SignIn
Kerala Kaumudi Online
Monday, 25 May 2026 12.19 AM IST

' ഈ നിലയ്ക്ക് പോയാൽ കൊലക്കേസിൽ അകത്താകും '

തിരുവല്ല: പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജിഷ്ണു ഏറെ നാളുകളായി കൊല നടത്താനുള്ള മാനസികാവസ്ഥയിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. തിരുവല്ലയിലെ ഒരു അഭിഭാഷകൻ ഇതുസംബന്ധിച്ച് ജിഷ്ണുവിന്റെ മാതാവിന് മുന്നറിയിപ്പ് നൽകിയിരുന്നു.. " ഈ നിലയ്ക്ക് പോയാൽ നിങ്ങളുടെ മകൻ വൈകാതെ തന്നെ കൊലക്കേസിൽ അകത്താകും" എന്നായിരുന്നു അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയത്. അടിപിടി കേസിൽ പ്രതിയായി ക്വട്ടേഷൻ സംഘങ്ങളുമായി ജിഷ്ണുവിന് അടുത്ത ബന്ധമുണ്ടായി. പിന്നെ ക്വട്ടേഷൻ വർക്കിന് പോയിത്തുടങ്ങി. അക്രമങ്ങളിൽ പ്രതിയായി പലതവണ ജയിലിൽ പോയി. ഇപ്പോൾ കൂട്ടുപ്രതിയായ പ്രമോദ് പ്രസന്നനെയും ജയിൽവെച്ച് പരിചയപ്പെട്ടതാണ്. സന്ദീപിന്റെ കൈയോ കeലോ അടിച്ചൊടിക്കണമെന്ന് പറഞ്ഞാണ് മറ്റുള്ളവരെ ജിഷ്ണു വിളിച്ചുകൊണ്ടുപോയത്. പക്ഷേ, കൊല്ലണമെന്ന് വ്യക്തമായ പ്ലാൻ ഇയാൾക്കുണ്ടായിരുന്നെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. സന്ദീപിനെ കുത്തിക്കൊല്ലാൻ നേതൃത്വം നൽകിയതും ജിഷ്ണുവാണെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 18 മുറിവുകളാണ് സന്ദീപിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇതിൽ മാരകമായ നാലെണ്ണമാണ് മരണ കാരണമായത്. വയലിലെ വെള്ളത്തിലിട്ട് കുത്തിയതിനാൽ ഏറെ രക്തം വാർന്നുപോയതും മരണകാരണമായി.


കൊലപാതകം കരുതിക്കൂട്ടി


കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്ത രണ്ടു കാപ്പ പ്രതികൾക്കൊപ്പം കുറ്റപ്പുഴയിലെ ലോഡ്ജിലാണ് ജിഷ്ണുവും ക്വട്ടേഷൻ സംഘാംഗങ്ങളും വ്യാഴാഴ്ച ഉണ്ടായിരുന്നത്. ഇവർ ഉച്ചമുതൽ ഇവിടെ ലഹരിയിലായിരുന്നു. അതിനുശേഷം ജിഷ്ണുവിന്റെ കരുവാറ്റയിലെ ബന്ധുവീട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ്. ഇതിനിടെയാണ് ചാത്തങ്കരിയിലെത്തി സന്ദീപിനെ മർദ്ദിക്കണമെന്ന് ജിഷ്ണു മറ്റുള്ളവരോട് പറഞ്ഞത്. തുടർന്ന് രണ്ടു ബൈക്കുകളിലായി അഞ്ചുപേരും കൂടി മാരകായുധങ്ങളും കരുതി ചാത്തങ്കരിയിലെത്തി. സന്ദീപ് സ്ഥിരമായി സാധനം വാങ്ങുന്ന ബാബുവിന്റെ മാടക്കടയിലെത്തിയ സംഘം അവരെയും ഭീഷണിപ്പെടുത്തി. മേലിൽ സന്ദീപിന് ഇവിടെനിന്ന് സാധനങ്ങൾ കൊടുക്കരുതെന്ന് പറഞ്ഞ് മിഠായി ഭരണി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പിന്നെ സമീപമുള്ള കലുങ്കിൽ സന്ദീപ് ഇരിക്കുന്നുണ്ടെന്ന് മനസിലാക്കി അവിടേക്ക് പുറപ്പെട്ടു. കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ പ്രതികൾ കമ്പിവടിയും ഇരുമ്പു പൈപ്പും കൊണ്ട് ആക്രമിച്ചു. വഴുതി മാറി സമീപത്തെ പുഞ്ചപ്പാടത്തേക്ക് സന്ദീപ് ചാടി. ഇവിടെ ആഴത്തിലുള്ള വെള്ളക്കെട്ടുണ്ടായിരുന്നു. സന്ദീപിനൊപ്പം ചാടിയ ജിഷ്ണുവാണ് തുരുതുരാ കുത്തിയത്. പിടഞ്ഞ് വീണപ്പോൾ പുറത്തും കുത്തി. ഇതിനുശേഷം റോഡിൽ കയറി നിൽക്കുമ്പോഴാണ് സന്ദീപിന്റെ സുഹൃത്തും ജിഷ്ണുവിന്റെ ബന്ധുവുമായ രeകേഷ് ബൈക്കിൽ വരുന്നത് കണ്ടത്. രാകേഷിനെ കൊലയാളി സംഘം തടഞ്ഞ് വടിവാൾ വീശി. ഒന്നും ചെയ്യരുത് അതെന്റെ ചേട്ടനാണ് എന്ന് ജിഷ്ണു പറഞ്ഞതോടെ ക്വട്ടേഷൻ സംഘം പിൻമാറി. സന്ദീപിനെ ഞങ്ങൾ കുത്തി കണ്ടത്തിലിട്ടിട്ടുണ്ട് എന്ന് രeകേഷിനെ ജിഷ്ണു അറിയിച്ചു. കണിയാംപറമ്പിൽ ജിഷ്ണുവാണ് ഇതു ചെയ്തതെന്ന് പറഞ്ഞേക്കൂ എന്ന് പറഞ്ഞ് അക്രമി സംഘം ബൈക്കിൽ കയറി സ്ഥലംവിട്ടു. രാകേഷ് ഓടിച്ചെന്ന് നോക്കുമ്പോൾ സന്ദീപ് അവിടെ കുത്തിയിരിക്കുന്നതാണ് കണ്ടത്. എനിക്ക് ശ്വാസം എടുക്കാൻ വയ്യെന്നും എവിടേക്കെങ്കിലും കൊണ്ടുപോകണമെന്നും രാകേഷിനോട് സന്ദീപ് പറഞ്ഞു. രാകേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബൈക്കിൽ കയറ്റിയാണ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നന്താനത്ത് വീടാക്രമിച്ച കേസിൽ കേസിൽ ജിഷ്ണുവും പ്രമോദും ഉപാധികളോടെ ജാമ്യത്തിൽ ഇറങ്ങിയിട്ട് അധിക കാലമായിട്ടില്ല. പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL