കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ക്രൈം വാരികയുടെ പത്രാധിപർ നന്ദകുമാറിനെ തൃക്കാക്കര സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിന്മേൽ ഡി ജി പിയുടെ നിർദേശമനുസരിച്ചാണ് അറസ്റ്റ്. ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയതിന് ശേഷമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തിൽ നന്ദകുമാർ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ക്രൈം വാരികയുടെ ഓൺലൈൻ പേജിലൂടെ മന്ത്രിക്കെതിരെ വളരെയേറെ മോശമായ പരാമർശങ്ങളാണ് നന്ദകുമാർ ഉന്നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും നടത്തിയ പരാമർശങ്ങളിൽ ആരോഗ്യമന്ത്രി സ്ത്രീത്വത്തിന് വരെ അപമാനമാണെന്ന രീതിയിൽ നന്ദകുമാർ പ്രസ്താവന നടത്തിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂലായിലും നന്ദകുമാറിനെതിരെ പരിയാരം മെഡിക്കൽ കോളേജിനെ മോശമാക്കി വാർത്ത നൽകിയെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ക്രൈം വാരികയുടെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |