അയ്യപ്പഭക്തൻ അദ്വൈതത്തിലൂടെ മോക്ഷത്തിലെത്തുന്നു. മനുഷ്യനും ദൈവവും ഒന്നായി മാറുന്ന പാരമ്യത. കർമ്മനിരതനായ അയ്യപ്പസ്വാമിയെ പൂജാകർമ്മങ്ങൾക്കുശേഷം പാടിയുറക്കുന്നതിനുള്ള ഗാനമാണ് ഹരിവരാസനം. ഉണർത്തുപാട്ടും ഉറക്കുപാട്ടും. പകലിന്റെയും രാത്രിയുടെയും പ്രതീകം.
ഭക്തഹൃദയത്തിന്റെ അഗാധതയിൽ നിന്നുയരുന്ന ഹരിവരാസനം കേട്ട് അയ്യപ്പൻ നിദ്രയിലാഴുന്നു. ഗാനഗന്ധർവനായ യേശുദാസ് ആലപിച്ച ഹരിവരാസനമാണ് ശബരിമലയിൽ നാം കേൾക്കുന്നത്.
പതിനെട്ടിന്റെ വ്യാഖ്യാനം
ശബരിമലയും പതിനെട്ട് എന്ന സംഖ്യയും തമ്മിൽ വലിയ ബന്ധമുണ്ട്. അതിനെ പലമട്ടിൽ വ്യാഖ്യാനിക്കാറുണ്ട്.
അഞ്ച് കർമ്മേന്ദ്രിയങ്ങൾ, അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, പഞ്ചഭൂതങ്ങൾ, ത്രിഗുണങ്ങൾ എന്നിവയാണ് പതിനെട്ടിൽ അടങ്ങിയിരിക്കുന്നതെന്ന് സങ്കല്പം. അഷ്ടരാഗങ്ങൾ എട്ട്, ജ്ഞാനേന്ദ്രിയങ്ങൾ അഞ്ച്, ത്രിഗുണങ്ങൾ മൂന്ന്, വിദ്യ, അവിദ്യ എന്നിവയാണ് പതിനെട്ടിന്റെ പൊരുളെന്നും വ്യാഖ്യാനിക്കപ്പെടുന്നു.
അയ്യപ്പന്റെ നാലാശ്രമങ്ങൾ
അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവയുടെ പ്രതീകമാണ് പ്രസിദ്ധമായ കുളത്തൂപ്പുഴ, അച്ചൻകോവിൽ, ആര്യങ്കാവ്, ശബരിമല എന്നീ ക്ഷേത്രങ്ങൾ.
18 മലകൾ, പടികൾ
18 മലകളെയും അതിന്റെ അധിവാസ ദേവതകളെയും വണങ്ങിയാണ് ശബരിമലയിലെത്തുന്നത്. പതിനെട്ടു പടികൾ പതിനെട്ടു മലകളുടെയും പതിനെട്ടു പുരാണങ്ങളുടെയും പ്രതീകമായി വിശ്വസിക്കപ്പെടുന്നു. പൊന്നമ്പലമേട്, സുന്ദരമല, മാതംഗിമല, ദേവർമല, നീലിമല, പുതുശേരി മല (പുതുശേരിക്കോട്ട), ഗരുഡൻ മല, ചിറ്റമ്പലമല, മൈലാടും പേട്ട, നിലയ്ക്കൽ മല, കാളകെട്ടി, കരിമല, നാഗമല, ഖൽഗിമല, ശ്രീപാദമല, തലപ്പാറമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് ആ മലകൾ.
നെയ്ത്തേങ്ങ
ആത്മാവ് കുടികൊള്ളുന്ന ശരീരത്തിന്റെ പ്രതീകമാണ് നാളികേരം. അതിൽ ജീവാത്മാവിന്റെ പ്രതീകമായ നെയ് നിറച്ച് പരമാത്മാവിൽ അർപ്പിക്കുന്നതാണ് നെയ്യഭിഷേകം. ആ തേങ്ങ ആഴിയിലേക്ക് അർപ്പിക്കുമ്പോൾ മോക്ഷപ്രതീകമായ തേജസായി മാറുന്നു. ജഡശരീരമായ നാളികേരം അഗ്നിയിൽ ലയിക്കുന്നു.
ഇരുമുടിക്കെട്ട്
ഭഗവാന്റെ തൃപ്പാദങ്ങളിലർപ്പിക്കുന്ന പുണ്യപാപങ്ങളുടെ പ്രതീകമാണ് ഇരുമുടിക്കെട്ട്. കറുത്തതോ നീലയോ നിറത്തിലുള്ള സഞ്ചിയിൽ മുൻമുടിയിൽ, നെയ്ത്തേങ്ങയും ഭസ്മം, പൂജാദ്രവ്യങ്ങൾ, കർപ്പൂരം, പനിനീര് കാണിക്കയായുള്ള നാണയം എന്നിവയും പിൻമുടിയിൽ ഭക്തനുള്ള സാധനങ്ങളുമാണ് സൂക്ഷിക്കുന്നത്.
അദ്വൈത പൊരുൾ
പതിനെട്ടുപടി ചവിട്ടി അയ്യപ്പദർശനം നടത്തിയാൽ ഞാനും നീയുമെന്ന ഭേദമില്ല. മനുഷ്യനും ദൈവവുമെന്ന വ്യത്യാസവുമില്ല. മനുഷ്യൻ നിർമ്മിച്ച എല്ലാ ഭേദചിന്തകളും അത് സൃഷ്ടിക്കുന്ന അന്ധകാരവും കടന്ന് അദ്വൈതപ്പൊരുളിന്റെ തങ്കസൂര്യോദയം ദർശിക്കാനാകും.
അയ്യപ്പന്റെ നാമങ്ങൾ
അയ്യപ്പന്റെ പര്യായങ്ങളായി എണ്ണമറ്റ നാമങ്ങളുണ്ടെങ്കിലും അയ്യപ്പന് നാമകരണം നടത്തിയശേഷം പിന്നീട് പ്രസിദ്ധമായ നാലു നാമങ്ങളുണ്ടായെന്ന് വിശ്വാസം.
ശ്രീഭൂതനാഥൻ : എല്ലാ ഭൂതങ്ങളുടെയും ജീവജാലങ്ങളുടെയും നാഥൻ.
ധർമ്മശാസ്താവ്: ധർമ്മശാസനം നടത്തുന്ന ദേവൻ.
പരായഗുപ്തൻ: നിഗൂഢതകളും വേദരഹസ്യങ്ങളും പൊരുളുകളും അറിയുന്നവൻ. ഇതു ബ്രഹ്മാവ് നൽകിയ നാമമെന്ന് വിശ്വാസം.
ശ്രീആര്യ താതൻ : പ്രപഞ്ചത്തിന്റെയാകെ പിതാവായ ദേവൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |