SignIn
Kerala Kaumudi Online
Monday, 23 May 2022 11.50 PM IST

നാടോടുമ്പോൾ തിരിഞ്ഞോടുന്ന കെ.എസ്.ആർ.ടി.സി

photo

മരണവ്യാപനം നടത്തിയ കൊവിഡ് വിപത്തിനെ പിടിച്ചുകെട്ടി നാട് കരുത്തോടെ മുന്നേറുകയാണ്. നാടോടുമ്പോൾ നടുവെ ഒാടണമെന്നാണ് ചൊല്ല്. എന്നാൽ, ഇൗ ഒാട്ടത്തിൽ നിന്ന് തിരിഞ്ഞോടുന്ന ഒരേയൊരു വിഭാഗമാണ് കെ.എസ്.ആർ.ടി.സി. കൊവിഡിന് മുൻപ് ജനങ്ങൾക്ക് ഉപകാരപ്രദവും ലാഭകരവുമായിരുന്ന സർവീസുകളേറെയും കൊവിഡിന് ശേഷം തുടങ്ങാതെ ബസുകൾ ഷെഡ്ഡിലിട്ടിരിക്കുന്നു. ഗ്രാമീണ മേഖലകളിലും സംസ്ഥാന പാതകളിലും രാത്രിയാത്രയ്ക്ക് ബസുകളില്ലാതെയായി. പഴയ ബസ് യാത്രയുടെ ഒാർമകൾ പേറി രാത്രി ഇരുട്ടത്ത് നില്‌ക്കുന്ന യാത്രക്കാരെ പെരുവഴിയിൽ കാണാം. നിന്നുനിന്ന് ബസ് സർവീസിന്റെ സമയം കഴിയുമ്പോൾ മുന്നിലെത്തുന്ന ഒാട്ടോറിക്ഷക്കാർക്ക് ചോദിക്കുന്ന പണം കൊടുത്ത് വീടുകളിലെത്തുന്നവരാണ് ഏറെയും. സാമൂഹിക പ്രതിബദ്ധതയോടെ പൊതുഗതാഗത സർവീസുകൾ നടത്തുന്നുവെന്ന് അവകാശപ്പെട്ടിരുന്ന കെ.എസ്.ആർ.ടി.സിക്ക് കൊവിഡിന് ശേഷം മട്ടുമാറിയിരിക്കുകയാണ്. യാത്രക്കാർ ആവശ്യപ്പെട്ടാലും സർവീസുകൾ നടത്തില്ല. പരാതിപ്പെട്ടാൽ യാത്രക്കാർ ഇല്ലെന്ന വിചിത്രവാദം യാത്രക്കാരോടു തന്നെ പറയുന്നു.

രാത്രിയാത്രയ്ക്ക് ബസുകളില്ലെന്ന് പരാതിപ്പെടുന്നവരോട് ഗതാഗതമന്ത്രിയും പറയുന്നത് ഉദ്യോഗസ്ഥരുടെ ന്യായമാണ്. യാത്രക്കാരില്ലെന്ന കണക്കാണ് തനിക്ക് കിട്ടിയതെന്ന വാദമാണ് മന്ത്രിക്കും. ഇന്ധന വിലവർദ്ധന ബാധകമല്ലാതെ സർക്കാർ വണ്ടികളിൽ പായുന്ന മന്ത്രിയും ഉദ്യോഗസ്ഥ പരിവാരങ്ങളും നോക്കുന്ന സമയത്ത് റോഡിൽ യാത്രക്കാരെ കാണണമെന്നില്ല. ജോലി സമയം കഴിഞ്ഞ് ഏറെ വൈകി വീടണയാൻ കാത്തുനില്‌ക്കുന്നവരുടെ ദുരിതങ്ങളറിയാൻ ഉദ്യോഗസ്ഥർ സർക്കാർ വണ്ടികളിൽ നിന്ന് ഇറങ്ങി ബസ് സ്റ്റോപ്പുകളിലേക്കെത്തണം.

ഏഴിന് ഉറങ്ങുന്ന നഗരം

ജില്ലാ ആസ്ഥാനമാണ് പത്തനംതിട്ട നഗരം. പക്ഷെ, വികസന കാര്യത്തിൽ മന്ദതയാണ്. സമീപ നഗരങ്ങളായ എം.സി റോഡിലെ തിരുവല്ലയും അടൂരും അതിവേഗം വളർന്നു കൊണ്ടിരിക്കുന്നു. ഇൗ നഗരങ്ങളെയും പത്തനംതിട്ടയെയും തമ്മിൽ താരതമ്യം ചെയ്താൽ അറിയാം എവിടെയാണ് പത്തനംതിട്ടയ്ക്ക് കുഴപ്പം സംഭവിച്ചതെന്ന്. വൈകിട്ട് ഏഴ് മണിയായാൽ പത്തനംതിട്ട വിജനമാകും. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ആളൊഴിയും. ആളുകൾ പത്തനംതിട്ടയിൽ നിന്ന് ഒഴിഞ്ഞുപോകാൻ കാരണം പൊതുഗതാഗതം വൈകിട്ട് ഏഴുമണിയോടെ അവസാനിക്കുന്നതു കൊണ്ടാണ്. നാടിന്റെ വികസന മുന്നേറ്റത്തിൽ ഗതാഗതസൗകര്യങ്ങൾ പ്രധാനമാണ്. പത്തനംതിട്ട നഗരത്തിൽ നിന്ന് ജില്ലയുടെ ഗ്രാമപ്രദേശങ്ങളിലേക്കാേ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലേക്കോ രാത്രി ഏഴുമണി കഴിഞ്ഞാൽ യാത്രാ സൗകര്യമില്ല. കൊവിഡിന് മുൻപ് രാത്രി എട്ടര വരെ കോട്ടയം, കൊല്ലം ജില്ലാ ആസ്ഥാനങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയിരുന്നു. ഗ്രാമങ്ങളിലേക്ക് പിന്നെയും സർവീസുകളുണ്ടായിരുന്നു. ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്ന് ജനജീവിതം സാധാരണ നിലയിൽ എത്തിയെങ്കിലും പഴയ സർവീസുകൾ പുനരാരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിനിടയിൽ, കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയത് ജീവനക്കാർക്ക് അനുഗ്രഹമായി. രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന സർവീസുകൾ വൈകിട്ട് അഞ്ചിന് അവസാനിക്കും. ഇൗ രീതിയിൽ രാത്രി ഒൻപതുവരെ മാത്രമേ ഒാർഡിനറി, ലിമിറ്റഡ് സർവീസുകൾ നടത്തുന്നുള്ളൂ. നേരത്തേ 24 മണിക്കൂർ ഡബിൾ ഡ്യൂട്ടി ചെയ്തിരുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പുതിയ ഡ്യൂട്ടി പരിഷ്കരണത്തോടെ രാത്രി ഒൻപത് മണിയ്ക്ക് മുൻപ് ഒാർഡിനറി, ലിമിറ്റഡ് സർവീസുകൾ അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാം. ലാഭകരമായിരുന്ന പല രാത്രി സർവീസുകളും പുനരാരംഭിക്കാത്തത് എന്തെന്ന ചോദ്യം ഗതാഗതമന്ത്രിയും മാനേജിംഗ് ഡയറക്ടറും ഇഷ്ടപ്പെടുന്നില്ല. യാത്രക്കാർ കൂടട്ടെ, അപ്പോൾ നോക്കാമെന്നാണ് മറുപടി. അടുത്തിടെയായി യാത്രക്കാർ പഴയ നിലയിൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കാൻ തുടങ്ങിയതുകൊണ്ടാണ് ബസുകളില്ല എന്ന പരാതിയുമേറുന്നത്. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സമയത്തെ പ്രാഥമിക കണക്കിൽ യാത്രക്കാർ കുറവെന്ന റിപ്പോർട്ടാണ് ഇപ്പോഴും മന്ത്രിക്ക് മുന്നിലുളളത്.

പൊളിയുന്ന പദ്ധതികൾ

നാട്ടുകാരുടെ ആവശ്യമറിഞ്ഞ് ബസ് സർവീസുകൾ നടത്തിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിയുടെ സ്വഭാവം പാടെ മാറിയെന്ന് വ്യക്തം. സ്കൂളുകൾ തുറന്നപ്പോൾ ബോണ്ട് സർവീസ് എന്ന ആശയവുമായി അധികൃതർ രംഗത്തു വന്നു. സ്കൂൾ ബസായി ഒാടിക്കുകയായിരുന്നു ലക്ഷ്യം. കൊവിഡ് മാനദണ്ഡം പാലിക്കുന്നതിന് ഒരു സീറ്റിൽ ഒരു കുട്ടി എന്ന നിർദേശം സ്കൂൾ ബസുകളെ നഷ്ടത്തിലെത്തിക്കുമെന്നു കണ്ടാണ് ബോണ്ട് സർവീസുമായി കെ.എസ്.ആർ.ടി.സിയുടെ രംഗപ്രവേശം. പുതുമ തോന്നിയതോടെ കെ.എസ്.ആർ.ടി.സിയെ സമീപിച്ച സ്കൂൾ അധികാരികൾ, ബസുകൾക്കുള്ള വാടക കേട്ട് ഞെട്ടി. ഇതിലും ഭേദം സ്കൂൾ ബസുകൾ തന്നെയെന്ന് കണക്കുകൾ അവർക്ക് കാണിച്ചുകൊടുത്തു. ബോണ്ട് സർവീസുകൾ ഏറെക്കുറെ പാളിയ സ്ഥിതിയാണ്. വരുമാനം കൂട്ടൽ ലക്ഷ്യമാക്കി മറ്റ് മാർഗങ്ങൾ തേടുന്നതിനിടെയാണ് 'മാലിന്യവണ്ടി' എന്ന ആശയം ആരുടെയോ തലയിലുദിച്ചത്. കെ.എസ്.ആർ.ടി.സി ബസുകളിൽ മാലിന്യം കൊണ്ടുപോകുന്ന പദ്ധതിയെ ജീവനക്കാർ ഒന്നിച്ച് എതിർത്തു. ഗ്രാമവണ്ടി, ടൂറിസം വണ്ടി എന്നിങ്ങനെ പുതിയ പദ്ധതികൾ ആലോചിക്കുകയാണ് ഇപ്പോൾ. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പലയിടത്തു നിന്നും സർവീസുകൾ ആരംഭിച്ചു. ലാഭകരമാണോ എന്ന് കണക്കുകൾ പരിശോധിക്കാൻ സമയമാകുന്നതേയുള്ളൂ.

ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന ഗ്രാമീണ മേഖലകളിലേക്ക് അയയ്‌ക്കുന്ന ഗ്രാമവണ്ടി വരാൻ പോകുന്നു. കൊവിഡിന് മുൻപ് നിറുത്തലാക്കിയ ഗ്രാമീണ സർവീസുകൾ പുനരാരംഭിച്ച് യാത്രാക്ളേശം പരിഹരിച്ചാൽ തന്നെ ഗ്രാമവണ്ടി വിജയമാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OPINION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.