തെന്നിന്ത്യൻ താരസുന്ദരി സാമന്ത ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ബാഫ്റ്റ അവാർഡ്നേടിയ സംവിധായകൻ ഫിലിപ്പ്ജോൺ ഒരുക്കുന്ന അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ചിത്രത്തിലൂടെയാണ് സാമന്തയുടെഹോളിവുഡ് പ്രവേശം.ഇന്ത്യൻ എഴുത്തുകാരൻ ടൈമേരി എൻ. മുരാരിയുടെ 2004 ൽ പുറത്തിറങ്ങിയ ദി താലിബാൻ ക്രിക്കറ്റ് ക്ലബ് എന്ന കഥയെ ആസ്പദമാക്കിയാണ് അറേഞ്ച്മെന്റ്സ് ഓഫ് ലൗ ഒരുങ്ങുന്നത്. സ്വന്തമായി ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന ഒരു തമിഴ് ബൈസെക്ഷ്വൽ സ്ത്രീയുടെ വേഷത്തിലാണ് സാമന്ത ചിത്രത്തിൽ എത്തുക.
വിഖ്യാത സംവിധായകനായ ഫിലിപ്പ്ജോണിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സാമന്ത. സാമന്ത തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ''ഡൗണ്ടൺ ആബിയുടെ വലിയ ആരാധകയായ എന്നെപോലെ ഉള്ള ഒരു ഫാൻഗേളിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. അദ്ദേഹത്തിന്റെ പ്രോജക്ടുകളെല്ലാം പിന്തുടരുന്ന ഞാൻ ഒപ്പം പ്രവർത്തിക്കാൻ പോവുന്നതിന്റെ ആവേശത്തിലാണ്. 2019 ൽ പുറത്തിറങ്ങിയ ഓബേബിയിൽ നിർമാതാവ് സുനിത ടാട്ടിയ്ക്കൊപ്പം പ്രവർത്തിച്ചു. ഇപ്പോഴിതാ അറേഞ്ച്മെന്റ്സ് ഓഫ് ലൗവിലും സുനിതയ്ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. ഷൂട്ടിംഗ് തുടങ്ങാൻ കാത്തിരിക്കുകയാണ്. ആദ്യ ചിത്രത്തിന്റെ ഓഡിഷൻ പങ്കെടുത്ത അതേ ടെൻഷനായിരുന്നു അറേഞ്ച്മെന്റ്സ് ഓഫ് ലൗവിന്റെ ഓഡിഷനിൽ പങ്കെടുക്കുമ്പോഴും . -''സാമന്ത കുറിച്ചു.
സമാന്തയുടെ വ്യക്തി ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും കരിയറിലെ ഏറ്റവും ഭാഗ്യവർഷമാണ് ഇത്. പ്രമുഖ ഒ ടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്ത ഫാമിലി മാൻ വെബ്സീരിസിൽ രാജി എന്ന കഥാപാത്രമായി എത്തിയ സാമന്തയുടെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതൽ ആണ് സമാന്തയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. നയൻതാരയും വിജയ്സേതുപതിയുമാണ് മറ്റു പ്രധാന താരങ്ങൾ. ഗുണശേഖർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ശകുന്തളവും റിലീസിന് ഒരുങ്ങുന്നു. സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ ദേവ്മോഹനാണ് ശാകുന്തളത്തിൽ സാമന്തയുടെ നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |