മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷനിലെ തൃശ്ശിലേരി ആനപ്പാറയിൽ നിന്ന് ചന്ദനം മുറിച്ചുകടത്താൻ ശ്രമം. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മരുതോങ്കര തോട്ടത്തിൽ നിന്ന് മുറിച്ച് കടത്തികൊണ്ടുപോകാനായി റോഡരികിൽ എത്തിച്ച ചന്ദനം ഫ്ളയിംഗ് സ്ക്വാഡ് പിടികൂടി. ഏകദേശം 200 കിലോഗ്രാം തൂക്കമുള്ള ചന്ദന തടികളാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഹാഷിഫ് കേളോത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബീരാൻകുട്ടി, ഫോറസ്റ്റ് ഓഫീസർമാരായ ജസ്റ്റിൻ ഹോൾഡൻ റൊസാരിയോ, സി. രജീഷ്, ഡ്രൈവർ വി.എസ്.രാജീവ് എന്നിവരാണ് ചന്ദനം പിടികൂടിയത്. പ്രതികൾക്കുവേണ്ടി അന്വേഷണം നടക്കുന്നതായി അധികൃതർ പറഞ്ഞു.