SignIn
Kerala Kaumudi Online
Wednesday, 06 July 2022 9.19 AM IST

ഒലിച്ചുപോകുന്ന സുർക്കി

kk

മദ്രാസ് ഗവർണർ കോണിമേറ പ്രഭു, ഗവ. സെക്രട്ടറി കേണൽ ഹാസ്റ്റഡ് എന്നിവർ ചേർന്ന് 1887 സെപ്തംബറിൽ ഡാം സൈറ്റിലെ കൊടുംവനത്തിൽ നിന്ന് ഒരുമരം മുറിച്ചുകൊണ്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തിന് തുടക്കം കുറിച്ചത്.

1887നും 1891നുമിടയിൽ പെരിയാർ നദിയിലെ അതിശക്തമായ പ്രളയജല പ്രവാഹത്തിൽ യന്ത്രങ്ങളും നിർമ്മാണ സാമഗ്രികളും പണിപൂർത്തിയായ അണക്കെട്ടുപോലും ഒലിച്ചു പോയിട്ടും ദൗത്യത്തിൽ നിന്ന് പിന്മാറാതെ 1892 മാർച്ച്- നവംബർ മാസങ്ങളിൽ 25 അടി താഴ്ചയിൽ അസ്ഥിവാരം ഉറപ്പിച്ച് ആ വർഷം ഡിസംബറിൽ തുടങ്ങി 1895 ഡിസംബർ അവസാനത്തോടെ 155 അടി ഉയരമുള്ള അണക്കെട്ട് പൂർത്തിയാക്കി.

ജലമുഖത്തും പിൻഭിത്തിയിലും കരിങ്കൽക്കെട്ടും മദ്ധ്യഭാഗത്ത് ചുണ്ണാമ്പും ശർക്കരയും ചേർത്തുള്ള സുർക്കി കോൺക്രീറ്റുമാണ് അണക്കെട്ട് നിർമ്മാണത്തിന് ഉപയോഗിച്ചത്.

നാല് നിർമ്മിതികളുടെ സംഗമം

പ്രധാന അണക്കെട്ട്, ബേബിഡാം, സ്പിൽവേ, എർത്ത് ബണ്ട് എന്നിങ്ങനെ നാല് നിർമ്മിതികളുടെ സംഗമമാണ് മുല്ലപ്പെരിയാർ അണക്കെട്ട്. സമുദ്രനിരപ്പിൽ നിന്ന് 3044 അടി ഉയരത്തിൽ 176 അടി പൊക്കവും 1200 അടി നീളവുമുള്ളതാണ് പ്രധാന അണക്കെട്ട്. അസ്ഥിവാരത്തിന് 144.6 അടിയും ഏറ്റവും മുകൾത്തട്ടിലെ പാരപ്പറ്റിന് 12 അടിയുമാണ് വീതി. 152 അടി ഉയരത്തിൽ വരെ വെള്ളം സംഭരിക്കാവുന്ന നിർമ്മിതി.

പരമാവധി സംഭരണശേഷി (ഡിസൈൻ ലെവൽ) 155 അടിയാണെങ്കിലും അത്തരമൊരു സാഹചര്യമുണ്ടായാൽ പാരപ്പറ്റ് ഭിത്തിയിലൂടെ വെള്ളം പുറത്തേക്ക് കവിഞ്ഞൊഴുകും. തുടർച്ചയായി അങ്ങനെ സംഭവിക്കുന്നത് ഗ്രാവിറ്റി ഡാമായ മുല്ലപ്പെരിയാറിന് ഭീഷണിയാകും. കടുത്തപ്രളയമുണ്ടായ 1924 ജൂലായ് 17ന് 153.7 അടിയും 1943 ജനുവരി 3ന് 154.8 അടിവരെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അണക്കെട്ടിൽ സംഭരിക്കുന്ന ജലം തേക്കടിയിൽ നിന്ന് 6300 അടി നീളമുള്ള ഭൂഗർഭ തുരങ്കത്തിലൂടെ അപ്പർക്യാമ്പ് ഫോർബേ ഡാമിലെത്തിച്ച് അവിടെനിന്ന് നാല് പെൻസ്റ്റോക്ക് പൈപ്പിലൂടെയും ഇറച്ചിപ്പാലം തോട്ടിലൂടെയുമാണ് തമിഴ്നാട് വെള്ളമെടുക്കുന്നത്.

അണക്കെട്ടിന്റെ ബലക്ഷയം

നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച കേണൽ ജോൺ പെന്നിക്യൂക്ക് ഈ അണക്കെട്ടിന് നിശ്ചയിച്ച ആയുസ് 60 വർഷമാണത്രെ. ശരീരഭാരം കൊണ്ട് ജലസമ്മ‌ർദ്ദത്തെ തടഞ്ഞുനിറുത്തേണ്ട (ഗ്രാവിറ്റി) അണക്കെട്ടിന് വർഷം തോറും ഭാരം കുറയുന്നുണ്ടെങ്കിൽ ബലക്ഷയത്തിനുള്ള കാരണം വേറെ തിരയേണ്ടതില്ല.

1895 മുതൽ 2021 വരെ അണക്കെട്ടിലെ പ്രധാന നിർമ്മാണ സാമഗ്രിയായ സുർക്കി കോൺക്രീറ്റിന്റെ 27 ശതമാനം നഷ്ടപ്പെട്ടിട്ടുണ്ട്.

സുർക്കി വെള്ളവുമായി സമ്പർക്കത്തിലാകുമ്പോൾ പ്രതിവർഷം 3.697 ശതമാനം വീതം രാസപ്രക്രിയയിലൂടെ നഷ്ടപ്പെടുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ.

സുർക്കി നഷ്ടപ്പെട്ടതിന്റെ സൂചനയായിരുന്നു 1907 മുതൽ അണക്കെട്ടിൽ പ്രകടമായ ചോർച്ച. ഈ പ്രവണത 1930 വരെ തുടർന്നു. 1928ൽ ചീഫ് എൻജിനീയർ എൽ.എച്ച്. ഗെർഗ് അണക്കെട്ട് പരിശോധിച്ച് മദ്രാസ് സർക്കാരിന് റിപ്പോർട്ട് നൽകി. 1930- 32 കാലത്ത് 40 ടൺ സിമന്റ് ഉപയോഗിച്ച് ഗ്രൗട്ട് ചെയ്തു. 1957-58 കാലങ്ങളിൽ വീണ്ടും ചോർച്ച കൂടി. 1961 ആഗസ്റ്റ് മുതൽ '65 ഒക്ടോബർ വരെ 10066.75 ചാക്ക് സിമന്റ് ഉപയോഗിച്ചാണ് ചോർച്ചയടച്ചത്.
കേന്ദ്രസർക്കാർ സ്ഥാപനമായ 'സെൻട്രൽ ബോർഡ് ഒഫ് ഇറിഗേഷൻ ആൻഡ് പവർ' തയ്യാറാക്കിയ ''ഹിസ്റ്ററി ഒഫ് ദി പെരിയാർ ഡാം വിത്ത് സെഞ്ച്വറി ലോംഗ് പെർഫോമൻസ്'' എന്ന റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ചോർച്ച തുടർന്നതോടെ സംഭരണശേഷി 1964 ൽ 152 അടിയായി നിജപ്പെടുത്തി. അണക്കെട്ട് കൂടുതൽ ദുർബലമായതിനെ തുടർന്ന് കേന്ദ്ര ജലകമ്മിഷന്റെ നിർദ്ദേശപ്രകാരം 1978 ലും 1979 ലുമായി ജലനിരപ്പ് 136 അടിയിലേക്ക് താഴ്ത്തി. 1979 നവംബർ 25 ന് കേന്ദ്രജല കമ്മിഷൻ (സി.ഡബ്ല്യു.സി.) ചെയർമാൻ ഡോ. കെ.സി. തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതി അണക്കെട്ട് സന്ദർശിച്ച് ബലക്ഷയം ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ജലനിരപ്പ് 136 അടിയായി കുറയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അറ്റകുറ്റപ്പണികളും നിർദ്ദേശിച്ചു. ഇതനുസരിച്ച് 1980- 95 കാലഘട്ടങ്ങളിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അണക്കെട്ടിൽ കുറേ ബലപ്പെടുത്തൽ ജോലികൾ നടത്തിയെങ്കിലും കേരളത്തിന് അത് തൃപ്തിയായില്ല. ഡീ കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചു. 1998 കാലത്ത് തുടങ്ങിയ ആ വ്യവഹാരങ്ങൾ ഇന്നും തുടരുന്നു.

വെമ്പാക്കം രാമയ്യങ്കാർ

1886 ഒക്ടോബ‌ർ 29 ന് തിരുവിതാംകൂറിനുവേണ്ടി മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവച്ചത് ദിവാൻ വെമ്പാക്കം രാമയ്യങ്കാർ ആണ്. തിരുവിതാംകൂറിൽ ദിവാൻ ആയി വരുന്നതിന് മുമ്പും ശേഷവും മദിരാശിയോട് മാത്രം കൂറുണ്ടായിരുന്ന രാമയ്യങ്കാർ തുല്യം ചാർത്തിയ പാട്ടക്കരാറിൽ തിരുവിതാംകൂറിന്റെ താത്‌പര്യം ഹനിക്കപ്പെട്ടെങ്കിൽ തെല്ലും അതിശയിക്കാനില്ല.

മദ്രാസിലെ ചെങ്കൽപ്പേട്ടയിൽ ജനിച്ചുവളർന്ന വി. രാമയ്യങ്കാർ 1880 ലാണ് ദിവാനായി ചുമതലയേറ്റത്. 1886ൽ മുല്ലപ്പെരിയാർ പാട്ടക്കരാർ യാഥാർത്ഥ്യമായ ഉടനെ ദിവാൻ പദവി ഉപേക്ഷിച്ച് മദ്രാസിലേക്ക് തിരികെപ്പോയി​.

1880ൽ അഭിഷിക്തനായ വിശാഖം തിരുനാൾ രാമവർമ്മയുടെ നിഴലായി കൂടെ നടന്ന് സമ്മർദ്ദം ചെലുത്തി മുല്ലപ്പെരിയാർ പാട്ടക്കരാർ യാഥാർത്ഥ്യമാക്കാൻ ദിവാൻ ഏറെ പരിശ്രമിച്ചു. ഇതിനിടയിലുള്ള ഏതെങ്കിലുമൊരു വിഷമഘട്ടത്തിൽ, 'ഞാൻ എന്റെ ഹൃദയരക്തംകൊണ്ടേ ഈ കരാറിൽ ഒപ്പിടൂ' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടാകാം. 34 -ാം വയസിൽ ഉദരസംബന്ധമായ 'അസുഖംബാധിച്ച് ' വിശാഖം തിരുനാൾ നാടുനീങ്ങി. ശേഷം 14 മാസത്തെ പ്രയത്നം കൊണ്ട് ശ്രീമൂലം തിരുനാളിന്റെ കാലത്ത് കരാർ യാഥാർത്ഥ്യമാക്കിയ രാമയ്യങ്കാർ വിജയശ്രീലാളിതനായാണ് ജന്മനാട്ടിലേക്ക് മടങ്ങിപ്പോയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MULLAPPERIYAR
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.