ഇന്ത്യ- ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്
രാഹുൽ ദ്രാവിഡ് പരിശീലകനായും
രോഹിത് മുഴുവൻ സമയ ക്യാപ്ടനായും ആദ്യ മത്സരം
ജയ്പൂർ: സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കന്നിയങ്കത്തിന് ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ജയ്പൂരിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 7 മുതലാണ് മത്സരം.
ട്വന്റി-20 ലോകകപ്പിൽ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയിട്ടും സെമി ഫൈനലിൽ പോലും എത്താതെ പുറത്തായതിന്റെ ആഘാതം മറന്ന് തിരിച്ചുവരാനാണ് പുതിയ പരീശലക സംഘത്തിന്റേയും ക്യാപ്ടന്റേയും കീഴിൽ ടീം ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. മറുവശത്ത് ന്യൂസിലൻഡ് ലോകകപ്പിലെ റണ്ണറപ്പുകൾ എന്ന ആത്മ വിശ്വാസത്തിലാണ് പാഡ്കെട്ടുന്നത്. മുൻ നായകൻ വിരാട് കൊഹ്‌ലി, ബുംറ, ജഡേജ, ഷമി തുടങ്ങിയ പ്രമുഖർക്കെല്ലാം വിശ്രമം നൽകിയ ടീം ഇന്ത്യ യുവതാരങ്ങളിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ബാക്കി മത്സരങ്ങൾ 19,21 തിയതികളിലാണ്.
സ്ഥാനമുറപ്പിക്കാൻ,
ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിലെത്തിയ റുതുരാജ് ഗെയ്ക്‌വാദ്, വെങ്കിടേഷ് അയ്യർ, ഇഷാൻ കിഷൻ,സൂര്യകുമാർ യാദവ് അക്സർ പട്ടേൽ, അവേശ് ഖാൻ, ഹർഷൽ പട്ടേൽ, പരിക്കിൽ നിന്ന് മുക്തനായ ശ്രേയസ് അയ്യർതുടങ്ങിയവരെല്ലാം അവസാന ഇലവനിലേക്ക് അവസരത്തിവനായി ക്യൂവിലാണ്. യുവതാരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും ഏറെ വിദഗ്ദ്ധനായ ദ്രാവിഡിന്റെ സാന്നിധ്യം ഇവർക്കെല്ലാവർക്കും അനുഗ്രഹമാണ്. ഐ.പി.എല്ലിൽ നായകനെന്ന നിലയിൽ ഏറ്രവും നേട്ടമുണ്ടാക്കിയ രോഹിതിന് രാജ്യത്തേയും വിജയകീരിടങ്ങളിലേക്ക് നയിക്കാനാകുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
സാധ്യതാ ടീം :രോഹിത്, രാഹുൽ, ഇഷാൻ, ശ്രേയസ്/വെങ്കിടേഷ് /റുതുരാജ്, സൂര്യ, പന്ത്,അക്സർ,അശ്വിൻ, ഭുവനേശ്വർ,സിറാജ് ചഹൽ.
വില്യംസൺ ഇല്ല
ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കേൻ വില്യംസൺ പിൻമാറിയതിനാൽ ടീം സൗത്തിയുുടെ നേതൃത്വത്തിലാകും ന്യൂസിലൻഡ് കളത്തിലിറങ്ങുക. ട്രെൻഡ് ബൗൾട്ട്, പരിക്കേറ്റ കോൺവേ എന്നിവരും ടീമിലില്ല. പേസർ കെയ്ൽ ജാമിസൺ ഇന്ന് കളിച്ചേക്കും.
സാധ്യതാ ടീം: ഗപ്ടിൽ, മിച്ചൽ,ഫിലിപ്പ്സ്, ചാപ്മാൻ,സെയ്ഫർട്ട്,നീഷം സാന്റ്‌നർ, ജാമിസൺ, സൗത്തി, ഫെർഗൂസൻ/മിൽനെ, സോധി
പിച്ച് റിപ്പോർട്ട്
ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലേത്. സ്പിന്നർമാരേയും തുണയ്ക്കും. രാത്രി മഞ്ഞ് വീഴ്ചയും നിർണായക ഘടകമാണ്.
ലൈവ് -സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും