ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും തുറന്നു. ഇന്നലെ രാവിലെ എട്ടിന് ജലനിരപ്പ് 141.4 അടി എത്തിയതോടെ ആദ്യം മൂന്നാം നമ്പർ ഷട്ടർ 30 സെ.മീ. ഉയർത്തി സെക്കൻഡിൽ 397 ഘനയടി ജലം തുറന്നുവിട്ടു. ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ രാത്രി ഏഴ് മുതൽ ഓരോ മണിക്കൂർ ഇടവിട്ട് രണ്ടെണ്ണം വീതം ആറ് ഷട്ടർ കൂടി 30 സെന്റിമീറ്റർ ഉയർത്തി. ഏഴ് ഷട്ടറുകളിലൂടെ 2833.87 ഘനയടി ജലമാണ് സെക്കൻഡിൽ പെരിയാറിലേക്ക് ഒഴുക്കുന്നത്. 13 ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. തിങ്കളാഴ്ച രാവിലെ ജലനിരപ്പ് 141 അടിയെത്തിയപ്പോൾ ഷട്ടറുകളെല്ലാം അടച്ചിരുന്നു. ടണൽ വഴി തമിഴ്‌നാട് വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചിരുന്നു. വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയെ തുടർന്ന് സെക്കൻഡിൽ 3652 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അവസാനം വിവരം ലഭിക്കുമ്പോൾ 141.60 അടിയാണ് ജലനിരപ്പ്. അനുവദനീയമായ പരമാവധി സംഭരണശേഷി 142 അടിയാണ്. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2400.12 അടിയായി. പരമാവധി സംഭരണശേഷി 2403 അടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |