്ചയായ മഴ മൂലം ജില്ലയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. മലിന ജലവും മണ്ണുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കൽ 200 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം. ഗുളിക സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും. ആഹാരം കഴിച്ചതിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്.വിവിധ വകുപ്പുകളേയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് എലിപ്പനി പ്രതിരോധം ഊർജ്ജിതമാക്കുന്നിനു മുന്നോടിയായി ആരോഗ്യ വകുപ്പിന്റെ നേതൃത്തിൽ നാളെ രാവിലെ 10.30ന് ശില്പശാല നടക്കും. ബ്രദേഴ്സ് ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ശില്പശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഈ വർഷം ജില്ലയിൽ
എലിപ്പനി ബാധിച്ച് മരിച്ചത് : 6പേർ
എലിപ്പനി ബാധിച്ചവർ : 25
ആഴ്ചയിലൊരിക്കൽ 200 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം.
ഗുളിക സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും.