SignIn
Kerala Kaumudi Online
Thursday, 19 September 2024 8.23 AM IST

അറിവില്ലായ്‌മയല്ല യഥാർത്ഥ പ്രശ്നം

Increase Font Size Decrease Font Size Print Page

road

മഴയിൽ തകരാത്ത റോഡുകൾ നിർമ്മിക്കാൻ അറിയില്ലെങ്കിൽ എൻജിനിയർമാർ രാജിവച്ചൊഴിയുകയാണ് വേണ്ടതെന്ന ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ നിരത്തുകളുടെ ദു:സ്ഥിതിയിൽ കാതലായ മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായ പരാമർശം എറണാകുളത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥയുമായി ബന്ധപ്പെട്ടായിരുന്നു. സംസ്ഥാനത്തെമ്പാടും ഇതുതന്നെയാണു സ്ഥിതി. കാൽനട പോലും അസാദ്ധ്യമാക്കും വിധം തകർന്നും ഗർത്തങ്ങൾ രൂപപ്പെട്ടും കിടക്കുന്ന നൂറുകണക്കിനു റോഡുകൾ എല്ലായിടവുമുണ്ട്. റോഡുകളുടെ ദു:സ്ഥിതിയുമായി ബന്ധപ്പെട്ട് 2008-ൽ ഫയൽ ചെയ്ത ഹർജിയുടെ പരിഗണനയ്ക്കിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽ നിന്ന് വിമർശനമുയർന്നത്.

ദേശീയപാതകളുടെ സ്ഥിതി പോലും ഇപ്പോൾ മെച്ചമാണെന്നു പറയാനാവില്ല. പൊട്ടിപ്പൊളിഞ്ഞും ഗർത്തങ്ങൾ രൂപപ്പെട്ടും വാഹനയാത്രക്കാരെ പരിക്ഷീണരാക്കും വിധത്തിലാണ് ദേശീയപാതകളുടെ കിടപ്പ്. ആറുമാസത്തോളം നീണ്ടുനില്‌ക്കുന്ന മഴയാണ് കാരണങ്ങളിലൊന്നായി എടുത്തുകാട്ടാറുള്ളത്. എന്നാൽ മഴയെയും അതിജീവിക്കുന്ന നല്ല നിലവാരമുള്ള റോഡുകൾ നിർമ്മിക്കാൻ ഇക്കാലത്ത് സാദ്ധ്യമാണ്. റോഡിനു വേണ്ടി പൊതുഖജനാവിൽ നിന്ന് ഒഴുക്കുന്ന പണത്തിന്റെ പകുതിപോലും റോഡിലെത്തുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. ഈ ദു:സ്ഥിതിക്ക് കരാറുകാരെ കുറ്റം പറയാനാവില്ല. ഉദ്യോഗസ്ഥർ മുതൽ പ്രാദേശിക നേതാക്കൾക്കുവരെ വിഹിതം വീതംവച്ചു കഴിഞ്ഞു ബാക്കിവേണം റോഡിലിറക്കാൻ.

കരാർ തുക ഉയർന്നാലും റോഡുകൾ നല്ല നിലവാരത്തിൽത്തന്നെ നിർമ്മിക്കാൻ കഴിഞ്ഞാൽ വാർഷിക അറ്റകുറ്റപ്പണി പോലും അധികം വേണ്ടിവരില്ല. നൂതന സാങ്കേതികവിദ്യകൾ കൈപ്പിടിയിൽ ലഭ്യമാണെന്നിരിക്കെ പഴഞ്ചൻ രീതിയിൽ റോഡുപണി പിന്തുടരേണ്ട ആവശ്യമില്ല.

വാഹനപ്പെരുപ്പത്തിന് അനുസരിച്ച് റോഡുകളുടെ ബലവും ഉറപ്പും കൂട്ടുകതന്നെ വേണം. ഒരുകോടിയിൽപ്പരമാണ് സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം. എട്ടും പത്തും ടൺ ഭാരവുമായി ഓടിക്കൊണ്ടിരുന്ന ലോറികളുടെ സ്ഥാനത്ത് മുപ്പതും നാല്പതും ടൺ ഭാരം വഹിക്കുന്ന കൂറ്റൻ ട്രക്കുകൾ തലങ്ങും വിലങ്ങും ഓടുന്നു. മനുഷ്യർക്കെന്നതു പോലെ പൊതുനിരത്തുകൾക്കും വേണം ആരോഗ്യപൂർണമായ പരിശോധനകളും ചികിത്സയുമൊക്കെ. നിരത്തിൽ എവിടെയെങ്കിലും ഒരു കുഴി രൂപപ്പെട്ടാൽ ഉടൻ അടയ്‌ക്കാനായാൽ കുഴി ഗർത്തമായി മാറില്ല.

മരാമത്തുവകുപ്പിൽ എൻജിനിയർമാരുടെയും ഉദ്യോഗസ്ഥരുടെയും വലിയൊരു പട തന്നെയുണ്ട്. ഇവരൊക്കെ എന്താണു ചെയ്യുന്നതെന്ന് അത്ഭുതം തോന്നുംവിധമാണ് പൊതുനിരത്തുകളുടെ പരിതാപകരമായ അവസ്ഥ. റോഡ് നവീകരണത്തിന് സർക്കാർ വകുപ്പുകളുടെ ഏകോപനം സാദ്ധ്യമാക്കാൻ പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് മരാമത്തുമന്ത്രി മുഹമ്മദ് റിയാസ് രണ്ടുദിവസം മുൻപ് വെളിപ്പെടുത്തിയിരുന്നു. മരാമത്തുവകുപ്പിനു കീഴിൽ നടക്കുന്ന പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കാൻ വേണ്ടിയുള്ള സമിതിയാണു രൂപീകരിക്കുന്നത്. പൊതുജനങ്ങൾക്കുകൂടി പ്രാതിനിദ്ധ്യം നൽകുന്ന രീതിയിലാകും സമിതികൾ. മരാമത്തു പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ സമിതിയുടെ ഇടപെടലുണ്ടാകും. തകർന്നുകിടക്കുന്ന റോഡുകളുടെ പുനർനിർമ്മാണമാകട്ടെ സമിതിയുടെ പ്രഥമ ലക്ഷ്യം. നാട്ടുകാരെയും കോടതിയെയും കൊണ്ട് കൂടുതൽ പറയിപ്പിക്കാൻ ഇനി ഇടവരുത്തരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.