SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.52 PM IST

യുവേഫ ചാമ്പ്യൻസ് ലീഗ് : പാരീസിനെ പറപ്പിച്ച് സിറ്റി

ucl

മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ രാത്രി നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് പാരീസ് എസ്. ജിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ഇംഗ്ലിഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി.തോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പാരീസ് പ്രീ ക്വാർട്ടറിലേക്ക് എത്തിയപ്പോൾ മോൾഡോവീയൻ ക്ളബ് ഷെറിഫിനെ 3-0ത്തിന് തോൽപ്പിച്ച റയൽ മാഡ്രിഡും എഫ്.സി പോർട്ടോയെ 2-0ത്തിന് തോൽപ്പിച്ച ലിവർപൂളും ഷാക്തർ ഡൊണെസ്കിനെ ഇതേ മാർജിനിൽ കീഴടക്കിയ ഇന്റർ മിലാനും പ്രീ ക്വാർട്ടറിന് ടിക്കറ്റെടുത്തു. എ.സി മിലാനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റുപോയ അത്‌ലറ്റിക്കോ മാഡ്രിഡിന് അടുത്ത റൗണ്ട് തുലാസിലായി.

തിരിച്ചടിച്ച് നേടിയ സിറ്റി

50–ാം മിനിട്ടിൽ കിലിയൻ എംബാപ്പെയുടെ ഗോളിന് ലീഡെടുത്ത പി.എസ്.ജിയെ പിന്നിൽനിന്നും തിരിച്ചടിച്ചാണ് സിറ്റി വീഴ്ത്തിയത്. 63-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗും 76-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസുമാണ് സിറ്റിക്കായി ഗോൾ നേടിയത്.

വിജയത്തോടെ ഗ്രൂപ്പ് എയിൽ അഞ്ച് കളികളിൽനിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് മാഞ്ചസ്റ്റർ സിറ്റി പ്രീക്വാർട്ടർ ഉറപ്പിച്ചിരിക്കുന്നത്. അഞ്ച് കളികളിൽനിന്ന് എട്ടു പോയിന്റുള്ള പി.എസ്.ജി രണ്ടാമന്മാരായി പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ ഫലം അപ്രസക്തമായ മത്സരത്തിൽ ആർ.ബി ലെയ്പ്സിഗ് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ക്ലബ് ബ്രൂഗെയെ വീഴ്ത്തി.

റയലിന്റെ കാൽനൂറ്റാണ്ട്

ആദ്യ പാദ പോരാട്ടത്തിൽ തങ്ങളെ അട്ടിമറിച്ച ഷെറീഫ് ടിറാസ്പോളിനോട് ഇന്നലെ പകരം വീട്ടിയ റയൽ മാഡ്രിഡ് തുടർച്ചയായ 25–ാം വർഷമാണ് ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ എത്തിയിരിക്കുന്നത്. 30-ാം മിനിട്ടിൽ ഡേവിഡ് അലാബ ,45--ാം മിനിട്ടിൽ ടോണി ക്രൂസ് , 55-ാം മിനിട്ടിൽകരിം ബെൻസേമ എന്നിവർ നേടിയ ഗോളുകൾക്കാണ് റയലിന്റെ വിജയം.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എഡിൻ സെക്കോയുടെ ഇരട്ടഗോളുകളാണ് ഷാക്തറിനെതിരെ ഇന്റർ മിലാന് വിജയം സമ്മാനിച്ചത്. 61, 67 മിനിട്ടുകളിലായിരുന്നു സെക്കോയുടെ ഗോളുകൾ.

ഇതോടെ, അഞ്ച് കളികളിൽനിന്ന് റയലിന് 12 പോയിന്റും ഇന്റർ മിലാന് 10 പോയിന്റുമായി. ഓരോ കളി ശേഷിക്കെ 6 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമതുള്ള ഷെറീഫ് ടിറാസ്പോളിന് അവസാന മത്സരം ജയിച്ചാലും ഇവരെ മറികടക്കാനാകില്ല.

അടികിട്ടിയ അത്‌ലറ്റിക്കോ

ഗ്രൂപ്പ് ബിയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ലിവർപൂൾ ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടർ ഉറപ്പാക്കി. തിയാഗോ അൽകാൻട്ര , മുഹമ്മദ് സലാ എന്നിവർ നേടിയ ഗോളുകൾക്ക് പറങ്കിക്ളബ് എഫ്‍.സി പോർട്ടോയെയാണ് ലിവർപൂൾ വീഴ്ത്തിയത്. ഇതോടെ ലിവർപൂളിന് അഞ്ച് കളികളിൽനിന്ന് 15 പോയിന്റായി.

അതേസമയം, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എ.സി മിലാൻ അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തിയതോടെ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം കടുപ്പമേറിയതായി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 87–ാം മിനിട്ടിൽ ജൂനിയർ മെസ്സിയാസാണ് മിലാന്റെ വിജയഗോൾ നേടിയത്.

ഇതോടെ, ഗ്രൂപ്പിൽ എ.സി മിലാനും അത്‍ലറ്റിക്കോ മാഡ്രിഡിനും നാലു പോയിന്റു വീതമായി. നിലവിൽ രണ്ടാം സ്ഥാനത്തുള്ള എഫ്‍.സി പോർട്ടോയ്ക്ക് അഞ്ച് പോയിന്റുമുണ്ട്. അവസാന മത്സരത്തിൽ ലിവർപൂളാണ് എ.സി മിലാന്റെ എതിരാളി. പോർട്ടോ അത്‍ലറ്റിക്കോയെയും നേരിടും.

ആവേശത്തോടെ അയാക്സ്

ഗ്രൂപ്പ് സിയിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ഡച്ച് ക്ളബ് അയാക്സ് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെസിക്താസിനെതിരെയാണ് അയാക്സിന്റെ അഞ്ചാം ജയം. 22–ാം മിനിട്ടിൽ ഗെസൽ പെനാൽറ്റിയിൽനിന്ന് നേടിയ ഗോളിന് മുന്നിലെത്തിയ ബെസിക്താസിനെ, 54, 69 മിനിട്ടുകളിലായി ഹാളർ നേടിയ ഗോളുകൾക്കാണ് അയാക്സ് വീഴ്ത്തിയത്.

മറ്റൊരു മത്സരത്തിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി സ്പോർട്ടിങ് ലിസ്ബണും പ്രീക്വാർട്ടറിൽ കടന്നു. പെരേര ഗോൺസാലസിന്റെ ഇരട്ടഗോളുകളാണ് സ്പോർട്ടിംഗിന് വിജയം സമ്മാനിച്ചത്.

മത്സരഫലങ്ങൾ

ഇന്റർ മിലാൻ 2-ഷാക്തർ 0

അയാക്സ് 2- ബെസിക്സ്താസ് 1

മാഞ്ചസ്റ്റർ സിറ്റി 2- പി.എസ്.ജി 1

എ.സി.മിലാൻ 1- അത്‌ലറ്റിക്കോ 0

ലിവർപൂൾ 2- പോർട്ടോ 0

റയൽ മാഡ്രിഡ് 3- ഷെരിഫ് 0

ലെയ്പ്സിഗ് 5 - ക്ളബ് ബ്രുഗെ 0

സ്പോർട്ടിംഗ് 3 - ബൊറൂഷ്യ 1

പോയിന്റ് ടേബിൾ

(ടീം,കളി,ജയം,സമനില,തോൽവി,പോയിന്റ് ക്രമത്തിൽ )

ഗ്രൂപ്പ് എ

മാഞ്ചസ്റ്റർ സിറ്റി 5-4-0-1-12

പാരീസ് എസ്.ജി 5-2-2- 1-8

ലെയ്പ്സിഗ് 5-1-1-3-4

ക്ളബ് ബ്രുഗെ 4-1-1-2-4

ഗ്രൂപ്പ് ബി

ലിവർപൂൾ 5-5-0-0-15

പോർട്ടോ 5-1-2-2-5

എ.സി മിലാൻ 5-1-1-3-4

അത്‌ലറ്റിക്കോ 5-1-1-3-4

ഗ്രൂപ്പ് സി

അയാക്സ് 5-5-0-0-15

സ്പോർട്ടിംഗ് 5-3-0-2-9

ബൊറൂഷ്യ 5-2-0-3-6

ബെസിക്താസ് 5-0-0-5-0

ഗ്രൂപ്പ് ഡി

റയൽ മാഡ്രിഡ് 5-4-0-1-12

ഇന്റർ മിലാൻ 5-3-1-1-10

ഷെരിഫ് 5-2-0-3-6

ഷാക്തർ 5-0-1-4-1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360