ന്യൂഡൽഹി: ഭാരതി എയർടെല്ലിനും വൊഡാഫോൺ-ഐഡിയയ്ക്കും (വീ) പിന്നാലെ റിലയൻസ് ജിയോയും കാൾ, ഡേറ്റാ നിരക്കുകൾ ഉയർത്തി. 20 ശതമാനം വർദ്ധനയാണ് ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം ജിയോ പ്രഖ്യാപിച്ചത്. മൊബൈൽ പ്ളാനുകളിൽ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യം വർദ്ധന പ്രഖ്യാപിച്ചത് എയർടെല്ലാണ്; തുടർന്ന് വീയും. ഇവയുടെ പുതുക്കിയ നിരക്കുകൾ കഴിഞ്ഞവാരം നിലവിൽ വന്നു.
ടെലികോം വിപണിയിൽ പ്ളാനുകൾക്ക് മികച്ച മൂല്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നിരക്കുകൾ പരിഷ്കരിച്ചതെന്ന് ജിയോ വ്യക്തമാക്കി. പുതുക്കിയ നിരക്കുപ്രകാരം കമ്പനിയുടെ ഏറ്റവും കുറഞ്ഞ പ്ളാനിന് (28 ദിവസത്തെ ജിയോഫോൺ പ്ലാൻ) ഇനി 91 രൂപയാണ്. നേരത്തേ 75 രൂപയായിരുന്നു. അൺലിമിറ്റഡ് വോയിസ്/ഡേറ്റാ ശ്രേണിയിൽ 129 രൂപയുടെ പായ്ക്കിന് പുതിയവില 155 രൂപയാണ്. 56 ദിവസ പ്ളാനിന്റെ വില 399 രൂപയിൽ നിന്ന് 479 രൂപയാകും. 84 ദിവസ പ്ലാനിന്റെ വില 329 രൂപയിൽ നിന്ന് 395 രൂപയുമാകും.
336 ദിവസ പ്ളാനിന് പുതിയവില 1,559 രൂപ; നേരത്തേ 1,299 രൂപയായിരുന്നു. ഒരുവർഷ പ്ളാനിന്റെ നിരക്ക് 2,399 രൂപയിൽ നിന്ന് 2,879 രൂപയുമായി. ഡേറ്റാ ആഡ്-ഓൺ പ്ളാനിന്റെ വില 51 രൂപയിൽ നിന്ന് 61 രൂപയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |