തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും, ഇതുപ്രകാരമുള്ള നടപടികൾ സംസ്ഥാനത്ത് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വറന്റൈൻ തുടരണമെന്നും മന്ത്രി നിർദേശിച്ചു. 'എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ആർ ടി പി സി ആർ പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് എത്തിയ ശേഷം വീണ്ടും പരിശോധന നടത്തണം.'- മന്ത്രി അറിയിച്ചു.
എല്ലാവരും മാസ്കും, സാനിറ്റൈസറും ഉപയോഗിക്കണമെന്നും, സാമൂഹിക ആകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ വാക്സിനുകളെ അതിജീവിക്കാനുള്ള കഴിവ് പുതിയ വകഭേദത്തിനുണ്ടോ എന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണ്.
അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഏഴ് രാജ്യങ്ങൾക്ക് യു എ ഇ യാത്രാ വിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് വിലക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |